പൊടുന്നനെ കണ്ണു ചുവന്ന് നീറി രക്തമൊഴുകി തുടങ്ങും; എബോളയ്ക്ക് ശേഷം ലോകത്തെ ഭയപ്പെടുത്തുന്ന മറ്റൊരു രോഗം കൂടി; റുവണ്ടയില്‍ 11 പേരെ കൊന്ന മാര്‍ബര്‍ഗിനെ പേടിച്ച് ലോകം; കണ്ണുവീര്‍ത്തയാളെ കണ്ട് റെയില്‍വേ സ്റ്റേഷന്‍ പൂട്ടി ആളെ ഒഴിപ്പിച്ചു ജര്‍മ്മനി
മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇത് പടരാനുള്ള സാധ്യത
രോഗബാധയേറ്റവരില്‍ പത്തില്‍ ഒന്‍പത് പേര്‍ക്കും മരണമുറപ്പാക്കുന്ന മാര്‍ബര്‍ഗ് എന്ന അതിക്രൂരനായ വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വരുന്നു. ആഫ്രിക്കയില്‍ ഇപ്പോള്‍ പടര്‍ന്ന് പിടിക്കുകയാണ്, എബോളക്ക് സമാനമായ ഈ വൈറസ് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഇതുവരെ കണ്ടെത്തിയിട്ടുള്ള രോഗകാരികളില്‍ വെച്ച് ഏറ്റവും മാരകങ്ങളായവയില്‍ ഒന്നാണിതെന്നാണ് കണക്കാക്കുന്നത്. ഇതുവരെ ഏകദേശം 10 പേരുടെ മരണത്തിനിടയായ റുവാണ്ടയില്‍ ഏതാണ്ട് 300 ഓളം പേരെ ഈ വൈറസ് ബാധിച്ചു എന്ന സംശയത്തില്‍ നിരീക്ഷണ വിധേയരാക്കിയിരിക്കുകയാണ്.
കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഇതുമായി ബന്ധപ്പെട്ട് എത്താന്‍ തുടങ്ങിയതോടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ജീവനക്കാരുടെ കാര്യത്തില്‍ അതീവ നിരീക്ഷണം പുലര്‍ത്തണമെന്ന നിര്‍ദ്ദേശം വ്യപാര - വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ് ബ്രിട്ടനിലെ ആരോഗ്യ വകുപ്പ് അധികൃതര്‍. അതീവ ആശങ്കയുയര്‍ത്തുന്ന് സാഹചര്യം എന്നായിരുന്നു നേരത്തെ ലോകാരോഗ്യ സംഘടന ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇത് പടരാനുള്ള സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
കണ്ണുകള്‍ ചുവന്ന് വീര്‍ത്ത്, കണ്ണില്‍ നിന്നും രക്തസ്രാവം ഉണ്ടാകുന്ന ഈ രോഗം കഴിഞ്ഞ വര്‍ഷം ടാന്‍സാനിയയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ എന്താണ് മാര്‍ബര്‍ഗ്? അത് എങ്ങനെയാണ് വ്യാപിക്കുന്നത്? ഇത് വ്യാപിക്കുന്നത് തടയുന്നതെങ്ങിനെ? ഇതിന് ചികിത്സയുണ്ടോ? എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.ഇവയ്ക്കുള്ള ഉത്തരമാണ് താഴെ കൊടുക്കുന്നത്.
എത്രമാത്രം മാരകമാണ് മാര്‍ബര്‍ഗ്?
മനുഷ്യനും, ആധുനിക ശാസ്ത്രത്തിനും അറിവുള്ളതില്‍ വെച്ച് ഏറ്റവും മാരകങ്ങളായ രോഗകാരികളില്‍ ഒന്നാണ് മാര്‍ബര്‍ഗ്. ഇതിന്റെ കേസ് - ഫറ്റാലിറ്റി റേഷ്യോ (രോഗം ബാധിച്ചവരും അതുമൂലം മരണമടഞ്ഞവരും തമ്മിലുള്ള അനുപാതം) സി എഫ് ആര്‍ 88 ശതമാനമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, രോഗം പിടിപെടുന്ന പത്ത് പേരില്‍ ഒന്‍പത് പേരും മരണമടയാനാണ് സാധ്യത. എന്നിരുന്നാലും, ബാധിക്കപ്പെടുന്ന വൈറസ് വകഭേദത്തെയും, ലഭ്യമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെയും ആശ്രയിച്ച് സി എഫ് ആറില്‍ മാറ്റങ്ങളുണ്ടാകാനും സാധ്യതയുണ്ട്.
