'കേരളത്തില്‍ തുടര്‍ഭരണം നല്ലതല്ല; അവസരവാദികള്‍ ഒപ്പം കൂടും; ജനങ്ങള്‍ക്ക് പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ഭയം; ബംഗാളിലെ അനുഭവം ഓര്‍ക്കണം; ഇന്‍ഡ്യ സഖ്യം വന്നാല്‍ ബിജെപി മുഖ്യ പ്രതിപക്ഷമാകും'; നിലപാട് ആവര്‍ത്തിച്ച് കെ സച്ചിദാനന്ദന്‍; സിപിഎമ്മിനുണ്ടായ അപചയമെന്ന് വി ഡി സതീശന്‍; വിമര്‍ശനം ഉള്‍കൊള്ളുമെന്ന് എം വി ഗോവിന്ദന്‍

Update: 2026-02-09 06:36 GMT

തൃശൂര്‍: കേരളത്തില്‍ തുടര്‍ഭരണം നല്ലതല്ലെന്ന നിലപാട് ആവര്‍ത്തിച്ച് കവിയും കേരളാ സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ സച്ചിദാനന്ദന്‍. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളില്‍ സംഭവിച്ചത് തന്നെ ഉദാഹരണമെന്നും സച്ചിദാനന്ദന്‍ പറയുന്നു. രണ്ടുതവണ ഭരിച്ചു കഴിഞ്ഞാല്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്. കോണ്‍ഗ്രസ് ആണ് ഭരിക്കുന്നതെങ്കില്‍ താന്‍ ഇതുതന്നെ പറയും. തുടര്‍ച്ചയായി ഭരണത്തില്‍ ഇരിക്കുന്നത് അഴിമതിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. അവസരവാദികള്‍ ഒപ്പം കൂടും. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണ്. പ്രതിപക്ഷത്ത് ഇരിക്കുന്നത് ശക്തി കൂട്ടാനുള്ള വഴിയാണെന്നും കെ സച്ചിദാനന്ദന്‍ പ്രതികരിച്ചു.

ബംഗാളിലെ അനുഭവം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്, പക്ഷെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോയിട്ടില്ല. എന്നാല്‍ വീണ്ടും ഭരണം കിട്ടിയാല്‍ അങ്ങനെ പോകാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായ ഭരണത്തിലൂടെ അധികാരമോഹികള്‍ പാര്‍ട്ടിയില്‍ വന്നുചേരും അത് പാര്‍ട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. വികസനത്തിന്റെ കാര്യത്തിലും സാക്ഷരതയുടെ കാര്യത്തിലും ഒക്കെ ഇടതു സര്‍ക്കാര്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നാലും ജനങ്ങള്‍ക്ക് പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ഭയം വര്‍ധിച്ചുവരികയാണ്.

അത് ജനാധിപത്യ പാര്‍ട്ടിക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നും തുടര്‍ച്ചയായി ഭരണം ലഭിക്കുമ്പോള്‍ പാര്‍ട്ടി ആഗ്രഹിക്കാത്തവര്‍ പോലും പാര്‍ട്ടിയിലേക്ക് കടന്നുവരുമെന്നും കെ സച്ചിദാനന്ദന്‍ പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുക എന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ജനങ്ങളിലേക്ക് കൂടുതല്‍ വേരാഴ്ത്തുന്നതിനും സഹായിക്കുമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. അതിനാല്‍ ശക്തമായ പ്രതിപക്ഷം ഉണ്ടാകണം, ജയം, തോല്‍വി എന്നതാകരുത് പാര്‍ട്ടികളുടെ ആത്യന്തികമായ ലക്ഷ്യം. തൊഴിലാളികള്‍, കര്‍ഷകര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും കേള്‍ക്കുവാന്‍ ജനാധിപത്യമാണ് ഉണ്ടാകേണ്ടത്. ഇന്ത്യ പോലെയൊരു ബഹുസ്വര രാജ്യത്ത് എല്ലാവരെയും ഒന്നിച്ചുള്ള ഒരു സായുധവിപ്ലവം സാധ്യമല്ല. അതിനാല്‍ ജനാധിപത്യത്തെ എങ്ങനെ യഥാര്‍ത്ഥ ജനാധിപത്യമാക്കി മാറ്റാം എന്ന് ആലോചിക്കുന്നതാണ് സാധ്യമാകുക എന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ആണ് പത്ത് വര്‍ഷം ഭരിച്ചതെങ്കിലും താന്‍ ഇതുതന്നെ പറയുമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. കേരളത്തില്‍ ഇന്‍ഡ്യ സഖ്യം ഒന്നിച്ച് നില്‍ക്കണമെന്ന് പറയുന്നില്ല. കാരണം അങ്ങനെ വരുമ്പോള്‍ ബിജെപി ചിലപ്പോള്‍ പ്രതിപക്ഷമാകും, പിന്നീട് ഭരണം ലഭിച്ചേക്കുമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. മധ്യ, ഉപരി മധ്യവര്‍ഗത്തിന്റെ ആഗ്രഹങ്ങളാണ് പാര്‍ട്ടി സാധിച്ചുകൊടുക്കുന്നത്. സമുദായ സംഘടനകളുമായുള്ള ഐക്യപ്രകടനവും ആരായാലും ചെയ്യാന്‍ പാടില്ല.

