തീവ്രവാദികള തുടച്ചുനീക്കാന്‍ ഇന്ത്യ! 2029-ഓടെ ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ 'പ്രഹാര്‍'; ഭീകരവിരുദ്ധ നയവുമായി കേന്ദ്ര സര്‍ക്കാര്‍; ഇന്ത്യന്‍ നിയമ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട്, ഭീകരര്‍ക്കുള്ള ധനസഹായ ശൃംഖലകള്‍ തകര്‍ക്കും; ഭീകരരെയും അവര്‍ക്ക് ഒത്താശ ചെയ്യുന്നവരെയും പൂട്ടാന്‍ മോദി സര്‍ക്കാര്‍

തീവ്രവാദികള തുടച്ചുനീക്കാന്‍ ഇന്ത്യ! 2029-ഓടെ ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ 'പ്രഹാര്‍'

Update: 2026-02-24 01:47 GMT

ന്യൂഡല്‍ഹി: ഭീകരതക്കെതിരെ പോരാട്ടം കടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഭീകരവാദത്തിന് വളമേകുന്നവരെ തുരത്താന്‍ കെല്‍പ്പുള്ള നയങ്ങളുമായി മുന്നോട്ടു പോകുകയാണ് സര്‍ക്കാര്‍. രാജ്യത്തെ പ്രഥമ ഭീകരവിരുദ്ധ നയം ആവിഷ്‌കരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭീകരതയോടും ഭീകരവാദികളോടും വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് 'പ്രഹര്‍' എന്ന പേരിലാണ് പുതിയ നയം പ്രഖ്യാപിച്ചത്. ഭീകരര്‍ക്കും അവര്‍ക്ക് ഒത്താശ ചെയ്യുന്നവര്‍ക്കും പണവും ആയുധങ്ങളും താവളങ്ങളും ലഭിക്കുന്നത് തടയുകയും 'പ്രഹറി'ന്റെ ലക്ഷ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നയരേഖ പറയുന്നു.

രാജ്യത്തും വിദേശത്തും ഉടലെടുക്കുന്ന ഭീകരത തടയുകയും തീവ്രചിന്താഗതിയിലേക്കും ഭീകരാക്രമണങ്ങളിലേക്കും ആളുകളെ നയിക്കുന്ന സാഹചര്യങ്ങള്‍ ക്രമേണ ലഘൂകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനം. രഹസ്യവിവരങ്ങള്‍ ശേഖരിച്ച്, ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറി ഭീഷണികള്‍ നിര്‍വീര്യമാക്കുകയാകും പുതിയ തന്ത്രം. ഇന്ത്യന്‍ നിയമങ്ങള്‍ക്കു കീഴിലെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട്, ഭീകരര്‍ക്കുള്ള ധനസഹായ ശൃംഖലകള്‍ തകര്‍ക്കുന്നതിലാണ് ഊന്നല്‍ നല്‍കുകയെന്നും നയം വ്യക്തമാക്കുന്നു.

സമൂഹത്തെ മുഴുവന്‍ ഉള്‍ക്കൊള്ളിക്കുന്ന സമീപനത്തിലൂടെ അന്താരാഷ്ട്ര ഭീകരവിരുദ്ധ ശ്രമങ്ങളുമായി പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ പലപ്പോഴും ഉണ്ടാകുന്ന അസ്ഥിരത അക്രമ സംഭവങ്ങളിലേക്ക് നയിക്കാറുണ്ട്. മേഖലയിലെ ചില രാജ്യങ്ങള്‍ ഭീകരവാദം രാഷ്ട്ര നയത്തിന്റെ ഉപാധിയായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും നയരേഖ എടുത്തുപറയുന്നു. എങ്കിലും ഇന്ത്യ ഒരിക്കലും ഭീകരവാദത്തെ ഏതെങ്കിലും മതം, വംശം, ദേശീയത അഥവാ സംസ്‌കാരം എന്നിവയുമായി ബന്ധപ്പെടുത്തിയല്ല കാണുക.

ഭീകരതയെയും, പ്രഖ്യാപിതമോ അല്ലാത്തതോ ആയ ലക്ഷ്യങ്ങള്‍ക്ക് പ്രകടമായോ അല്ലാതെയോ ഭീകരതയെ ആരെങ്കിലും ഉപയോഗപ്പെടുത്തുന്നതിനെയും ഇന്ത്യ എക്കാലവും നിരാകരിച്ചിട്ടുണ്ട്. ഭീകരതയുടെ ഇരകളോടൊപ്പം നിലകൊള്ളുന്ന രാജ്യത്തിന്റെ ഉറച്ച വിശ്വാസം ലോകത്ത് നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് യാതൊരു നീതീകരണവുമില്ല എന്നതാണെന്ന് നയം വ്യക്തമാക്കുന്നു. ഭീകരത ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല എന്നതാണ് തത്ത്വാധിഷ്ഠിത സമീപനം.

കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ആഭ്യന്തര മന്ത്രാലയം നടത്തിയത്. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ഏത് വിധത്തിലുള്ള തീവ്രവാദ നീക്കങ്ങളെയും മുളയിലേ നുള്ളിക്കളയാനും, ഭീകരവാദ ശൃംഖലകളെ വേരോടെ പിഴുതെറിയാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

വിവിധ സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കും. വിവരങ്ങള്‍ കൈമാറുന്നതിലും സംയുക്ത ഓപ്പറേഷനുകള്‍ നടത്തുന്നതിലും വേഗതയും കൃത്യതയും ഉറപ്പാക്കും. അത്യാധുനിക സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് ഭീകരവാദികളുടെ നീക്കങ്ങള്‍ നേരത്തെ തന്നെ കണ്ടെത്താനും തടയാനും സംവിധാനമൊരുക്കും. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ അയല്‍രാജ്യങ്ങളുമായും അന്താരാഷ്ട്ര ഏജന്‍സികളുമായും ഉള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കും.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തുന്ന വഴികള്‍ അടയ്ക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ഹവാല ഇടപാടുകള്‍ക്കും അനധികൃത സാമ്പത്തിക കൈമാറ്റങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികളുണ്ടാകും. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് ഈ പുതിയ കര്‍മപദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കൃത്യമായ സമയപരിധിയോടെ ആസൂത്രണം ചെയ്തിരിക്കുന്ന 'പ്രഹാര്‍' രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിന് വലിയ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News