'നേമം' രാജീവ് ചന്ദ്രശേഖര്‍ സ്വയം തിരഞ്ഞെടുത്തത് തെറ്റായ പ്രവണത; ബിജെപിക്ക് വോട്ടുവിഹിതം കൂടിയാല്‍ അതിന്റെ ക്രെഡിറ്റ് രാജീവിനല്ല, പ്രവര്‍ത്തകരുടെ വര്‍ഷങ്ങളായുളള അദ്ധ്വാനഫലമാണ്; കോര്‍ ഹിന്ദു വോട്ടുകളെ അവഗണിച്ചുള്ള ക്രൈസ്തവ പ്രീണനവും തിരിച്ചടിയാകും; സുരേഷ് ഗോപി ജയിച്ചത് ക്രൈസ്തവ വോട്ടുകള്‍ കൊണ്ടല്ല; കടുത്ത വിമര്‍ശനങ്ങളുമായി ടി.പി.സെന്‍കുമാര്‍
കടുത്ത വിമര്‍ശനങ്ങളുമായി ടി.പി.സെന്‍കുമാര്‍
തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിനെതിരെയും പാര്‍ട്ടിയുടെ നിലവിലെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കെതിരെയും കടുത്ത വിമര്‍ശനങ്ങളുമായി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി തങ്ങളുടെ പരമ്പരാഗതമായ 'കോര്‍ ഹിന്ദു' വോട്ടുകളെ അവഗണിച്ചുകൊണ്ട് ക്രൈസ്തവ വിഭാഗങ്ങളെ അമിതമായി പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്ന് അദ്ദേഹം ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കി. 'ക്രിസ്ത്യന്‍ ഔട്ട്റീച്ച്' എന്ന പേരില്‍ ക്രൈസ്തവ സഭകളുടെ എല്ലാ ആവശ്യങ്ങള്‍ക്കും മുന്നില്‍ പാര്‍ട്ടി മുട്ടുമടക്കുന്നത് ശരിയല്ലെന്നും, സ്വന്തം ആദര്‍ശങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി സ്വന്തം മൂല്യങ്ങള്‍ പണയപ്പെടുത്തി ക്രൈസ്തവ വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സെന്‍കുമാര്‍ ആരോപിച്ചു.
എഫ്‌സിആര്‍എയില്‍ പ്രത്യേക ഇളവ് അരുത്
വിദേശ ഫണ്ട് നിയന്ത്രണ നിയമമായ എഫ്സിആര്‍എ (FCRA) വിഷയത്തില്‍ ബിജെപി സ്വീകരിക്കുന്ന നിലപാടിനെ സെന്‍കുമാര്‍ പ്രത്യേകം വിമര്‍ശിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി നിയമങ്ങളില്‍ ഇളവ് വരുത്തുന്നത് അപകടകരമാണ്. വിദേശത്തുനിന്ന് വരുന്ന ഫണ്ട് എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കാന്‍ എല്ലാ സംഘടനകള്‍ക്കും ബാധ്യതയുണ്ടെന്നും, അത് ക്രൈസ്തവ സംഘടനകള്‍ക്ക് മാത്രമായി ബാധകമായ ഒന്നല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് രാജ്യസുരക്ഷയെത്തന്നെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. നിയമം എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ ബാധകമാകണം. ഫണ്ട് ദുരുപയോഗം തടയുക എന്നത് രാജ്യസുരക്ഷയുടെ ഭാഗമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാജീവ് ചന്ദ്രശേഖറിന് വിമര്‍ശനം
സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രവര്‍ത്തന ശൈലിയെയും സ്ഥാനാര്‍ത്ഥിത്വത്തെയും സെന്‍കുമാര്‍ രൂക്ഷമായി പരിഹസിച്ചു. ബിജെപിക്ക് വിജയസാധ്യത കൂടുതലുള്ള നേമം മണ്ഡലം രാജീവ് ചന്ദ്രശേഖര്‍ സ്വയം തിരഞ്ഞെടുത്തത് തെറ്റായ പ്രവണതയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വം തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നതിന് പകരം സ്വന്തം വിജയത്തിന് വേണ്ടി ഒരു മണ്ഡലത്തിലേക്ക് ഒതുങ്ങുന്നത് പാര്‍ട്ടിയുടെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കും. ഇത്തവണ കേരളത്തില്‍ ബിജെപിക്ക് വോട്ട് വിഹിതം കൂടിയാല്‍ അതിന്റെ ക്രെഡിറ്റ് രാജീവ് ചന്ദ്രശേഖറിന് അവകാശപ്പെട്ടതല്ലെന്നും, അത് വര്‍ഷങ്ങളായുള്ള സാധാരണ പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന അധ്യക്ഷന്മാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ എസ് രാധാകൃഷ്ണനെ അവഗണിക്കുന്നതില്‍ അമര്‍ഷം
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ഡോ. കെ.എസ്. രാധാകൃഷ്ണനെ അവഗണിച്ചതിലും സെന്‍കുമാര്‍ അമര്‍ഷം രേഖപ്പെടുത്തി. പാര്‍ട്ടിയിലെ പണ്ഡിതനും മികച്ച പ്രാസംഗികനുമായ രാധാകൃഷ്ണനെ കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനെ സെന്‍കുമാര്‍ വിമര്‍ശിച്ചു. ധീവര സമുദായത്തില്‍ നിന്നുള്ള അദ്ദേഹത്തെ 'തൂക്കിയെറിഞ്ഞ' നടപടി അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു വോട്ടുകളെ അവഗണിക്കുന്ന നേതൃത്വം വിശ്വകര്‍മ്മ പോലുള്ള പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ല. ജയിക്കാന്‍ സാധ്യതയില്ലാത്ത സീറ്റുകള്‍ നല്‍കി ഇത്തരം സമുദായങ്ങളെ ഒതുക്കുകയാണ് ചെയ്യുന്നത്.
സുരേഷ് ഗോപി ജയിച്ചത് ക്രൈസ്തവ വോട്ടുകള്‍ കൊണ്ടല്ല
ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും ക്രൈസ്തവ വോട്ടുകള്‍ കാര്യമായി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശ്ശൂരില്‍ സുരേഷ് ഗോപി നേടിയ വിജയം കേവലം ക്രൈസ്തവ വോട്ടുകള്‍ കൊണ്ടാണെന്ന വാദത്തെയും അദ്ദേഹം തള്ളി. തൃശ്ശൂര്‍ 68 ശതമാനത്തോളം ഹിന്ദു വോട്ടര്‍മാരുള്ള മണ്ഡലമാണ്. സുരേഷ് ഗോപിയുടെ വ്യക്തിപരമായ ഇമേജും സേവനപ്രവര്‍ത്തനങ്ങളുമാണ് അവിടെ വിജയത്തിന് കാരണമായത്. പ്രത്യേകിച്ച് സ്ത്രീകള്‍ രാഷ്ട്രീയത്തിന് അതീതമായി അദ്ദേഹത്തെ പിന്തുണച്ചു. അത് 'ക്രിസ്ത്യന്‍ ഔട്ട്റീച്ചിന്റെ' വിജയമായി വ്യാഖ്യാനിക്കരുതെന്നും സെന്‍കുമാര്‍ പറഞ്ഞു.
