എഡിജിപിക്കെതിരെ ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത് അന്വേഷിക്കാതെ; അന്വേഷിക്കാന്‍ നിര്‍ദേശിച്ചു; സമഗ്ര അന്വേഷണണത്തിന് അനുവദിച്ചത് 30 ദിവസം; ഇനിയും റിപ്പോര്‍ട്ട് കിട്ടിയില്ല; എല്ലാം പത്രങ്ങളില്‍ വായിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ പരിഹാസം; പോലീസ് മേധാവിയില്‍ പിണറായിയ്ക്ക് അതൃപ്തിയോ?
എഡിജിപിക്ക് ഇത് സംബന്ധിച്ച് വീഴ്ചയുണ്ടെങ്കില്‍ അതിലൊരു പരിശോധനയുടെ നടത്താനാണ് ഡിജിപിയെ ചുമതലപ്പെടുത്തിയത്
തിരുവനന്തപുരം: പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബില്‍ മുഖ്യമന്ത്രിയ്ക്ക് അവിശ്വാസമോ? പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടികളാണ് ഇതിന കാരണം. എന്നാല്‍ അന്വേഷിക്കാതെയുള്ള റിപ്പോര്‍ട്ടായിരുന്നു അതെന്നും ഡിജിപിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അജിത് കുമാറുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളില്‍ അന്വേഷണത്തിന് താന്‍ 30 ദിവസമാണ് നല്‍കിയത്. എന്നാല്‍ അത് ഇതുവരെ കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ റിപ്പോര്‍ട്ടിലേതെന്ന് പറഞ്ഞ് പല വിവരങ്ങളും പത്രങ്ങളില്‍ താന്‍ വായിക്കുന്നുണ്ടെന്നും പിണറായി പരിഹസിച്ചു.
പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് എഡിജിപി അന്വേഷിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴാണ് അജിത് കുമാറിന്റെ സാന്നിധ്യം സംബന്ധിച്ച വിവരം ഡിജിപി അറിയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'എഡിജിപി അവിടെ ഉണ്ടായിരുന്നതായും സംഭവ സ്ഥലത്ത് എത്താതിരുന്ന കാര്യവും ഡിജിപി ചൂണ്ടിക്കാട്ടിയിരുന്നു.എഡിജിപിക്ക് ഇത് സംബന്ധിച്ച് വീഴ്ചയുണ്ടെങ്കില്‍ അതിലൊരു പരിശോധനയുടെ നടത്താനാണ് ഡിജിപിയെ ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നേരത്തെ പ്രഖ്യാപിച്ച അന്വേഷത്തിലും വരുന്ന മുറയ്ക്ക് നടപടിയുണ്ടാകും. ഇപ്പോള്‍ ഒരു പരിശോധനയും കൂടാതെയാണ് ഡിജിപി റിപ്പോര്‍ട്ട് തന്നിട്ടുള്ളത്' മുഖ്യമന്ത്രി വിശദീകരിച്ചു
ആരേയും സംരക്ഷിക്കുന്നതിന്റെ പ്രശ്നമല്ല ഇതെന്നും തന്റെ നിലപാട് വ്യക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു ഉദ്യോഗസ്ഥനെ അദ്ദേഹം വഹിച്ചിരുന്ന സ്ഥാനത്ത് നിന്ന് നടപടിക്ക് വിധേയനാക്കുമ്പോള്‍ കൃത്യമായ റിപ്പോര്‍ട്ട് വേണം. അതിനാണ് കാത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ പൂരം അന്വേഷിച്ചത് എഡിജിപി അജിത് കുമാറാണ്. ഈ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കി. ഇതില്‍ അജിത് കുമാറിനെ കുറ്റപ്പെടുത്തുന്ന കുറിപ്പുമായാണ് പോലീസ് മേധാവി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഈ കുറിപ്പിലാണ് അന്വേഷണമില്ലാതെ എഴുതി നല്‍കിയതെന്ന കുറ്റപ്പെടുത്തല്‍ മുഖ്യമന്ത്രി നടത്തുന്നത്. ഇതിനൊപ്പമാണ് സമ്പൂര്‍ണ്ണ അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസമായിട്ടും കിട്ടിയില്ലെന്ന കുറ്റപ്പെടുത്തലും. ഇതില്‍ നിന്നും പോലീസ് മേധാവിയോട് മുഖ്യമന്ത്രിക്കുള്ള അതൃപ്തി വ്യക്തമാണ്.
പൂരം കലക്കിലില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന് പങ്കുണ്ടോ എന്നത് സംബന്ധിച്ച് ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നേരിട്ട് അന്വേഷിക്കും. പൂരം കലക്കലില്‍ ഗൂഢാലോചന നടന്നോ എന്നത് സംബന്ധിച്ച് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എം.ആര്‍.അജിത് കുമാര്‍ നേരത്തേ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഇന്റലിജന്‍സിന്റെ ചുമതലയുള്ള എ.ഡി.ജി.പി. മനോജ് എബ്രഹാം വിശദമായി അന്വേഷിക്കും. ഒപ്പം, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകളെ കുറിച്ച് ക്രൈം ബ്രാഞ്ച് മേധാവിയായ എ.ഡി.ജി.പി. എച്ച്. വെങ്കിടേഷും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച് തുടരന്വേഷണം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം സി.പി.ഐക്ക് ഉറപ്പുനല്‍കിയിരുന്നു. അതേസമയം ക്രമസമാധാന ചുമതലയില്‍ നിന്ന് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ നീക്കാതെയാണ് അദ്ദേഹത്തിനെതിരെ ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്. പൂരം കലക്കലില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് നേരത്തേ സര്‍ക്കാര്‍ തള്ളിയിരുന്നു. തുടരന്വേഷണത്തിനുള്ള ശുപാര്‍ശയോടെയാണ് അജിത് കുമാറിന്റെ റിപ്പോര്‍ട്ട് ഡി.ജി.പി. മുഖ്യമന്ത്രിക്ക് കൈമാറിയത്. മുഖ്യമന്ത്രി ഈ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിയും തുടരന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. ഈ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ തുടരന്വേഷണത്തിന് തീരുമാനിച്ചിരിക്കുന്നത്.