ലണ്ടനെ ഞെട്ടിച്ച് വീണ്ടും എപ്സ്റ്റീന്‍ ഭൂതം! ബ്രിട്ടന്റെ മുന്‍ യുഎസ് അംബാസഡര്‍ പീറ്റര്‍ മണ്ടേല്‍സണ്‍ അറസ്റ്റില്‍; പൊതുപദവി ദുരുപയോഗം ചെയ്‌തെന്ന സംശയത്തിന്‍മേല്‍ അറസ്റ്റു നടപടി; എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ട് നടക്കുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അറസ്റ്റ്
ലണ്ടനെ ഞെട്ടിച്ച് വീണ്ടും എപ്സ്റ്റീന്‍ ഭൂതം! ബ്രിട്ടന്റെ മുന്‍ യുഎസ് അംബാസഡര്‍ പീറ്റര്‍ മണ്ടേല്‍സണ്‍ അറസ്റ്റില്‍
ലണ്ടന്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള അവിശുദ്ധ ബന്ധം പുറത്തുവന്നതിന് പിന്നാലെ ബ്രിട്ടന്റെ മുന്‍ യുഎസ് അംബാസഡര്‍ പീറ്റര്‍ മണ്ടേല്‍സണ്‍ (72) ലണ്ടന്‍ പൊലീസിന്റെ പിടിയിലായി. പൊതുപദവി ദുരുപയോഗം ചെയ്ത് എപ്സ്റ്റീന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ഗുരുതരമായ ആരോപണത്തിലാണ് നടപടി. എപ്സ്റ്റീന്‍ ഫയലുകളിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് ശേഷം നടക്കുന്ന രണ്ടാമത്തെ ഹൈ-പ്രൊഫൈല്‍ അറസ്റ്റാണിത്. കഴിഞ്ഞയാഴ്ച ചാള്‍സ് രാജാവിന്റെ സഹോദരന്‍ ആന്‍ഡ്രൂവിനെയും സമാനമായ കേസുകളില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കാംഡെനിലുള്ള വസതിയില്‍ വെച്ചാണ് മണ്ടേല്‍സണെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ വില്‍റ്റ്‌ഷെയറിലെയും കാംഡെനിലെയും വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു. ജനുവരിയില്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഇമെയിലുകളാണ് മണ്ടേല്‍സന്റെ കുരുക്കായത്. മണ്ടേല്‍സണും എപ്സ്റ്റീനും തമ്മില്‍ പൊതുസമൂഹം കരുതിയതിനേക്കാള്‍ ആഴത്തിലുള്ള സൗഹൃദമുണ്ടായിരുന്നുവെന്ന് ഇതോടെ വ്യക്തമായി. 2009-ല്‍ ഗോര്‍ഡന്‍ ബ്രൗണ്‍ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ, അധികാരം ദുരുപയോഗം ചെയ്ത് എപ്സ്റ്റീന് രഹസ്യവിവരങ്ങള്‍ കൈമാറിയെന്നാണ് പ്രധാന ആരോപണം.
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വിവാദ നായകനാണ് പീറ്റര്‍ മണ്ടേല്‍സണ്‍. മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ 'ന്യൂ ലേബര്‍' പദ്ധതിയുടെ സൂത്രധാരനായി അറിയപ്പെടുന്ന ഇദ്ദേഹം, ഇതിനു മുന്‍പും രണ്ടുതവണ അഴിമതി ആരോപണങ്ങളില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ചിട്ടുണ്ട്. 2024-ല്‍ കിയര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ ഇദ്ദേഹത്തെ യുഎസ് അംബാസഡറായി നിയമിച്ചത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍, എപ്സ്റ്റീന്‍ ബന്ധം പുറത്തുവന്നതോടെ 2025 സെപ്റ്റംബറില്‍ അംബാസഡര്‍ സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. അന്ന് എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ ഖേദം പ്രകടിപ്പിച്ച് തടിതപ്പാനായിരുന്നു മണ്ടേല്‍സന്റെ ശ്രമം.
എന്നാല്‍, ഇപ്പോള്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ മണ്ടേല്‍സണ് വലിയ തിരിച്ചടിയാണ്. പൊതുപദവി ദുരുപയോഗം ചെയ്ത കുറ്റം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. ബ്രിട്ടീഷ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന ഈ കേസ് വരും ദിവസങ്ങളില്‍ കൂടുതല്‍ വമ്പന്മാരിലേക്ക് നീളുമെന്നാണ് സൂചന.
