രോഗിയെ അവഗണിച്ച ഇന്ത്യന്‍ വംശജയായ ഡോ. നുപൂര്‍ മിത്തലിന് ഒന്നേകാല്‍ കോടി രൂപ പിഴ വിധിച്ചു കോടതി; കേസിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കടന്ന ഡോ. നുപൂര്‍ ഹരിയാനയിലെ അംബാലയില്‍ ആരംഭിച്ചത് വെല്‍നെസ് ക്ലിനിക്; യുകെയിലെ ഏതൊരു ഡോക്ടറെയും തേടിയെത്താവുന്ന ശിക്ഷാവിധി ആഘോഷമാക്കി മാധ്യമങ്ങള്‍; അപ്പീലുമായി ഡോ. നുപൂറും; വീട് ജപ്തി ചെയ്തു നഷ്ടപരിഹാരം നല്‍കാന്‍ നീക്കം
ഇന്ത്യന്‍ വംശജയായ ഡോ. നുപൂര്‍ മിത്തലിന് ഒന്നേകാല്‍ കോടി രൂപ പിഴ വിധിച്ചു ബ്രിട്ടീഷ് കോടതി
ലണ്ടന്‍: ചികിത്സ തേടിയെത്തിയ രോഗിയെ മനഃപൂര്‍വം അവഗണിച്ചെന്ന കേസില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് ബ്രിട്ടീഷ് കോടതി വന്‍ തുക പിഴ വിധിച്ചു. ഉത്തരേന്ത്യന്‍ വംശജയായ ഡോ. നുപൂര്‍ മിത്തലാണ് വേദനകൊണ്ടു പുളഞ്ഞ രോഗിയെ പരിശോധിക്കാന്‍ തയ്യാറാകാതെ മരുന്നു കുറിച്ച് അവഗണിച്ചെന്ന കേസില്‍ റെക്കോര്‍ഡ് തുക നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്. കേസിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കടന്ന നുപൂര്‍ മിത്തല്‍ കേസില്‍ അപ്പീല്‍ നടപടിയിലേക്ക് നീങ്ങുകയാണ്.
അതിനിടെ 20 വര്‍ഷത്തെ ബ്രിട്ടീഷ് പരിചയസമ്പത്ത് എന്ന അവകാശവാദവും ആയി ഇന്ത്യയില്‍ എത്തിയ ഡോക്ടര്‍ നുപൂര്‍ ഹരിയാനയിലെ അംബാലയില്‍ വെല്‍നെസ് ചികിത്സാ കേന്ദ്രം തുടങ്ങിയതായി കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍. യുകെയിലെ മാറിക്കൊണ്ടിരിക്കുന്ന ചികിത്സാ രീതികളില്‍ രോഗികള്‍ ഇത്തരത്തില്‍ കേസിന് ഇറങ്ങിയാല്‍ നല്ല പങ്കു ഡോക്ടര്‍മാരും പിഴ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും എന്നതാണ് ഈ കേസിലെ നിര്‍ണായക ട്വിസ്റ്റ്. കേസില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2018 ജൂണിലാണ്. തന്നെ കാണാന്‍ ജി പി സര്‍ജറിയില്‍ എത്തിയ രോഗിയെ അവഗണിച്ചതിലൂടെ അവരുടെ വയറിന്റെ ഒരു ഭാഗം ശസ്ത്രക്രിയ വഴി നീക്കം ചെയ്തു ജീവന്‍ രക്ഷിക്കേണ്ടി വന്നതില്‍ ഡോക്ടര്‍ നുപൂറിന്റെ നോട്ടപ്പിശക് പ്രധാന കാരണമായി എന്നതാണ് വിധിന്യായത്തില്‍ പ്രധാനമായും എടുത്തു പറയുന്നത്. വയറില്‍ തടിപ്പ് പോലെ ഒരു പാട് കണ്ടതോടെയാണ് 57കാരിയായ ഓറിയന മക്‌ഡൊണാഡ് ചികിത്സ തേടി ഡോ. നുപൂറിനെ കാണാന്‍ എത്തിയത്. എന്നാല്‍ തൊട്ട് മുന്‍പ് കണ്ട രോഗിയെ പരിശോധിച്ച ശേഷം ഡോക്ടറുടെ മുറിയിലെ വാഷ് ബേസിനില്‍ കൈകഴുകി കൊണ്ട് ഓറിയന പറയുന്നത് കേട്ട് മരുന്ന് കുറിച്ചു എന്നതാണ് ഇപ്പോള്‍ ഡോ. നുപൂര്‍ നേരിടുന്ന ആരോപണം. രോഗിയെ പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായിരുന്നുവെങ്കില്‍ കൃത്യമായ ചികിത്സയിലൂടെ തനിക്ക് ഇപ്പോള്‍ നേരിട്ട പ്രയാസങ്ങള്‍ കൂടാതെ ജീവിക്കാന്‍ കഴിയുമായിരുന്നു എന്നതാണ് ഓറിയനയുടെ വാദം.