എന്നിരുന്നാല്‍ പോലും ശരാശരി സി എഫ് ആര്‍ 50 ശതമാനത്തോളം വരും എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതായത്, എബോളക്ക് തുല്യമായ മരണ നിരക്കാണ് മാര്‍ബര്‍ഗിനും എന്നര്‍ത്ഥം. ഈ രോഗം ബാധിച്ചവരില്‍ പകുതിയോളം പേര്‍ മരണമടയും. കോവിഡ് ഏറ്റവും മാരകമായിരുന്ന ആരംഭകാലത്ത് പോലും സി എഫ് ആര്‍ അഥവാ, കോവിഡ് മൂലം മരണമടയുന്നവരുടെ നിരക്ക്, രോഗം ബാധിച്ചവരുടെ മൂന്ന് ശതമാനം മാത്രമായിരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ്, എത്ര ഭീകരനാണ് മര്‍ബര്‍ഗ് എന്ന് മനസ്സിലാകുക.
ഈ രോഗത്തിന് വാക്സിന്‍ ഉണ്ടോ?
ഈ വൈറസിനെ തടയുവാനോ, ചികിത്സിക്കുവാനോ അംഗീകൃത വാക്സിനുകള്‍ ഒന്നും തന്നെ നിലവിലില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ധൃതഗതിയിലുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. അവയില്‍ ചിലത് റുവാണ്ടയിലെ ചില രോഗികളില്‍ പരീക്ഷിച്ച് വിജയം കണ്ടതായ റിപ്പോര്‍ട്ടുകളും ഉണ്ട്. നേരത്തെ എബോള വ്യാപന സമയത്ത് പരീക്ഷിച്ച റിംഗ് വാക്സിനേഷന്‍ മാതൃകയാണ് ഇതിലും തുടരുന്നത്. ഇത് പിന്‍പറ്റി ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച മാര്‍ബര്‍ഗ് വാക്സിന്‍ ബ്രിട്ടനില്‍ 46 പേരില്‍ പരീക്ഷിച്ചെങ്കിലും ഇതിന്റെ ഫലം പുറത്തു വിട്ടിട്ടില്ല.
ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഉറപ്പു വരുത്തുന്ന മരുന്നുകള്‍ ഉണ്ടോ?
വാക്സിനുകള്‍ ലഭ്യമല്ലാത്തതുപോലെ ഈ വൈറസ് രോഗത്തെ ചികിത്സിച്ച് ഭേദമാക്കാന്‍ അംഗീകൃത മരുന്നുകളുമില്ല. എന്നിരുന്നാലും, അടുത്തകാലത്തായി ഡ്രഗ് തെറാപ്പികള്‍, ഇമ്മ്യൂണ്‍ തെറാപ്പികള്‍ തുടങ്ങി നിരവധി ചികിത്സാ രീതികള്‍ ലോകാരോഗ്യ സംഘടന വിലയിരുത്തുന്നുണ്ട്. മാത്രമല്ല, രോഗം ബാധിച്ച രോഗി മരണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ റീ ഹൈഡ്രേഷന്‍, ചില ലക്ഷണങ്ങള്‍ക്ക് ശമനം വരുത്തുന്നതിനുള്ള മരുന്നുകള്‍ എന്നിവ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നുണ്ട്. മനുഷ്യ ശരീരത്തിലെ ഫ്‌ലൂയിഡുകളും ഇലക്ട്രോലൈറ്റുകളും തമ്മിലുള്ള സന്തുലനം കാത്തു സൂക്ഷിക്കുക, ഓക്സിജന്‍ ലെവല്‍, രക്ത സമ്മര്‍ദ്ദം എന്നിവ സ്ഥിരതയോടെ കാത്തു സൂക്ഷിക്കുക, നഷ്ടപ്പെട്ട രക്തത്തിന് പകരം രക്തം നല്‍കുക തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.
ഈ വൈറസ് പകരുന്നതെങ്ങിനെ?
