പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയും ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ ആഴവും ഒരുപോലെ വഴങ്ങുന്ന സ്വരം ബോളിവുഡിന്റെ ഹൃദയമിടിപ്പായി മാറിയത് അതിവേഗം; പ്രായം കൂടുന്തോറും കൂടുതല്‍ മിഴിവേകിയ ശബ്ദം; ഡാന്‍സ് നമ്പറുകളില്‍ മാത്രം ഒതുങ്ങാതെ ഗസലുകളിലും ഭജനുകളിലും നിറഞ്ഞു; ആ ശബ്ദം ജീവിതത്തിന്റെ ആഘോഷവും വികാരങ്ങളുടെ വേലിയേറ്റവുമായി; ആരായിരുന്നു ആശാ ഭോസ്ല?
മുംബൈ: പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയും ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ ആഴവും ഒരുപോലെ ആവാഹിച്ച ആ മാസ്മരിക സ്വരം ഇനി ഓര്‍മ്മ. ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ സുവര്‍ണ്ണ യുഗത്തിന്റെ അവസാനത്തെ കണ്ണി കൂടിയായ ആശാ ഭോസ്ലെ (92) അന്തരിക്കുമ്പോള്‍ സംഗീത പ്രേമികള്‍ക്ക് അതൊരു വലിയ നഷ്ടമാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലതാ മങ്കേഷ്‌കര്‍ എന്ന വാനമ്പാടിയുടെ നിഴലില്‍ നിന്ന് സ്വന്തമായൊരു സംഗീത സാമ്രാജ്യം വെട്ടിപ്പിടിച്ച ആ പോരാട്ടവീര്യം കൂടിയാണ് ഇതോടെ ചരിത്രത്തിലേക്ക് മായുന്നത്.
1943-ല്‍ ഒമ്പതാം വയസ്സില്‍ സംഗീതയാത്ര തുടങ്ങുമ്പോള്‍ 'ലതയുടെ അനിയത്തി' എന്നതായിരുന്നു ആശയുടെ മേല്‍വിലാസം. അപ്പോഴേക്കും ലത സംഗീത ലോകത്ത് തന്റെ സാമ്രാജ്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. 50-കളില്‍ സംഗീത സംവിധായകരുടെ ആദ്യ ചോയിസ് ലതയായിരുന്നു. ലത പാടാന്‍ വിസമ്മതിക്കുന്ന പാട്ടുകളോ, ലതയുടെ ശബ്ദത്തിന് ഇണങ്ങാത്ത രണ്ടാം നിര ഗാനങ്ങളോ ആയിരുന്നു തുടക്കത്തില്‍ ആശയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ തളരാന്‍ അവര്‍ തയ്യാറല്ലായിരുന്നു. ലതയുടെ നിഴലില്‍ നിന്ന് മാറി അവര്‍ സ്വന്തമായി ഒരു സിംഹാസനം തന്നെ തീര്‍ത്തു.
ബോളിവുഡില്‍ ഡാന്‍സ് നമ്പറുകളുടെ പര്യായമായിരുന്നു ആശാ ഭോസ്ലെ. 'കാരവാനി'ലെ പിയ തു അബ് തോ ആ ജാ, 'ഡോണി'ലെ യേ മേരാ ദില്‍, 'ഹരേ രാമ ഹരേ കൃഷ്ണ'യിലെ വിപ്ലവകരമായ ദം മാരോ ദം എന്നിവ ഇന്ത്യന്‍ സംഗീതത്തെ ഇന്നും ആവേശം കൊള്ളിക്കുന്ന ഗാനങ്ങളാണ്. 60-കളിലും 70-കളിലും നര്‍ത്തകി ഹെലന്റെ ചുവടുകള്‍ക്ക് ജീവന്‍ നല്‍കിയത് ആശയുടെ ശബ്ദമായിരുന്നു. ആക്ഷന്‍ സിനിമകളിലെ വേഗതയും റൊമാന്റിക് സിനിമകളിലെ പ്രണയവും ഒരുപോലെ ആ ശബ്ദത്തില്‍ ലയിച്ചു. ബോളിവുഡിന്റെ ഹൃദയമിടിപ്പായി ആ സ്വരം മാറി.
