ഡിഎ സന്ദേശത്തിലെ കോടതിവിധി സര്‍ക്കാരിന് പ്രഹരമായെങ്കിലും നവകേരള സര്‍വേയില്‍ ആശ്വാസം; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തു സുപ്രീംകോടതി; നവകേരള സര്‍വേയില്‍ എന്താണ് തെറ്റ്? ക്ഷേമ പദ്ധതികള്‍ എങ്ങനെ നടക്കുന്നു എന്നറിയാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നും കോടതി
ഡിഎ സന്ദേശത്തിലെ കോടതിവിധി സര്‍ക്കാരിന് പ്രഹരമായെങ്കിലും നവകേരള സര്‍വേയില്‍ ആശ്വാസം
ന്യൂഡല്‍ഹി: നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി. സര്‍ക്കാര്‍ സര്‍വെ നടത്തുന്നതില്‍ ഒരു തെറ്റുമില്ല. കോടികള്‍ ചെലവഴിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം ആരായുന്നതില്‍ എന്താണ് കുഴപ്പമെന്നും സുപ്രീംകോടതി ഹര്‍ജിക്കാരോട് ചോദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി സര്‍വേയില്‍ പങ്കാളിയായെന്ന പരാതിയില്‍ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി.
പൊതുഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് സിപിഎം പാര്‍ട്ടി കാമ്പയിന്‍ നടത്തുന്നുവെന്നാരോപിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മുബാസും കോടതിയെ സമീപിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് സര്‍വേ റദ്ദാക്കിയത്. സര്‍ക്കാറിന്റെ മുന്‍വര്‍ഷത്തെ ഭരണത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാന്‍ വേണ്ടിയാണ് നവ കേരള സര്‍വേ നടത്താന്‍ തീരുമാനിച്ചത്. പാര്‍ട്ടി മിഷനറി ആകെ ചലിപ്പിച്ച് ഇത് വേഗത്തില്‍ പൂര്‍ത്തീകരിക്കാം എന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ.
20 കോടിയോളം രൂപയാണ് ചെലവായി കണക്കാക്കിയത്. എന്നാല്‍ ഇത്രയും പണം ചെലവാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതി നവ കേരള സര്‍വേ റദ്ദ് ചെയ്തത്. സര്‍വേയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവും വിമര്‍ശനമുന്നയിച്ചിരുന്നു.
അതേസമയം സുപ്രംകോടതി ആശ്വാസത്തിനിടെയിലും ഡിഎ സന്ദേശത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും കനത്തപ്രഹരമാണ് നേരിടേണ്ടിവന്നത്. 'സ്പാര്‍ക്ക്' സോഫ്‌റ്റ്വെയറില്‍നിന്നുള്ള വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി മുഖ്യമന്ത്രിയുടെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയച്ചെന്ന ആരോപണത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാര്‍ക് സോഫ്‌റ്റ്വെയറിലെ വിവരങ്ങള്‍ ലഭിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. പ്രഥമദൃഷ്ട്യാ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നതെന്നും അങ്ങനെയല്ലെങ്കില്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ജീവനക്കാരുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് എവിടെനിന്ന് കിട്ടി. വ്യക്തിഗതവിവരങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലേയെന്നും എല്ലാവര്‍ക്കും ഈ വിവരങ്ങള്‍ എവിടെ നിന്ന് കിട്ടുന്നെന്നും കോടതി ചോദിച്ചു. മേലാല്‍ ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്നും ഇത് ഇവിടെവെച്ച് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തങ്ങളുടെ ഫോണ്‍നമ്പര്‍ അടക്കമുളള വ്യക്തിഗതവിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കൈകാര്യംചെയ്യുന്ന ബിസിനസ് വാട്‌സാപ്പ് അക്കൗണ്ടില്‍നിന്നാണ് സന്ദേശങ്ങള്‍ വരുന്നതെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. കുറ്റക്കാരന്‍ മുഖ്യമന്ത്രിതന്നെയാണ് എന്നാണ് ഹര്‍ജിക്കാരുടെ പ്രധാനവാദം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് രാഷ്ട്രീയപ്രചാരണം നടത്തുന്നുവെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സന്ദേശങ്ങള്‍ അയക്കില്ല എന്ന് ഉറപ്പു നല്‍കിയാല്‍ തുടര്‍നടപടികള്‍ അടുത്ത ആഴ്ചത്തേക്ക് മാറ്റാമെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞദിവസമാണ് കേരളത്തിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് സന്ദേശം ലഭിച്ചത്. ഡി.എ വര്‍ധന, ശമ്പള പരിഷ്‌കരണം, വീട് വായ്പ തുടങ്ങി വിവിധ സര്‍ക്കാര്‍ നടപടികള്‍ ചൂണ്ടിക്കാണിച്ചായിരുന്നു സന്ദേശം. സര്‍ക്കാരിന്റെ സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ചെയ്ട്ടിട്ടുള്ള വ്യക്തികള്‍ക്കും സംരംഭകര്‍ക്കും ആനുകൂല്യങ്ങള്‍ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. വ്യക്തികളുടെ ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും അവരുടെ അനുമതി കൂടാതെ ശേഖരിച്ചാണ് പ്രചാരണം നടത്തിയതെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
