ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി; പാളികള്‍ മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ കൂടുതല്‍ പരിശോധനക്ക് അയക്കും; പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഭരണകാലത്തെ കൊടിമര പുനര്‍നിര്‍മാണത്തിലും പ്രത്യേക അന്വേഷണത്തിനും ഹൈക്കോടതി നിര്‍ദേശം; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഇനിയും വൈകും
ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമലയിലെ സ്വര്‍ണപ്പാളികളില്‍ വീണ്ടും പരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദേശം. സ്വര്‍ണ്ണപ്പാളികളുടെ സാമ്പിളുകള്‍ മുംബൈയിലെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ പരിശോധന നടത്തുമെന്ന് ലഭിക്കുന്ന വിവരം. വിഎസ്എസ്സിയിലായിരുന്നു സാമ്പിളുകള്‍ ആദ്യം പരിശോധനയ്ക്കായി അയച്ചത്. കൊല്ലം വിജിലന്‍സ് കോടതിയില്‍ വിഎസ്എസ്സി സമര്‍പ്പിച്ച റിപ്പോര്‍ട്ട് എസ്ഐടിക്ക് കൈമാറിയിരുന്നു.ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും നല്‍കിയിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു.
ഇതില്‍ വ്യക്തത വരുത്തുന്നതിനായി വിഎസ്എസ്സിക്ക് കഴിയാതെ വന്ന സാഹചര്യത്തിലാണ് പാളികളുടെ സാമ്പിളുകള്‍ മുംബയിലെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ പരിശോധന നടത്തുന്നത്. എസ്‌ഐടിയുടെ ആവശ്യം പരിഗണിച്ച് പാളികളിലെ സാംമ്പിള്‍ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പാളികള്‍ ഏതെങ്കിലും തരത്തില്‍ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വര്‍ണം പാളികളില്‍ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകള്‍ക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്താനുള്ള കോടതി നിര്‍ദേശം. മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലേക്കയച്ച് പരിശോധന നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസില്‍ ഇടക്കാല ഉത്തരവാണ് കോടതി പറഞ്ഞത്.
അതേസമയം ശബരിമലയിലെ കൊടിമര പുനര്‍നിര്‍മാണത്തിലും പ്രത്യേക അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചു. പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഭരണകാലത്തെ കൊടിമര പുനര്‍നിര്‍മാണത്തിലാണ് പ്രത്യേക അന്വേഷണം നടത്തുക. സ്വര്‍ണം പൊതിഞ്ഞ ചെമ്പു പാളികള്‍ മൊത്തത്തില്‍ കടത്തി പുതിയ പാളികള്‍ സ്ഥാപിച്ചതാണോ എന്നതിലാണ് വിഎസ്എസ്സിയുടെ റിപ്പോര്‍ട്ടില്‍ ആശയക്കുഴപ്പമുണ്ടായത്. കൃത്യമായ ഉത്തരം വിഎസ്എസ്സിയുടെ റിപ്പോര്‍ട്ടിലുമില്ല.
1998ല്‍ മെര്‍ക്കുറി ഉപയോഗിച്ചാണ് യുബി ഗ്രൂപ്പ് ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി സ്വര്‍ണം പൊതിഞ്ഞത്. എന്നാല്‍, ചില പാളികളില്‍ മാത്രം മെര്‍ക്കുറിയുടെ അംശം തീരെ കാണുന്നില്ലെന്നാണ് പരിശോധനാ റിപ്പോര്‍ട്ട്. മാസപൂജയ്ക്കായി അടുത്ത ആഴ്ച നട തുറന്നശേഷം സാമ്പിള്‍ ശേഖരിക്കാനാണ് തീരുമാനമെന്നാണ് വിവരം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമലയിലെ സ്വര്‍ണപ്പാളികളില്‍ വീണ്ടും പരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദേശം. അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. ഫെബ്രുവരി 19ന് വീണ്ടും കേസ് പരിഗണിക്കും.
അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു സമര്‍പ്പിച്ച ജാമ്യഹരജിയില്‍ കോടതി നാളെ വാദം കേള്‍ക്കും. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് എന്‍. വാസു ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കട്ടിളപ്പാളി കേസില്‍ മാത്രമാണ് വാസു പ്രതിയായിട്ടുള്ളത്.