നിലവില്‍ യുകെയില്‍ ജിപി അപ്പോയ്ന്റ്‌മെന്റുകള്‍ കിട്ടാനും ഡോക്ടറെ കാണാനും ഒക്കെ ഭാഗ്യം ഉണ്ടെങ്കില്‍ മാത്രം അവസരം എന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഓറിയനയുടെ കേസ് നിര്‍ണായകമായി മാറുന്നത്. മാത്രമല്ല ഇത്തരം സംഭവങ്ങള്‍ കേസിലേക്ക് നീങ്ങിയാല്‍ മിക്ക ഡോക്ടര്‍മാരും നുപൂര്‍ നേരിട്ടത് പോലെയുള്ള അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. പ്രാഥമികമായി അടിസ്ഥാന ചികിത്സാ ഏറെ മെച്ചപ്പെടാനുണ്ട് എന്നതാണ് ഈ കേസ് ഉയര്‍ത്തുന്ന പ്രധാന ലക്ഷ്യവും. ശരീര താപനില കൂടുതല്‍ ആണെന്ന് ഓറിയണ പറഞ്ഞിട്ടും ഡോക്ടര്‍ നുപൂര്‍ അത് പരിശോധിക്കാന്‍ തയ്യാറാകാതിരുന്നതും രോഗിയെന്ന നിലയില്‍ അവഗണന ആയിട്ടാണ് ഓറിയനയ്ക്ക് ബോധ്യമായത്. ബെര്‍ക്ഷയറിലെ വാട്ടര്‍ഫീല്‍ഡ് ജിപി സര്‍ജറിയില്‍ തന്റെ അന്നത്തെ പരിശോധന രണ്ടു മിനിറ്റ് സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ ഡോക്ടര്‍ നുപൂറിനു വ്യഗ്രതയായിരുന്നു എന്നാണ് ഓറിയന കോടതിയില്‍ വാദിച്ചത്.
തനിക്ക് പുറം തിരിഞ്ഞു നിന്ന് മുറിയുടെ ഒരറ്റത്ത് നിന്നുമാണ് ഡോ. നുപൂര്‍ ആന്റിബയോട്ടിക്, സെല്ലുലൈറ്റിസ് എന്നീ രണ്ടു വാക്കുകള്‍ ഉച്ചരിച്ചതെന്നും ഡോക്ടറുടെ മുഖം പോലും താന്‍ കണ്ടില്ലെന്നും ഓറിയന മാധ്യമങ്ങളോട് വിശദീകരിച്ചു. തന്റെ ശരീര താപനില കൂടുകയാണ് എന്ന് പറഞ്ഞപ്പോഴും ഡോ. നുപൂര്‍ അത് കാര്യമാക്കിയില്ല എന്നും ഓറിയന തുടരുന്നു. വാസ്തവത്തില്‍ ശരീര കലകള്‍ തിന്നുന്ന ബാക്ടീരിയ ഓറിയനയുടെ ജീവന്‍ എടുത്തുകൊണ്ടിരിക്കുക ആയിരുന്നു എന്നതാണ് ഇപ്പോള്‍ വമ്പന്‍ നഷ്ടപരിഹാരത്തിലേക്ക് എത്തിയ ഈ കേസിലെ അടുത്ത ട്വിസ്റ്റ്.
