നിതിനെ കുടുക്കാന്‍ ലോണ്‍ മാഫിയ അധ്യാപികയെ വിളിച്ചു; നിരന്തര ശല്യത്തില്‍ അധ്യാപിക പൊലീസില്‍ പരാതി നല്‍കി; ഫോണിലെ കോണ്‍ടാക്റ്റുകള്‍ ഹാക്ക് ചെയ്ത് അധ്യാപകര്‍ക്ക് ഭീഷണി സന്ദേശമയച്ചോ? സാമ്പത്തിക പ്രശ്‌നവും മരണകാരണമായോ? ബിഡിഎസ് വിദ്യാര്‍ഥിയുടെ മരണത്തില്‍ രണ്ട് അധ്യാപകര്‍ക്ക് ഏതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം
നിതിനെ കുടുക്കാന്‍ ലോണ്‍ മാഫിയ അധ്യാപികയെ വിളിച്ചു
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് ഒന്നാം വര്‍ഷ ബി. ഡി എസ് വിദ്യാര്‍ത്ഥി തിരുവനന്തപുരം സ്വദേശിയായ നിതിന്‍ രാജിന്റെ (23) മരണത്തില്‍ രണ്ട് അധ്യാപകര്‍ക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഡോ. എം കെ റാം, ഡോ .സംഗീത നമ്പ്യാര്‍ എന്നിവരാണ് പ്രതികള്‍. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍് മാധ്യമങ്ങളെ അറിയിച്ചു. സാമ്പത്തിക പ്രശ്നവും മരണത്തിന് കാരണമായിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്.
നിതിന്‍ രാജ് ലോണ്‍ ആപ്പില്‍ നിന്നും കടം എടുത്തിരുന്നു. നിതിന്റെ കോണ്‍ടാക്ടിലുള്ള രണ്ടു പേരുടെ നമ്പര്‍ ലോണ്‍ ആപ്പ് കമ്പനി കൈവശപ്പെടുത്തി. കോളേജിലെ അധ്യാപികയുടെയും മറ്റൊരു വിദ്യാര്‍ത്ഥിയുടെയും ഫോണ്‍ നമ്പറാണ് ഇവര്‍ കൈവശപ്പെടുത്തിയത്.
ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ, അടയ്ക്കാന്‍ അധ്യാപികയ്ക്ക് നിരന്തരം ശല്യമായി കോള്‍ വന്നു ഇതില്‍ പോലീസില്‍ പരാതി ഉണ്ടായിരുന്നു.
വിദ്യാര്‍ത്ഥിയുടെ മരണത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും എസ്‌ഐടി വിശദമായി അന്വേഷിക്കുമെന്നും സിറ്റി പൊലിസ് കമ്മീഷണര്‍ പി. നിഥിന്‍ രാജ് അറിയിച്ചു. നിതിന്‍രാജിന്റെ മരണത്തില്‍ ആത്മഹത്യാകുറ്റത്തിന് കേസെടുത്ത അദ്ധ്യാപകര്‍ക്കെതിരെഎസ്.സി/എസ്.ടി വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. മരിച്ച നിതിന്‍രാജിന്റെ പിതാവ് രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട് കണ്ണൂര്‍ എ.സി.പി ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. ഒരു ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്ന് നിതിന്‍രാജ് വായ്പ എടുത്തിരുന്നതായും തിരിച്ചടവ് വൈകിയതോടെ ലോണ്‍ ഏജന്റുമാര്‍ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിതിന്‍രാജിന്റെ ഫോണിലെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ ലോണ്‍ ഏജന്‍സി കൈക്കലാക്കിയിരുന്നു. ഇതിലൂടെ വിദ്യാര്‍ത്ഥിയുടെ അധ്യാപകരിലൊരാളെയും ഏജന്റുമാര്‍ ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അധ്യാപികയ്ക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളിലും കോളുകളിലും പ്രത്യേകമായി സൈബര്‍ പോലീസ് സ്റ്റേഷനില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ അറിയിച്ചു.
എന്നാല്‍ പിന്നോക്ക വിഭാഗക്കാരനായ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ജാതി പറഞ്ഞു അധിക്ഷേപിച്ചുവെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ഇതിനു തെളിവായി നിതിന്‍ രാജ് സഹോദരിക്ക് അയച്ച ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. സ്റ്റാഫ് മുറി പോലും ജാതീയമായ പീഡനത്തിനുള്ള സ്ഥലമായി മാറിയെന്നാണ് ആരോപണം. വകുപ്പ് മേധാവി ഉള്‍പ്പെടെയുള്ളവരുടെ അധിക്ഷേപം വിദ്യാര്‍ത്ഥിയില്‍ മാനസിക സംഘര്‍ഷം സൃഷ്ടിച്ചിരുന്നുവെന്നാണ് ആരോപണം. ജാതിയും നിറവും ചൂണ്ടിക്കാട്ടി പുഴുത്ത പട്ടിയെന്ന് പോലും വിളിച്ചു അധിക്ഷേപിച്ചതായാണ് കുടുംബത്തിന്റെ ആരോപണം.
ഏപ്രില്‍ 10ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ നിലയില്‍ നിതിന്‍ രാജിനെ കണ്ടെത്തിയത്. അതി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ഒന്നാം വര്‍ഷ ബിഡിഎസ് കോഴ്‌സിന് മെറിറ്റില്‍ നിതിന്‍ രാജിന് അഡ്മിഷന്‍ കിട്ടുന്നത്.
ഇതിനിടെ നിതിന്‍ രാജിന്റെ മരണത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കോളേജധികാരികളുടെ നിലപാട് സംശയാസ്പദമാണെന്നും പലതും മൂടിവെക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് സ്വാഗതാര്‍ഹമാണ്. അന്വേഷണം മുന്‍വിധിയോടെ പാടില്ലെന്നും നിതിന്‍ രാജിനെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
ഉന്നതവിദ്യാഭ്യാസ മേഖല സംസ്ഥാനത്ത് എത്രമാത്രം ജീര്‍ണിച്ചുവെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ജാതിവിവേചനവും അത്തരം അധിക്ഷേപങ്ങളും കേരളത്തിലും നടക്കുന്നുവെന്നത് നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ വരേണ്യ വത്കരണവും നിലവാര തകര്‍ച്ചയുമാണ് പ്രകടമാക്കുന്നത്.
സംഘ പരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുന്ന ഏജന്റുമാരുടെ റോളില്‍ കേരളത്തിലെ ഭരണകൂടം പ്രവര്‍ത്തിച്ചതിന്റെ പരിണിത ഫലം കൂടിയാണ് ജാതിയധി ക്ഷേപത്തില്‍ മനംനൊന്തുള്ള വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. നിതിന്‍ രാജിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
