ഓര്‍ബന്‍ യുഗം അവസാനിച്ചു; മാറ്റത്തിന്റെ പാതയില്‍ ഹംഗറി: ഓര്‍ബന്റെ വീഴ്ച യൂറോപ്പിലെ തന്നെ വലിയ രാഷ്ട്രീയ മാറ്റം; പീറ്റര്‍ മഗ്യാറിന് ഉജ്ജ്വല വിജയം; റഷ്യന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനം തെരുവില്‍; ഇനി ഹംഗറിയുടെ സഹകരണം യൂറോപ്യന്‍ യൂണിയനുമായി; പുട്ടിന്റെ കൂട്ടുകാരന് വീഴ്ച; ഏകാധിപത്യം തകരുമ്പോള്‍

Update: 2026-04-13 01:27 GMT

ബുഡാപെസ്റ്റ്: ഹംഗറിയില്‍ 16 വര്‍ഷം നീണ്ടുനിന്ന വിക്ടര്‍ ഓര്‍ബന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് പീറ്റര്‍ മഗ്യാറിന്റെ നേതൃത്വത്തിലുള്ള 'തിസ' പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം. ഏകാധിപത്യ സ്വഭാവമുള്ള ഭരണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിശേഷിപ്പിച്ചിരുന്ന ഓര്‍ബന്റെ ഫിഡെസ് പാര്‍ട്ടിയെ നിഷ്പ്രഭമാക്കിയാണ് 45-കാരനായ മുന്‍ പാര്‍ട്ടി അംഗം മഗ്യാര്‍ അധികാരം പിടിച്ചെടുത്തത്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ഹംഗേറിയന്‍ ചരിത്രത്തിലെ റെക്കോര്‍ഡ് പോളിംഗ് (79%) രേഖപ്പെടുത്തി.

ആകെ 199 സീറ്റുകളുള്ള പാര്‍ലമെന്റില്‍ ഭരണഘടന തിരുത്താന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും മറികടന്ന് 138 സീറ്റുകള്‍ മഗ്യാറിന്റെ പാര്‍ട്ടി സ്വന്തമാക്കുമെന്നാണ് പ്രാഥമിക ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. വിക്ടര്‍ ഓര്‍ബന്റെ ഫിഡെസ് പാര്‍ട്ടിക്ക് കേവലം 55 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഔവര്‍ ഹോംലാന്‍ഡ് ആറ് സീറ്റുകള്‍ നേടി.

'നമ്മള്‍ ഇത് സാധിച്ചെടുത്തു, ഹംഗറിയിലെ ഭരണകൂടത്തെ നമ്മള്‍ ഒരുമിച്ച് താഴെയിറക്കി,' എന്ന് ബുഡാപെസ്റ്റിലെ ഡാന്യൂബ് നദീതീരത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്ത് മഗ്യാര്‍ പ്രഖ്യാപിച്ചു. ഫലം പുറത്തുവന്നതിന് പിന്നാലെ വിക്ടര്‍ ഓര്‍ബന്‍ നേരിട്ട് വിളിച്ച് മഗ്യാറിനെ അഭിനന്ദനം അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലം വ്യക്തവും വേദനാജനകവുമാണെന്ന് ഓര്‍ബന്‍ പ്രതികരിച്ചു.

വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പരിഷ്‌കരണം, അഴിമതി തുടച്ചുനീക്കല്‍, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം വീണ്ടെടുക്കല്‍ എന്നിവയാണ് മഗ്യാറിന്റെ പ്രധാന വാഗ്ദാനങ്ങള്‍. ഓര്‍ബന്റെ കാലത്ത് പാര്‍ട്ടി അനുയായികളെ വഴിവിട്ട് സഹായിച്ചിരുന്ന പട്രോണേജ് സംവിധാനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓര്‍ബന്റെ ഭരണകാലത്ത് സര്‍ക്കാര്‍ വിനീതവിധേയമായി പ്രവര്‍ത്തിച്ചിരുന്ന സ്റ്റേറ്റ് മീഡിയയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പായി.

പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഓര്‍ബന്റെ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായി യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ചു പോകാനാണ് മഗ്യാറിന്റെ തീരുമാനം. 'റഷ്യക്കാര്‍ നാടുവിടുക' എന്ന മുദ്രാവാക്യങ്ങളോടെയാണ് മഗ്യാര്‍ അനുയായികള്‍ വിജയം ആഘോഷിച്ചത്. പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നേതാക്കള്‍ മഗ്യാറിനെ അഭിനന്ദിച്ചു.

പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ ആദ്യ വിദേശ സന്ദര്‍ശനം പോളണ്ടിലേക്കായിരിക്കുമെന്ന് മഗ്യാര്‍ പ്രഖ്യാപിച്ചു. നിലവില്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരുന്ന 62-കാരനായ വിക്ടര്‍ ഓര്‍ബന്റെ രാഷ്ട്രീയ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഒരു കാലത്ത് ഹംഗറിയിലെ അജയ്യനായിരുന്ന ഓര്‍ബന്റെ വീഴ്ച യൂറോപ്പിലെ തന്നെ വലിയ രാഷ്ട്രീയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News