മൂന്നു ദിവസം ഡോ. നുപൂര്‍ നല്‍കിയ മരുന്നുകള്‍ കഴിച്ചെങ്കിലും സ്ഥിതി വഷളായപ്പോള്‍ ഓറിയന വീണ്ടും ജിപി സര്‍ജറിയില്‍ വിളിച്ചു. താന്‍ മറ്റൊരു മരുന്നു നല്‍കാം എന്നായിരുന്നു ഈ ഫോണ്‍ കോളിന് ഡോ. നുപൂറിന്റെ മറുപടി. അതിലും ഭേദം ആയില്ലെങ്കില്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടുക എന്നതായിരുന്നു ആ ഫോണ്‍ കോളില്‍ ഓറിയനക്ക് ലഭിച്ച ഉപദേശം. എന്നാല്‍ വയര്‍ മുഴുവന്‍ ചുവന്ന് തടിക്കുകയും രോഗിക്ക് നടക്കാനാകാത്ത വേദനയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തതോടെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തുകയായിരുന്നു ഓറിയനയും പങ്കാളി ഇയാന്‍ ഗെയ്ലും.
ഇതോടെയാണ് ജീവന്‍ നഷ്ടമായേക്കാവുന്ന ഒരു ഓപ്പറേഷന് ഓറിയന അടിയന്തിരമായി വിധേയമാകുകയാണ് എന്ന് ആശുപത്രി ഡോക്ടര്‍മാര്‍ ഇയാനെ അറിയിച്ചത്. വൈദ്യശാസ്ത്രപരമായി അപകടം നിറഞ്ഞ സെപ്‌സിസ് എന്ന അവസ്ഥയിലേക്ക് എത്തുകയായിരുന്നു ഓറിയന. ഏകദേശം ഒരു വര്‍ഷത്തോളം ആണ് ഓറിയനക്ക് തുടര്‍ ചികിത്സകള്‍ വേണ്ടി വന്നത്. തനിക്ക് സംഭവിച്ചത് മറ്റൊരു രോഗിക്ക് ഉണ്ടാകരുത് എന്ന ചിന്തയോടെയാണ് തുടര്‍ന്ന് രണ്ടു വര്‍ഷത്തിന് ശേഷം കേസിനു പോകുന്നതിനെ പറ്റി താന്‍ മുന്നിട്ടിറങ്ങിയത് എന്നും ഓറിയന കൂട്ടിച്ചേര്‍ക്കുന്നു. കേസ് ഗൗരവം ആയി മാറിയതോടെയാണ് 2024ല്‍ പൊടുന്നനെ ഡോക്ടര്‍ നുപൂര്‍ ഇന്ത്യയിലേക്ക് കടന്നത്. കേസില്‍ തന്റെ ഭാഗം വാദിക്കാനും ഡോക്ടര്‍ നുപൂര്‍ തയ്യാറായില്ല. ഇവരുടെ ഭര്‍ത്താവും ഡോക്ടര്‍ ആയി യുകെയില്‍ സേവനം ചെയ്യുകയാണ്.
ബി എല്‍ വി ലോ സോളിസിറ്റേഴ്‌സ് എന്ന സ്ഥാപനം മുഖേനെ സിവില്‍ കേസിനു തയ്യാറായ ഓറിയനക്ക് വേണ്ടി നിയമ സ്ഥാപനം അയച്ച ഒരു കത്തിന് പോലും പ്രതികരിക്കാന്‍ ഡോക്ടര്‍ നുപൂര്‍ തയ്യാറായില്ല എന്നതും കേസില്‍ നിര്‍ണായകമായി. കേസ് കോടതിയില്‍ എത്തിയപ്പോഴും തന്റെ ഭാഗം പറയാന്‍ കോടതിയില്‍ എത്തണമെന്ന് ഡോക്ടര്‍ നുപൂറിനു തോന്നിയതുമില്ല. ഇതോടെയാണ് രോഗിക്കുണ്ടായ നഷ്ടത്തിനും കേസിന്റെ ചിലവിനും പലിശയും ചേര്‍ത്ത് 1,28,204.30 പൗണ്ട് എന്ന ഭീമന്‍ നഷ്ടപരിഹാര തുക നല്‍കാന്‍ കോടതി വിധിച്ചിരിക്കുന്നത്. റീഡിങ് കൗണ്ടി കോടതിയിലാണ് കേസ് നടന്നിരുന്നത്. അതിനിടെ കേസിനെ തുടര്‍ന്ന് ഡോക്ടര്‍ നുപൂര്‍ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം തേടുക ആണെന്ന് കോടതിയില്‍ ബോധിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് വീട് വില്‍പന നടത്തി നുപൂറിന്റെ ഷെയറില്‍ നിന്നും കിട്ടുന്ന തുക രോഗിയുടെ നഷ്ടപരിഹാരത്തിനായി ഉപയോഗിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