അതേസമയം, ശ്രീ നാരായണഗുരുവിന്റെ ആദര്‍ശം തൊട്ടു തീണ്ടിയിട്ടില്ലാത്തവരെ ഗുരുവിനെക്കാള്‍ വലുതാക്കി കാണിക്കുന്നു. ഇത് പാര്‍ട്ടിയ്ക്ക് നല്ലതല്ലെന്ന വിമര്‍ശനവും സച്ചിദാനന്ദന്‍ ഉയര്‍ത്തി. ഗുരുവിന്റെ തത്വങ്ങള്‍ക്ക് എതിരായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവിനെക്കാള്‍ മഹാനാണ് അദ്ദേഹമെന്ന് പറയേണ്ടി വരികയും ചെയ്യുന്ന അവസ്ഥ കമ്മ്യൂണിസ്റ്റുകാരന് മാത്രമല്ല ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല എന്നും സച്ചിദാനന്ദന്‍ പറഞ്ഞു. വര്‍ഗീയമല്ലാത്ത ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കുണ്ട് ഇത് മറന്നുപോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരത്തിലുള്ള സന്ധികള്‍ പാര്‍ട്ടികളെ പിന്നോട്ട് കൊണ്ടുപോകുന്നുവെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത് ആശയങ്ങളുടെ പിന്തുടര്‍ച്ചയാണ് എന്നും അതിന് പകരം വ്യത്യസ്തമായ കാര്യങ്ങള്‍ ഉണ്ടാകുന്നുവെന്നും സച്ചിദാനന്ദന്‍ വിമര്‍ശിച്ചു. ന്യൂനപക്ഷം വളരെ അപകടത്തിലായിരിക്കുന്ന കാലത്ത് അവരുടെയൊപ്പം കമ്മ്യൂണിസ്റ്റുകള്‍ നില്‍ക്കുക എന്നത് പ്രധാനമാണ്. ഭൂരിപക്ഷ സമുദായത്തിലെ വോട്ടുകള്‍ പ്രതീക്ഷിച്ച് അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടാകരുത്. ഇതെല്ലാം തിരുത്താനുള്ള അവസരം ലഭിക്കണമെങ്കില്‍ പ്രതിപക്ഷത്തിരിക്കണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

രാജ്യത്ത് ഭരണകൂട വിമര്‍ശനം എളുപ്പമല്ലാതായി എന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ജനങ്ങളില്‍ ഭയം വേരൂന്നുന്നുണ്ട്. ചോദ്യം ചെയ്യാനും വിമര്‍ശിക്കാനുമെല്ലാം ഭയമാണ്. ഇത് രാജ്യത്തെ ബാധിച്ചിട്ടുണ്ട് എന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സച്ചിദാന്ദന്റെ അഭിപ്രായത്തെ തള്ളിക്കൊണ്ട് മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ രംഗത്തുവന്നു. സച്ചിദാനന്ദന്റെ അഭിപ്രായമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ അണികള്‍ക്കും ജനങ്ങള്‍ക്കുമെന്നും വികസനം തുടരണം എന്നതാണ് എല്ലാവരുടേയും അഭിപ്രായം എന്നുമാണ് ശൈലജ പറഞ്ഞത്

എന്നാല്‍ സച്ചിദാനന്ദന്‍ ഉള്‍പ്പടെ ഉള്ളവരുടെ വിമര്‍ശനം ഉള്‍കൊള്ളുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. ഭരണ തുടര്‍ച്ചയില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തുന്ന വാദങ്ങള്‍ ശരിവയ്ക്കുന്ന പ്രസ്താവനയാണ് കെ സച്ചിദാനന്ദന്റേതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. സിപിഐഎമ്മിന് ഉണ്ടായ അപചയമാണ് സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News