ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നും ജ്യോത്സ്യന്റെ വേഷം അണിഞ്ഞു; ഭക്തരെ ആകര്‍ഷിക്കാന്‍ പറഞ്ഞത് തന്റെ പ്രവചനങ്ങള്‍ കൊണ്ട് പല നടന്മാരെയും രക്ഷപ്പെടുത്തിയെന്ന്; 'ശാസ്ത്രജ്ഞര്‍ പോലും എന്നോട് ചോദിച്ചിട്ടാണ് റോക്കറ്റ് വിടുന്നത്' എന്ന് സോഷ്യല്‍ മീഡിയയില്‍ തള്ളല്‍; അര്‍ജുന്‍ തിരിച്ചെത്തുമെന്ന് പ്രവചിച്ചു; പോക്സോയില്‍ അറസ്റ്റിലായ മുരാരി തന്ത്രി റീല്‍സിലും താരം..!
ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നാണ് ജ്യോത്സ്യന്റെ വേഷം അണിഞ്ഞു
കൊല്ലം: ജീവതത്തില്‍ അധ്വാനിച്ചു ജീവിക്കാന്‍ പാടുപെട്ടവര്‍ തട്ടിപ്പുവഴികളില്‍ സുഖലോലുപരാകുന്ന നിരവധി പേരെ നമുക്കിടയില്‍ കാണാം. ഭക്തിയുടെ വഴിയേ സഞ്ചരിച്ചാണ് ഇത്തരക്കാര്‍ കളംപിടിക്കാറ്. അത്തരത്തിലൊരു തട്ടിപ്പുകാരനാണ് കൊല്ലം വെണ്ടാറില്‍ 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു പോക്‌സോ കേസില്‍പ്രതിയായ ജ്യോത്സ്യന്‍. നാട്ടില്‍ തരികിടയും തട്ടിപ്പുകളും നടത്തിയിരുന്ന രാജന്‍ ബാബു ഒരു സുപ്രഭാതത്തില്‍ ജ്യോത്സ്യന്‍ മുരാരി തന്ത്രിയായി പ്രത്യക്ഷപ്പെടുകയാണ് ഉണ്ടായത്.
അമ്മക്കൊപ്പം എത്തിയ 16കാരിയെ കടന്നുപിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് മുരാരി തന്ത്രി അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവില്‍പോയ ഇയാളെ പോലീസ് ഇന്നാണ് പിടികൂടിയത്. ജ്യോത്സ്യന്‍ മുരാരി തന്ത്രിയെന്ന രാജന്‍ ബാബു സോഷ്യല്‍ മീഡിയ റീല്‍സിലെയും മിന്നും താരമാണ്. മാപ്പിളപ്പാട്ട് പാടി അഭിനയിച്ചും പ്രവചനങ്ങള്‍ നടത്തിയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് ഇയാള്‍.
ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നാണ് ജ്യോത്സ്യന്റെ വേഷം അണിയുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായിരുന്ന ലോറി ഡ്രൈവര്‍ അര്‍ജുന്‍ ജീവനോടെ തിരിച്ചുവരുമെന്ന പ്രവചനവും ഇയാള്‍ നടത്തിയിരുന്നു. ഇത്തരത്തില്‍ തള്ളിന്റെ മാരക വേര്‍ഷനിലുള്ള പ്രചനങ്ങളും ഇയാളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. അര്‍ജുന്റെ വിഷയത്തിലെ പ്രവചനം പാളിയതോടെ വ്യാജ ജ്യോത്സ്യന്‍ എന്ന് വിമര്‍ശനവും ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു.
തന്റെ പ്രവചനങ്ങള്‍ കൊണ്ട് പല നടന്മാരെയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇയാളുടെ പല വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മുരാരി ജ്യോത്സ്യം എന്ന് പേരില്‍ യുട്യൂബ് ചാനലു ഇയാലുടേതായുണ്ട്. 'ശാസ്ത്രജ്ഞര്‍ പോലും എന്നോട് ചോദിച്ചിട്ടാണ് റോക്കറ്റ് വിടുന്നത്' എന്നടക്ക തള്ളിവിട്ടിരുന്നു മുരാരി തന്ത്രി. ഒരു ക്ഷേത്രത്തിലെ മോഷണം പോയ സ്വര്‍ണം പ്രശ്‌നം വെച്ച് കണ്ടുപിടിച്ചു 22 തന്ത്രിമാരെ മലര്‍ത്തി അടിച്ചു എന്നിങ്ങനെ തള്ളിമറിക്കുന്നത്.
നിസ്സഹായരായ മനുഷ്യരുടെ അന്ധവിശ്വാസത്തെ ചൂഷണം ചെയ്യാനുള്ള വഴിയായിരുന്ന മുരാരിക്ക് ജ്യോത്സ്യം. പഴയ കാര്യങ്ങളെല്ലാം അറിയുമ്പോള്‍ തന്നെയാണ് ഇയാള്‍ നാട്ടുകാര്‍ക്കിടയില്‍ വിലസിയത്. സ്ത്രീകള്‍അടക്കമുള്ളവരാണ് ഭക്തിയെ വിശ്വസിക്കുന്നതിന്റെ പേരില്‍ ഇയാളില്‍ നിന്നും ജ്യോതിഷം അറിയാന്‍ എത്തിയിരുന്നത്.
ബാധ ഒഴിപ്പിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ജ്യോത്സ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസില്‍ പ്രതിയായ വെണ്ടാര്‍ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജന്‍ ബാബു ഒളിവില്‍ പോയെങ്കിലും പിന്നീട് പോലീസ് ഇയാളെ പിടികൂടി. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ ജോത്സ്യന്‍ കടന്നുകളഞ്ഞു. ജ്യോതിഷ സംബന്ധമായ കാര്യങ്ങള്‍ക്കായി മുന്‍പും പെണ്‍കുട്ടിയും അമ്മയും മുരാരിയുടെ വീട്ടില്‍ പോയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയെ ധരിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. മന്ത്രവാദത്തിലൂടെ ബാധ ഒഴിപ്പിച്ചുനല്‍കാമെന്നും വിശ്വസിപ്പിച്ചു.
ഇതേത്തുടര്‍ന്ന് ഇന്നലെ ഇവര്‍ മന്ത്രവാദിയുടെ അരീക്കലിലെ വീട്ടിലെത്തിയതായിരുന്നു. രാവിലെ 11 മണിക്ക് എത്തിയ ഇവര്‍ക്ക് മൂന്ന് മണിയോടെയാണ് ജോത്സ്യനെ കാണാന്‍ സാധിച്ചത്. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മാത്രം ഇയാള്‍ മുറിയിലേയ്ക്ക് വിളിപ്പിച്ചു. മകള്‍ പുറത്തേയ്ക്ക് വരാതിരുന്നതിനാല്‍ അമ്മ അകത്തുപോയി നോക്കിയപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ട് പുറത്തുവന്ന് ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ ഇയാളുടെ വീടിനു മുന്‍പില്‍ പ്രതിഷേധവുമായി ആളുകളെത്തി. അതിനിടയില്‍ ഇയാള്‍ സ്ഥലം വിടുകയായിരുന്നു. ഇന്നാണ് പോലീസ് ഇയാളെ പിടുകൂടിയത്.
