എഐ ഉച്ചകോടിയിലെ ഷര്‍ട്ടൂരി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അറസ്റ്റില്‍; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ഇതിനോടകം അറസ്റ്റിലായത് ഏഴ് യൂത്ത് കോണ്‍ഗ്രസുകാര്‍; ഷര്‍ട്ടൂരിയില്ലെങ്കിലും കോണ്‍ഗ്രസ് നഗ്‌നമാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചതിന് പിന്നാലെ നടപടി കടുപ്പിച്ചു പോലീസ്
എഐ ഉച്ചകോടിയിലെ ഷര്‍ട്ടൂരി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അറസ്റ്റില്‍
ന്യൂഡല്‍ഹി: എഐ ഉച്ചകോടിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അറസ്റ്റിലായി. ഇന്നലെ രാത്രി മുതല്‍ ചിബിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ചിബിനെ അറസ്റ്റു ചെയ്തത്. കേസില്‍ ഇതുവരെ കേസില്‍ 7 പേരാണ് അറസ്റ്റിലായത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ പടയാളികളാണെന്നും അവര്‍ ഒരിക്കലും ഭയന്ന് പിന്മാറില്ലെന്നും ഉദയ് ഭാനു പറഞ്ഞിരുന്നു. ബിജെപി ഏതറ്റം വരെ പോയാലും ഭരണഘടനയെ സംരക്ഷിക്കാനും രാജ്യത്തെ യുവാക്കള്‍ക്കും വേണ്ടി യൂത്ത് കോണ്‍ഗ്രസ് ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'യൂത്ത് കോണ്‍ഗ്രസുകാര്‍ രാഹുല്‍ ഗാന്ധിയുടെ പടയാളികളാണ്. അവരെ ഭയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. രാഹുല്‍ ഗാന്ധിക്കെതിരെ ഒരു എഫ്‌ഐആര്‍ പോലും ഇല്ലാതിരുന്നിട്ടും ഇ ഡി കേസ് വര്‍ഷങ്ങളോളം നീണ്ടു. ചോദ്യംചെയ്യലിനായി അദ്ദേഹത്തെ നിരവധി തവണ വിളിപ്പിച്ചു. ബിജെപിയ്ക്ക് ഏതറ്റം വരെയും പോകാം. പക്ഷെ ഞങ്ങള്‍ ഭരണഘടനയ്ക്കായി പോരാടുന്ന പടയാളികളാണ്. രാഹുല്‍ ഗാന്ധിയുടെ പടയാളികള്‍. ഞങ്ങള്‍ ഒരിക്കലും പിന്മാറില്ല. രാജ്യത്തെ യുവാക്കള്‍ക്കായി ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും': ഉദയ് ഭാനു ചിബ് പറഞ്ഞു.
നേരത്തെ എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. ഷര്‍ട്ടൂരിയില്ലെങ്കിലും കോണ്‍ഗ്രസ് നഗ്‌നമാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. എഐ ഉച്ചകോടി അലങ്കോലമാക്കാനാണ് ശ്രമിച്ചതെന്നും കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മോദി വിമര്‍ശിച്ചു യുപിയിലെ മീററ്റില്‍ അതിവേഗ റെയില്‍പ്പാതയടക്കം ഉദഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് എഐ സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഷര്‍ട്ടൂരി പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചത്.
ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ പരിപാടിയായിരുന്നു എഐ സമ്മേളനം.ആ പരിപാടിയില്‍ ലോക നേതാക്കള്‍ക്ക് മുന്നില്‍ ഷര്‍ട്ടൂരി ഇന്ത്യയെ കോണ്‍ഗ്രസ് നാണം കെടുത്തി. മോദിയോടും എന്‍ഡിഎയോടും വിരോധമാകാം. എന്നാല്‍, എഐ സമ്മേളനം രാജ്യത്തിന്റെ പരിപാടിയാണ്. അതില്‍ പോലും മര്യാദ കാണിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരിക്കണമെങ്കില്‍ ആദ്യം ജനങ്ങളെ മനസിലാക്കണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ ഇന്ത്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ പിന്തുണക്കാത്തതും പ്രധാനമന്ത്രി തുറന്ന് കാട്ടി.എന്നാല്‍ അഴിമതി ആരോപണം ഉന്നയിച്ച് 16 വര്‍ഷം മുന്‍പ് കോമണ്‍വെല്‍ത്ത്‌ഗെയിംസ് വേദിയില്‍ ബിജെപി നടത്തിയ പ്രതിഷേധം ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രിയുടെ ആക്ഷേപങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിക്കുന്നത്.
