സ്പാര്‍ക്കിലെ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എങ്ങനെയെത്തി? സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണ്‍ നമ്പറുകളടക്കം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചോ? മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതി! സ്വകാര്യതാ ലംഘനമെന്ന് നിരീക്ഷണം; സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് കുരുക്ക്
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്ന പരാതിയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭിച്ചുവെന്ന് കോടതി ചോദിച്ചു. ഇത് വ്യക്തമായ സ്വകാര്യതാ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി, ഡാറ്റാ ചോര്‍ച്ചയിലുള്ള ആശങ്കയും രേഖപ്പെടുത്തി. സെക്രട്ടറിയേറ്റ് ജീവനക്കാരനായ അനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് പരാമര്‍ശങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും 'സ്പാര്‍ക്' ഡാറ്റ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയച്ചതിന് മുഖ്യമന്ത്രിയുടെ ഓഫിസിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി, പ്രഥമദൃഷ്ട്യാ തന്നെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ചു. ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ തുടര്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്നും നിര്‍ദേശിച്ചു. സ്പാര്‍ക് ഡാറ്റയുടെ ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ നടപടി. കേസില്‍ മുഖ്യമന്ത്രി ഒഴികെയുള്ളവര്‍ക്ക് നോട്ടിസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചു.
ശമ്പള പരിഷ്‌കരണം, ഡിഎ വര്‍ധനവ് അടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫിസ് വഴി സ്പാര്‍ക് സംവിധാനത്തിലെ നമ്പറുകളിലേക്കും ഇമെയിലുകളിലേക്കും സന്ദേശമയച്ചത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. അനുമതിയില്ലാതെ വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ചത് ഭരണഘടനയുടെ 21 ആം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും, 2023ലെ ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാര്‍ക്കിലെ വിവരങ്ങള്‍ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുന്‍ കാല ഉത്തരവുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാര്‍ക്കിലെ വിവരങ്ങള്‍ ലഭിച്ചുവെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും കോടതി പറഞ്ഞു. ഗുരുതരമായ ആരോപണമാണെന്നും വീണ്ടും സന്ദേശങ്ങള്‍ അയയ്ക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
ശമ്പളത്തിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമായി 'സ്പാര്‍ക്ക്' (SPARK) പോര്‍ട്ടലില്‍ നല്‍കിയ ഫോണ്‍ നമ്പറുകള്‍ ജീവനക്കാരുടെ അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ശേഖരിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്തു. ഡി.എ വര്‍ധന, ശമ്പള പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സന്ദേശങ്ങള്‍ അയച്ചുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ അവരുടെ സമ്മതമില്ലാതെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കോടതിയുടെ നിരീക്ഷണം
സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി സര്‍വ്വേ നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ആരോപണവും കോടതിയിലെത്തിയത്. സ്പാര്‍ക്കിലെ വിവരങ്ങള്‍ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി ഗൗരവത്തോടെയാണ് കണ്ടത്. 'വ്യക്തിപരമായ വിവരങ്ങള്‍ ഔദ്യോഗിക പ്ലാറ്റ്ഫോമുകളില്‍ നല്‍കുന്നത് കൃത്യമായ ആവശ്യങ്ങള്‍ക്കാണ്. അത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്,' എന്ന് കോടതി നിരീക്ഷിച്ചു. അനധികൃതമായി വിവരങ്ങള്‍ ഉപയോഗിച്ചതിന് നഷ്ടപരിഹാരം വേണമെന്നും ഇത്തരം നടപടികള്‍ അടിയന്തരമായി തടയണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കേസ് കോടതി വീണ്ടും പരിഗണിക്കും.
