കാഞ്ഞ ബുദ്ധിയുമായി അഞ്ചരക്കണ്ടിയിലെ 'വില്ലന്മാര്‍'; പാപക്കറ തെളിയിച്ച് അധ്യാപകരുടെ വൈകിയെത്തിയ പരാതി; തുറന്നുകാട്ടുന്നത് ക്രൂരമായ സദാചാര പോലീസിംഗ്; ലോണ്‍ ആപ്പ് ഭീകരതയില്‍ ആ യുവാവിനെ ചേര്‍ത്ത് നിര്‍ത്താതെ ചോദ്യം ചെയ്ത അധ്യാപക ക്രൂരത; ഒടുവില്‍ അസി. പ്രഫ ലതയുടെ വക പരാതി കൊടുക്കല്‍; ആ ആത്മഹത്യയ്ക്ക് ഉത്തരവാദി ലോണ്‍ ആപ്പ് മാത്രമല്ല; നിതിന്‍ രാജിന്റേത് ക്യാമ്പസ് കൊല തന്നെ

Update: 2026-04-13 01:49 GMT

കണ്ണൂര്‍: ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് അധികൃതര്‍ പ്രതിക്കൂട്ടിലാകുന്നു. നിതിന്‍ രാജിനെതിരെ ലോണ്‍ ആപ്പ് മാഫിയയുടെ പേരില്‍ അധ്യാപകര്‍ നടത്തിയ ചോദ്യം ചെയ്യലും മാനസിക പീഡനവുമാണ് ആ ദളിത് വിദ്യാര്‍ത്ഥിയുടെ ജീവനെടുത്തതെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ, രക്ഷപ്പെടാനുള്ള തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കോളേജ് അധികൃതര്‍. നിതിന്‍ രാജിന്റെ മരണശേഷം സൈബര്‍ പോലീസില്‍ അധ്യാപിക നല്‍കിയ പരാതി, കോളേജിനുള്ളില്‍ നടന്ന ക്രൂരമായ സദാചാര പോലീസിംഗിന് തെളിവായി മാറുകയാണ്.

ഒഴിവാക്കാമായിരുന്ന മരണംലോണ്‍ ആപ്പുകാരുടെ ഭീഷണി സന്ദേശങ്ങളും കോളുകളും വന്നപ്പോള്‍ ആ വിദ്യാര്‍ത്ഥിയെ ചേര്‍ത്തുപിടിക്കാനോ പോലീസിനെ അറിയിക്കാനോ തയ്യാറാകാത്തവരാണ് അഞ്ചരക്കണ്ടിയിലെ അധ്യാപകര്‍. പകരം, അവനെ കോളേജില്‍ വെച്ച് ഗുണ്ടകളെപ്പോലെ ചോദ്യം ചെയ്യുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു. ഉത്തരവാദിത്തപ്പെട്ട അധ്യാപകര്‍ കാണിക്കേണ്ട മനുഷ്യത്വത്തിന് പകരം 'സദാചാര പോലീസിംഗിന്റെ' മുഖമാണ് ക്യാമ്പസിനുള്ളില്‍ കണ്ടത്. ആദ്യമേ പോലീസിനെ അറിയിച്ചിരുന്നുവെങ്കില്‍ ഇന്ന് നിതിന്‍ രാജ് ജീവനോടെ ഉണ്ടാകുമായിരുന്നു.

കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ അസിസ്റ്റന്റ് പ്രൊഫസറായ ലത ശശിധരന്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഏപ്രില്‍ 12-ന് രാത്രി വൈകി നല്‍കിയ ഈ പരാതിയില്‍, 9355679185 എന്ന നമ്പറില്‍ നിന്ന് ലോണ്‍ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നിരന്തരം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അധ്യാപിക പറയുന്നു. എന്നാല്‍ നിതിന്‍ രാജ് പ്രതിസന്ധിയിലായിരുന്നപ്പോള്‍ ഈ ജാഗ്രത കാണിക്കാത്ത അധ്യാപകര്‍, അവന്റെ മരണശേഷം സ്വന്തം പദവി സംരക്ഷിക്കാനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും വേണ്ടിയാണ് ഈ എഫ്.ഐ.ആര്‍ ഉപയോഗിക്കുന്നത്.

നിതിന്‍ രാജുമായി കോളേജ് അധികൃതര്‍ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ വൈകിയെത്തിയ പരാതി. വിദ്യാര്‍ത്ഥിക്കെതിരെ കോളേജിനുള്ളില്‍ അധ്യാപകര്‍ നടത്തിയ ചോദ്യം ചെയ്യലും മാനസിക പീഡനവും ലത ശശിധരന്‍ നല്‍കിയ മൊഴിയിലൂടെ കൂടുതല്‍ വ്യക്തമാകുന്നുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 351(2), 308(3) വകുപ്പുകളും ഐടി ആക്ട് 66(ഡി) പ്രകാരവും കേസെടുത്തിട്ടുണ്ടെങ്കിലും, നിതിനെ മരണത്തിലേക്ക് തള്ളിയിട്ട അധ്യാപകരുടെ പങ്കും ഗൗരവമായി അന്വേഷിക്കേണ്ടതുണ്ട്.

പൂക്കോട്ടെ സിദ്ധാര്‍ത്ഥനും ജിഷ്ണു പ്രണോയിക്കും സംഭവിച്ചത് പോലെ ഒരു ദളിത് വിദ്യാര്‍ത്ഥിക്ക് കൂടി ക്യാമ്പസിലെ 'വില്ലന്മാരുടെ' ഇരയാകേണ്ടി വന്നത് കേരളത്തിന് നാണക്കേടാണ്. മനുഷ്യത്വമില്ലാത്ത ഇത്തരം അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

Tags:    

Similar News