തീപ്പട്ടിയുണ്ടോ സഖാവേ ഒരു ചെരാത് കത്തിക്കാന്‍....; മുഖ്യമന്ത്രിയേയും ചിരിപ്പിച്ച് 'മാലിന്യ മുക്തം നവകേരളം'; ഇത് കൊട്ടാരക്കരയിലെ നെട്ടോട്ടത്തിന്റെ കഥ
മുഖ്യമന്ത്രി ചെറുചിരിയോടെയാണ് തീപ്പെട്ടിക്കു വേണ്ടിയുള്ള നെട്ടോട്ടം ആസ്വദിച്ചത്
കൊട്ടാരക്കര: 'മാലിന്യ മുക്തം നവകേരളം' ജനകീയ ക്യാംപെയ്‌നിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പൊട്ടിച്ചിരിച്ചു. തീപ്പട്ടിക്ക് വേണ്ടിയുള്ള നെട്ടോട്ടമാണ് മുഖ്യമന്ത്രിയേയും ചിരിപ്പിച്ചത്. തീപ്പട്ടിയുണ്ടോ സഖാവ് ബിഡി കത്തിക്കാന്‍... എന്നത് സിപിഎമ്മിന്റെ പഴയ കോഡ് വാചകമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സിപിഎമ്മിനെ കെട്ടി ഉയര്‍ത്താന്‍ വേണ്ടി ഒളിവ് ജീവിതം നയിച്ച സഖാക്കള്‍ക്കിടയിലെ കോഡ് സംഭാഷണമായിരുന്നു അത്.
പരിപാടിയുടെ ഉദ്ഘാടകനായിരുന്നു മുഖ്യമന്ത്രി. മണ്‍ചെരാതും കൈവിളക്കും എല്ലാം തയ്യാറാക്കി. എന്നാല്‍ തീപ്പട്ടി മാത്രം കരുതിയില്ല. ഇതോടെയാണ് തീപ്പട്ടിയുണ്ടോ സഖാവേ... എന്ന ചോദ്യവുമായി സംഘാടകന്‍ ഓടിയത്. കൊട്ടാരക്കര നഗരസഭ ചെയര്‍മാനും സംഘാടക സമിതി അധ്യക്ഷനുമായ എസ്.ആര്‍.രമേശാണ് തീപ്പെട്ടിക്കായി ഓടിയത്. ആരുടേയും കൈയ്യില്‍ തീപ്പട്ടിയില്ല. ഒടുവില്‍ എവിടെ നിന്നോ കിട്ടി.
തിരിതെളിക്കാന്‍ വൈകിയെങ്കിലും മുഖ്യമന്ത്രി ചെറുചിരിയോടെയാണ് തീപ്പെട്ടിക്കു വേണ്ടിയുള്ള നെട്ടോട്ടം ആസ്വദിച്ചത്. പരിപാടിയുടെ ഉദ്ഘാടനത്തിനായി കൊട്ടാരക്കരയില്‍ ഹെലികോപ്റ്ററിലെത്തിയ മുഖ്യമന്ത്രി കാറിലാണു തിരികെ പോയത്. മഴ കാരണം ഹെലികോപ്റ്റര്‍ യാത്ര വേണ്ടെന്ന് വച്ചു. ഇന്നലെ രാവിലെ പത്തേകാലോടെ കൊട്ടാരക്കര എസ്ജി കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലാണു മുഖ്യമന്ത്രി എത്തിയത്. അവിടെനിന്നു റെസ്റ്റ് ഹൗസിലെത്തിയ ശേഷം പുലമണിലെ ഉദ്ഘാടന വേദിയിലേക്ക് എത്തുകയായിരുന്നു.
തിരികെ ഹെലികോപ്റ്ററില്‍ മടങ്ങാന്‍ 12 മണിയോടെ കാറില്‍ കോളജ് ഗ്രൗണ്ടിലെത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം വേണ്ടെന്ന് വച്ചു. തുടര്‍ന്ന് ഔദ്യോഗിക കാറില്‍ മടങ്ങി.