സമുദ്രോത്പന്ന കയറ്റുമതിയില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; ആശ്വാസമായി യു.എസ് വ്യാപാരക്കരാര്‍, കേരളത്തിന് നിര്‍ണായകം; രാജ്യത്തിന്റെ വിദേശനയത്തെ ബാധിക്കുന്ന തരത്തിലുള്ള വിട്ടുവീഴ്ചകള്‍ ഉണ്ടോ എന്ന ആശങ്കയും ശക്തം; റഷ്യന്‍ എണ്ണയില്‍ സംശയം തീരുന്നില്ല
കൊച്ചി: ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി മേഖലയില്‍ വരും വര്‍ഷം വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു. രാജ്യത്തിന്റെ മൊത്തം സമുദ്രോത്പന്ന കയറ്റുമതിയില്‍ 11 മുതല്‍ 14 ശതമാനം വരെ സംഭാവന ചെയ്യുന്ന കേരളത്തിന് ഈ വളര്‍ച്ചാ സാധ്യതകള്‍ നിര്‍ണായകമാണ്. കേരളത്തില്‍ നിന്നുള്ള കയറ്റുമതിയില്‍ 34.5 ശതമാനവും ശീതീകരിച്ച ചെമ്മീനാണ്; 21.6 ശതമാനം ശീതീകരിച്ച മറ്റു മത്സ്യങ്ങളും. പുതുതായി ഒപ്പുവെച്ച യു.എസ്-ഇന്ത്യ വ്യാപാരക്കരാര്‍ ഈ മേഖലയിലെ സാധ്യതകള്‍ക്ക് പുതിയ ഊര്‍ജ്ജം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവില്‍ ഏതാണ്ട് 270 കോടി ഡോളറിന്റേതാണ് യു.എസിലേക്കുള്ള ഇന്ത്യയുടെ വാര്‍ഷിക സമുദ്രോത്പന്ന കയറ്റുമതി. എന്നിരുന്നാലും, ആഗോള വിപണിയിലെ ചലനങ്ങള്‍ മൂലം നടപ്പുസാമ്പത്തിക വര്‍ഷം ഇതില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം കയറ്റുമതിയില്‍ 6.5 ശതമാനത്തിന്റെ കുറവുണ്ടായി. എന്നാല്‍, പുതിയ വ്യാപാര ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം കയറ്റുമതി കുതിച്ചുയരുമെന്നും 300 കോടി ഡോളര്‍ കടക്കുമെന്നുമാണ് സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.
യൂറോപ്യന്‍ യൂണിയനുമായുള്ള കരാറിന് പിന്നാലെ യു.എസുമായും ധാരണയിലെത്താനായത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ മത്സരക്ഷമത നല്‍കും. വിയറ്റ്നാം (20%), തായ്ലന്‍ഡ് (19%) എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഇറക്കുമതി ചുങ്കം (18%) ഇന്ത്യക്ക് ലഭിക്കുന്നത് അമേരിക്കന്‍ വിപണിയില്‍ മേല്‍ക്കൈ നേടാന്‍ സഹായിക്കും. 2024-25 കാലയളവില്‍ 745 കോടി ഡോളറിന്റെ (ഏകദേശം 62,408 കോടി രൂപ) റെക്കോര്‍ഡ് കയറ്റുമതി രാജ്യം കൈവരിച്ചിരുന്നു. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഈ റെക്കോര്‍ഡും തിരുത്തപ്പെടുമെന്നാണ് സൂചന.
അതേസമയം, ഈ വ്യാപാര നേട്ടങ്ങള്‍ക്കിടയിലും അമേരിക്ക മുന്നോട്ടുവെക്കുന്ന കര്‍ശന നിബന്ധനകള്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് ഉയര്‍ത്തുന്ന ഭീഷണികള്‍ ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ശക്തമാണ്. റഷ്യന്‍ ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ പിഴത്തീരുവ പുനഃസ്ഥാപിക്കുമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാട് സാമ്പത്തിക നേട്ടങ്ങള്‍ക്കൊപ്പം നയതന്ത്ര വെല്ലുവിളികളും ഉയര്‍ത്തുന്നു.
സമുദ്രോത്പന്ന മേഖലയില്‍ കമ്പോളം തുറന്നുകിട്ടുന്നത് നേട്ടമാണെങ്കിലും, രാജ്യത്തിന്റെ വിദേശനയത്തെ ബാധിക്കുന്ന തരത്തിലുള്ള വിട്ടുവീഴ്ചകള്‍ ഭാവിയില്‍ എങ്ങനെയൊക്കെ ബാധിക്കുമെന്നതില്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. വരും ദിവസങ്ങളില്‍ പാര്‍ലമെന്റിലുള്‍പ്പെടെ ഈ വിഷയങ്ങള്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
