വെയിലും വിശപ്പും വകവെച്ചില്ല, ഒടുവില്‍ വീണുപോയി! അടൂര്‍ പ്രകാശിന് പക്ഷാഘാതം; തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ജീവിതത്തിലേക്ക്; രോഗക്കിടക്കയിലും തളരാതെ രണ്ടുപേരുടെ സഹായത്തോടെ ബൂത്തിലെത്തി വോട്ടുചെയ്തു; യുഡിഎഫ് കണ്‍വീനര്‍ക്ക് സ്‌ട്രോക്കുണ്ടായത് രാഹുല്‍ ഗാന്ധിയുടെ പ്രചാരണ ചുമതലയുടെ ചൂടിനിടെ
അടൂര്‍ പ്രകാശിന് പക്ഷാഘാതം
കോന്നി: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തീക്ഷ്ണമായ പോരാട്ടവീര്യം ചിലപ്പോഴൊക്കെ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. കടുത്ത ചൂടിനെ വകവയ്ക്കാതെയാണ് ഇക്കുറി വിവിധ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമൊക്കെ പ്രചാരണത്തിന് ഇറങ്ങിയത്. പ്രചാരണച്ചൂടിനിടെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് പക്ഷാഘാതം ഉണ്ടായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 10 ദിവസം സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രപാപിച്ചുവരുന്നു.
അടൂരില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് അടൂര്‍ പ്രകാശായിരുന്നു. രാഹുലിന്റെ പരിപാടികള്‍ ഗംഭീരമാക്കാന്‍ വിശ്രമമില്ലാതെ ഓടിനടക്കുകയായിരുന്നു അദ്ദേഹം. കഠിനമായ വെയില്‍ വകവെക്കാതെയും സമയത്തിന് ഭക്ഷണം കഴിക്കാതെയും ഉള്ള അലച്ചില്‍ ഒടുവില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഒരു വശത്തിന് തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു, കിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അടൂര്‍ പ്രകാശ് ഇപ്പോള്‍ ഫിസിയോ തെറാപ്പിയും മറ്റും ചെയ്തു സുഖപ്പെട്ടുക്കൊണ്ടിരിക്കുന്നു.
ആരോഗ്യനില വഷളായെങ്കിലും തന്റെ ജനാധിപത്യപരമായ കടമ നിറവേറ്റാന്‍ അദ്ദേഹം വിമുഖത കാണിച്ചില്ല. വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയത് രണ്ടുപേരുടെ സഹായത്തോടെയാണ്. നിലവില്‍ വിദഗ്ദ്ധ ചികിത്സയ്ക്കും ഫിസിയോതെറാപ്പിക്കും അദ്ദേഹം വിധേയനായി വരികയാണ്. ആരോഗ്യനിലയില്‍ ക്രമേണ പുരോഗതി ഉണ്ടെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി മടങ്ങിവരുമെന്ന പ്രതീക്ഷയിലുമാണ് കുടുംബാംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും.
കോന്നി സീറ്റിനായി സമ്മര്‍ദ്ദം
നോരത്തെ മുന്‍ കെ.പി.സി.സി അധ്യക്ഷനും എംപിയുമായ കെ. സുധാകരന്‍ നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ തനിക്ക് കോന്നി സീറ്റ് വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചിരുന്നു. കോന്നി തന്റെ തട്ടകമാണെന്നും പാര്‍ട്ടി അത് പരിഗണിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഫേസ്ബുക്കില്‍ ആദ്യം കുറിപ്പ് ഇടുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കുമെന്നായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. എന്നാല്‍ തന്റെ സീറ്റ് മോഹം അദ്ദേഹം ഉപേക്ഷിച്ചിട്ടില്ലെന്നാണ് അന്നത്തെ നീക്കങ്ങള്‍ സൂചിപ്പിച്ചത്. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായാല്‍ കോന്നിക്കായി ശക്തമായ സമ്മര്‍ദ്ദം ചെലുത്താനായിരുന്നു അടൂര്‍ പ്രകാശിന്റെ നീക്കം.
കോന്നിയില്‍ എന്തു പ്രത്യാഘാതം ഉണ്ടായാലും താന്‍ ഉത്തരവാദി ആയിരിക്കില്ലെന്ന് ഹൈക്കമാന്‍ഡിനെ അദ്ദേഹം അറിയിച്ചതായും വാര്‍ത്ത വന്നു. കോന്നി മണ്ഡലം ജീവിതത്തിന്റെ ഭാഗമാണെന്നും പാര്‍ട്ടി പറഞ്ഞതനുസരിച്ച് മത്സരത്തില്‍ നിന്ന് മാറി നില്‍ക്കുന്നു, പാര്‍ട്ടി പറയുന്നിടത്ത് പ്രവര്‍ത്തിക്കും എന്നുമായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം. പിന്നീട് എംപിമാര്‍ക്ക് സീറ്റില്ലെന്ന കര്‍ശന നിലപാട് ഹൈക്കമാന്‍ഡ് സ്വീകരിച്ചതോടെ ആ ബഹളങ്ങള്‍ കെട്ടടങ്ങി. എന്തായാലും കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ജയം അതോടെ അടൂര്‍ പ്രകാശിന്റെ ഉത്തരവാദിത്വവുമായി. ഇതോടെ, കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു അദ്ദേഹമെന്നാണ് സൂചന.