അതിനിടെ സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബിജെപിയിലെ പ്രമുഖ നേതാക്കളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡക്കൊപ്പം പോറ്റി നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. 2020 ജനുവരിയില്‍ ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ സ്വര്‍ണവാതിലുകള്‍ സമര്‍പ്പണത്തിന് എത്തിയത് സദാനന്ദ ഗൗഡയായിരുന്നു. കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണനും പരിപാടിക്ക് എത്തിയിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ മാസവും കേസില്‍ കുറ്റപത്രം നല്‍കാനായേക്കില്ല. കുറ്റപത്രം വൈകുന്നതിനെ തുടര്‍ന്ന് ഇരുകേസിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. പോറ്റിയെ കൂടാതെ മുരാരി ബാബുവിനും എസ്. ശ്രീകുമാറിനും ജാമ്യം ലഭിച്ചിരുന്നു. ജയിലില്‍ കഴിയുന്ന മറ്റുള്ളവര്‍ക്കും ഇതോടെ ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്.
2017 ലെ കൊടിമര പുന പ്രതിഷ്ഠയിലും 2025 ല്‍ ദ്വാരപാലക ശില്‍പ്പ പാളികള്‍ വീണ്ടും സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിട്ടതിലും പ്രത്യേകം കേസെടുക്കാനാണ് എസ്‌ഐടിയുടെ ആലോചന. അന്വേഷണം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ ഇതിലും അന്വേഷണം വരും. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലെ ദേവസ്വം ബോര്‍ഡാണ് കൊടിമര പുനപ്രതിഷ്ഠ നടത്തിയത്. ഇതുവഴി അനധികൃത പണപ്പിരിവും വാജീവാഹനം ഉള്‍പ്പെടെയുള്ളവയുടെ അനധികൃത കൈമാറ്റവും നടന്നെന്നാണ് കണ്ടെത്തല്‍. കേസെടുത്താല്‍ അജയ് തറയില്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കാകും.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷണത്തില്‍ ധൃതിവേണ്ടെന്ന നിലപാടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. കേസില്‍ പ്രതികളായ മുരാരി ബാബുവിനെയും എസ്. ശ്രീകുമാറിനെയും വിശദമായി ചോദ്യംചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മറ്റുപ്രതികളേയും ഉടന്‍ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെങ്കിലും ഉടന്‍ അറസ്റ്റുണ്ടാവില്ല. അറസ്റ്റുചെയ്താല്‍ 90 ദിവസത്തിനകം പ്രാഥമിക കുറ്റപത്രമെങ്കിലും നല്‍കണമെന്നാണ് ചട്ടം. ഇതിന് സാധിക്കാതെവന്നാല്‍ പ്രതികള്‍ ജയില്‍മോചിതരാകുന്ന സ്ഥിതിവിശേഷമുണ്ടാകും. പ്രതികളെ അറസ്റ്റുചെയ്യുകയും എന്നാല്‍, കുറ്റപത്രം യഥാസമയം നല്‍കാന്‍ സാധിക്കാതെവരുകയുംചെയ്ത എസ്.ഐ.ടി.യുടെ അബദ്ധം ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് ഇ.ഡി. അന്വേഷണസംഘം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ത്തന്നെ ഇ.ഡി. അന്വേഷണം തുടങ്ങിയെങ്കിലും ജനുവരി ഒന്‍പതിനാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സി.ഐ.ആര്‍.) ഫയല്‍ചെയ്തത്. ഇതിനുശേഷം ജനുവരി 20-ന് കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമുള്‍പ്പെടെയുള്ള 21 ഇടങ്ങളില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു.
പ്രതികളുടെ ചോദ്യംചെയ്യലുകള്‍ക്ക് തുടക്കമിട്ടത് ഫെബ്രുവരി മൂന്നിനാണ്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി കഴിഞ്ഞയാഴ്ച ജയില്‍മോചിതനായ സ്ഥിതിക്ക് ഉടന്‍ ചോദ്യംചെയ്യാനുള്ള സമന്‍സ് നല്‍കും. പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസില്‍ പ്രതികളല്ലാത്തവരുടേതുള്‍പ്പെടെയുള്ള ചോദ്യംചെയ്യല്‍. മുന്‍ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ്, നടന്‍ ജയറാം എന്നിവരുള്‍പ്പെടെ ഈ പട്ടികയില്‍ വന്നേക്കാം.
ശബരിമലക്കേസില്‍ തൊണ്ടിമുതല്‍ കണ്ടെത്താന്‍ എസ്.ഐ.ടി.ക്ക് വെല്ലുവിളിയാണെങ്കില്‍ ഇ.ഡി. അന്വേഷണത്തില്‍ തൊണ്ടിമുതല്‍ നിര്‍ണായകമല്ല. ശബരിമലയില്‍നിന്ന് സ്വര്‍ണം മോഷണംപോയി എന്ന് ഉറപ്പിക്കുകമാത്രമാണ് അന്വേഷണസംഘം ചെയ്യുക. അതുപയോഗിച്ച് പ്രതികള്‍ സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുക എന്നതാണ് പ്രധാനദൗത്യം.