വൈറസിനെ ശരീരത്തില്‍ സൂക്ഷിക്കുന്ന വവ്വാലുകള്‍ കൂട്ടത്തോടെ താമസിക്കുന്ന ഖനികള്‍, ഗുഹകള്‍, വനങ്ങള്‍ എന്നിവയുമായി നിതാന്ത സമ്പര്‍ക്കം പുലര്‍ത്തുന്ന മനുഷ്യരിലേക്കാണ് ഇവ ആദ്യ ഘട്ടത്തില്‍ പടരുക. എന്നാല്‍, അതിനു ശേഷം നേരിട്ടുള്ള സമ്പര്‍ക്കം വഴി, ശരീര സ്രവങ്ങളിലൂടെ ഇത് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാം. രോഗ ബാധിതരായവരുടെ വസ്ത്രങ്ങള്‍, അവര്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍ എന്നിവയില്‍ പറ്റുന്ന ശരീര സ്രവങ്ങളിലൂടെയും ഇത് പടരാം. എന്നാല്‍, വായുവിലൂടെ വ്യാപനം സാധ്യമാകാത്തതിനാല്‍ ഇത് കോവിഡിനോളം വ്യാപന ശേഷി ഉള്ള ഒന്നല്ല.
എന്തൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ?
കടുത്ത തലവേദന, പനി, വയറിളക്കം, വയറുവേദന, ഛര്‍ദ്ദി എന്നിവയൊക്കെയാണ് ഇതിന്റെ ആരംഭകാല ലക്ഷണങ്ങള്‍. ഇതിന്റെ ആരംഭകാലത്ത് മറ്റ് ഉഷ്ണമേഖല രോഗങ്ങളായ എബോള, മലേറിയ എന്നിവയില്‍ നിന്നും ഇതിനെ തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടാണ്. കണ്ണുകള്‍ വീര്‍ക്കുകയും, മുഖത്തെ മാംസപേശികള്‍ വലിഞ്ഞു മുറുകുകയും ചെയ്യുന്നതിനാല്‍, ചിലപ്പോള്‍ രോഗികളുടെ മുഖം ഭയപ്പെടുത്തുന്ന വിധം വികൃതമായി തീര്‍ന്നേക്കാം. ഇതിനെ തുടര്‍ന്ന് മൂക്ക്, കണ്ണ്, ചുണ്ടുകള്‍, യോനി തുടങ്ങി വിവിധ ഭാഗങ്ങളിലൂടെ രക്തസ്രാവവും ഉണ്ടാകും.
മാര്‍ബര്‍ഗ് ഭീഷണിയില്‍ ജര്‍മ്മനിയിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ അടച്ചുപൂട്ടി
മാര്‍ബര്‍ഗ് ബാധിച്ചവരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെജര്‍മ്മനിയിലെ ഹാംബര്‍ഗ് റെയില്‍വേ സ്റ്റേഷന്‍ മണിക്കൂറുകളോളം അടച്ചിട്ടു. എമര്‍ജന്‍സി ജീവനക്കാര്‍ എത്തിയ ഉടനെ യാത്രക്കാരെ സുരക്ഷാ സന്നാഹങ്ങളോടെ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഒഴിപ്പിക്കുകയും ചെയ്തു. കണ്ണുകള്‍ ചുവന്ന് വീര്‍ത്ത നിലയിലായിരുന്നു ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ള രണ്ട് യാത്രക്കാരും.
രണ്ട് പേരില്‍ ഒരാള്‍ 26 കാരനായ ജര്‍മ്മന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഹാംബര്‍ഗിലേക്കുള്ള ട്രെയിനില്‍ ഇയാള്‍ തന്റെ കാമുകിക്കൊപ്പം കയറിയത്. ട്രെയിന്‍ യാത്രക്കിടയില്‍ ഇരുവര്‍ക്കും ഫ്‌ലൂവിനോട് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാവുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥി റുവാണ്ടയില്‍ നിന്നും വിമാനത്തില്‍ എത്തിയതായിരുന്നു എന്നും അവിടെ വെച്ച്, പിന്നീട് ഡോക്ടര്‍മാര്‍ മാര്‍ബര്‍ഗ് ബാധ സ്ഥിരീകരിച്ച ഒരു വ്യക്തിയുമായി ഇയാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും ജര്‍മ്മന്‍ പ്രസിദ്ധീകരണമായ ബ്ലിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.