ഈ പ്രായത്തില്‍ ട്രെയിനില്‍ യാത്രചെയ്യാന്‍ കഴിയില്ല; ഫ്ളൈറ്റിന് പണം ചിലവാക്കേണ്ടെന്ന് ഞാനാണ് പാര്‍ട്ടിയോട് പറഞ്ഞത്; പ്രായമായ അമ്മയുടെ കാര്യങ്ങള്‍ നോക്കേണ്ടതിനാലും മാറിനില്‍ക്കാന്‍ പ്രയാസമുണ്ട്; തനിക്ക് പാര്‍ട്ടിയോട് പ്രതിഷേധമോ അനിഷ്ടമോ ഒന്നുമില്ല; പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിക്ക് പോകാത്തതില്‍ വിശദീകരണവുമായി ആര്‍ ശ്രീലേഖ

ഈ പ്രായത്തില്‍ ട്രെയിനില്‍ യാത്രചെയ്യാന്‍ കഴിയില്ല;

Update: 2026-02-09 08:40 GMT

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍മാര്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് പോകാത്തതില്‍ വിശദീകരണവുമായി ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറും മുന്‍ ഐപിഎസ് ഓഫീസറുമായ ആര്‍ ശ്രീലേഖ. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് താന്‍ ഡല്‍ഹി യാത്ര ഒഴിവാക്കിയതെന്നാണ് അവരുടെ വിശദീകരണം. ഈ പ്രായത്തില്‍ തനിക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയില്ല എന്നും ഒരുപാട് പേരുമായി പോകുമ്പോള്‍ പാര്‍ട്ടിക്ക് വലിയ ചിലവ് വരുന്നതിനാല്‍ താന്‍ ഇല്ല എന്ന് അറിയിക്കുകയായിരുന്നുവെന്നും ആര്‍ ശ്രീലേഖ വ്യക്തമാക്കി.

അനാവശ്യമായി പണം ചിലവാക്കുന്നതില്‍ തനിക്ക് താത്പര്യമില്ലെന്നും തനിക്ക് മാത്രമായി ഫ്ളൈറ്റ് ബുക്ക് ചെയ്ത് പണം കളയേണ്ടതില്ലെന്ന് പാര്‍ട്ടിയോട് പറഞ്ഞുവെന്നുമാണ് ശ്രീലേഖ വിശദീകരിച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം. അമ്മയുടെ കാര്യങ്ങള്‍ നോക്കേണ്ടതിനാലും മാറിനില്‍ക്കാന്‍ പ്രയാസമുണ്ട് എന്നും ശ്രീലേഖ വ്യക്തമാക്കി. അമ്മയ്ക്ക് 94 വയസായി. വീട്ടിലെ അസിസ്റ്റന്റ് ലീവിലാണ്. എല്ലാ കാര്യങ്ങളും താന്‍ നോക്കേണ്ടതുണ്ട്. അതിനാല്‍ അഞ്ച് ദിവസം മാറിനില്‍ക്കുക എന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും ശ്രീലേഖ പറഞ്ഞു. തനിക്ക് പാര്‍ട്ടിയോട് പ്രതിഷേധമോ അനിഷ്ടമോ ഒന്നുമില്ല എന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരരംഗത്തുണ്ടാകില്ല എന്നും ശ്രീലേഖ പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബിജെപി നയത്തെ അനുകൂലിക്കുന്ന ആളാണ് താന്‍. നിയമമായിട്ടില്ലെങ്കിലും താത്വകമായി അത് അംഗീകരിക്കുന്ന ആളാണ്. അതിനാല്‍ അഞ്ച് വര്‍ഷത്തേക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കി. തനിക്ക് ചിലവ് വഹിക്കാനുള്ള കഴിവില്ല എന്നും പാര്‍ട്ടിയെക്കൊണ്ട് അത് വഹിപ്പിക്കുന്നില്ല എന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അല്പസമയം മുന്‍പാണ് തലസ്ഥാനത്തെ ബിജെപി കൗണ്‍സിലര്‍മാര്‍ പുറപ്പെട്ടത്. ഇന്ന് രാവിലെ 12.15ന് കേരള എക്‌സ്പ്രസില്‍ മറ്റു കൗണ്‍സിലര്‍മാരോടൊപ്പം ശ്രീലേഖ യാത്ര ചെയ്യില്ല. ഡല്‍ഹിയില്‍ ബിജെപി കേന്ദ്ര നേതൃത്വം സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനാണ് ബിജെപി കൗണ്‍സിലര്‍മാര്‍ യാത്രതിരിച്ചത്. ഫെബ്രുവരി 12നാണ് പരിപാടി. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം മേയര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ ഫെബ്രുവരി ഒന്‍പതിന് പുറപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. ട്രെയിന്‍ കടന്നുപോകുന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രധാന സ്റ്റേഷനുകളില്‍ ബിജെപി പ്രവര്‍ത്തകരും സംഘത്തിനു സ്വീകരണം നല്‍കും.

ബിജെപിക്ക് പുറമേ പിന്തുണ നല്‍കുന്ന സ്വതന്ത്ര കൗണ്‍സിലറും യാത്രയില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍ കോര്‍പറേഷനില്‍ ആദ്യമായി ഭരണം പിടിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ക്കായി പ്രധാനമന്ത്രി അത്താഴവിരുന്നും ഒരുക്കുന്നുണ്ട്. അടുത്തിടെ തിരുവനന്തപുരത്ത് ബിജെപി പൊതുസമ്മേളന വേദിയിലും പ്രധാനമന്ത്രി മോദിയുടെ അടുത്തെത്താതെ ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മേയര്‍ വി.വി. രാജേഷും കെ. സുരേന്ദ്രനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മോദിയെ യാത്രയാക്കുന്ന ഘട്ടത്തിലും ശ്രീലേഖ ആ പരിസരത്തേക്ക് പോലും പോകാതെ ഒറ്റയ്ക്കു മാറിനില്‍ക്കുകയും ചെയ്തു. ഇതു തന്റെ അച്ചടക്കത്തിന്റെ ഭാഗമാണെന്നാണ് അന്ന് ശ്രീലേഖ പ്രതികരിച്ചത്. മുന്‍പ് കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ ആര്‍. ശ്രീലേഖയുടെ വോട്ട് അസാധുവായതും ഏറെ ചര്‍ച്ചയായിരുന്നു.

Tags:    

Similar News