പ്രായം കൂടുന്തോറും കൂടുതല്‍ മിഴിവേകുന്നതായിരുന്നു ആശയുടെ ശബ്ദം. ഡാന്‍സ് നമ്പറുകളില്‍ മാത്രം ഒതുങ്ങാതെ ഗസലുകളിലും ഭജനുകളിലും അവര്‍ തന്റെ കൈമുദ്ര പതിപ്പിച്ചു. 'ഉംറാവോ ജാനി'ലെ ഗസലുകള്‍ ആശയിലെ ഗായികയുടെ മറ്റൊരു മുഖം ലോകത്തിന് കാട്ടിക്കൊടുത്തു. ആര്‍.ഡി. ബര്‍മ്മന്‍ സംഗീതം നല്‍കിയ 'തീസ്രി മന്‍സിലി'ലെ 'ആജാ ആജാ മേ ഹൂം പ്യാര്‍ തേര' എന്ന ഗാനം പാടാന്‍ ഭയന്ന് വിറച്ചു നിന്ന തനിക്ക് ധൈര്യം നല്‍കിയത് ചേച്ചി ലതയാണെന്ന് അവര്‍ എന്നും കൃതജ്ഞതയോടെ സ്മരിച്ചിരുന്നു. മൃതദേഹം നാളെ രാവിലെ 11 മണി മുതല്‍ ലോവര്‍ പരേലിലെ വസതിയായ 'കാസ ഗ്രാന്‍ഡെ'യില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. എട്ടു പതിറ്റാണ്ടുകളിലായി അവര്‍ പാടിവെച്ച പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ ആശാ ഭോസ്ലെ എന്ന ഇതിഹാസം അനശ്വരമായി തുടരും.
പ്രായം കൂടുന്തോറും കൂടുതല്‍ മിഴിവേകുന്നതായിരുന്നു ആശയുടെ ശബ്ദം. ഡാന്‍സ് നമ്പറുകളില്‍ മാത്രം ഒതുങ്ങാതെ ഗസലുകളിലും ഭജനുകളിലും അവര്‍ തന്റെ കൈമുദ്ര പതിപ്പിച്ചു. ആശയുടെ ശബ്ദം ജീവിതത്തിന്റെ ആഘോഷവും വികാരങ്ങളുടെ വേലിയേറ്റവുമായിരുന്നു. പുതിയ ഗാനങ്ങളിലൂടെ ആ സ്വരം ഇനി നമ്മെ തേടിയെത്തില്ല എന്നത് സംഗീത പ്രേമികള്‍ക്ക് തീരാനഷ്ടമാണ്.
1933 സെപ്റ്റംബര്‍ 8-ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ജനനം. പ്രശസ്ത സംഗീതജ്ഞന്‍ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറുടെ മകളാണ്. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കരിന്റെ സഹോദരി ആണ്. ഒമ്പതാം വയസ്സില്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് കുടുംബം മുന്നോട്ട് കൊണ്ടുപോകാനായാണ് ആശാ ഭോസ്‌ലെ സഹോദരി ലതയ്ക്കൊപ്പം സിനിമയില്‍ പാടാനും അഭിനയിക്കാനും തുടങ്ങിയത്. 1943-ല്‍ 'മജാ ബാല്‍' എന്ന മറാത്തി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1948-ല്‍ 'ചുനരിയ'യിലൂടെ ഹിന്ദി സിനിമയില്‍ തുടക്കം കുറിച്ചു.
എട്ട് പതിറ്റാണ്ടിലേറെ നീണ്ട സംഗീത യാത്രയില്‍ വിവിധ ഭാഷകളിലായി 12,500-ലധികം ഗാനങ്ങള്‍ അവര്‍ ആലപിച്ചിട്ടുണ്ട്. 'അഭി ന ജാവോ ഛോദ് കര്‍', 'ഇന്‍ അങ്കോന്‍ കി മസ്തി', 'പിയാ തു അബ് തോ ആജാ' തുടങ്ങിയ വിഖ്യാത ഗാനങ്ങള്‍ ഇന്നും അനശ്വരമാണ്. 1977-ല്‍ പുറത്തിറങ്ങിയ 'സുജാത' എന്ന സിനിമയില്‍ എം.എസ്. വിശ്വനാഥന്റെ സംഗീതത്തില്‍ പാടിയ 'സ്വയംവര ശുഭദിനം' ആണ് ആശാ ഭോസ്ലെ മലയാളത്തില്‍ ആലപിച്ച ഒരേയൊരു ഗാനം.
ശാസ്ത്രീയ സംഗീതം, ഗസല്‍, ഭജന്‍, പോപ്പ്, ഖവാലി എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രാവീണ്യം തെളിയിച്ചു. ഹിന്ദിക്ക് പുറമെ 20ലധികം ഭാഷകളില്‍ പാടിയിട്ടുണ്ട്. ഒ പി നയ്യാര്‍, സച്ചിന്‍ ദേവ് ബര്‍മ്മന്‍, ആര്‍ ഡി ബര്‍മന്‍ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരോടൊപ്പം അനശ്വരമായ നിരവധി ഗാനങ്ങളുടെ ഭാ?ഗമായി. ലോകത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത കലാകാരിയായി 2011-ല്‍ അംഗീകരിക്കപ്പെട്ടു. 2013-ല്‍ 'മായി' എന്ന ചിത്രത്തിലൂടെ 79-ാം വയസില്‍ നായികയായി അരങ്ങേറ്റം കുറിച്ചു.
1981ല്‍ 'ഉംറാവോ ജാന്‍' (ഗസലുകള്‍), 1987ല്‍ 'ഇജാസത്ത്' എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2000ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, 2008ല്‍ പത്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ആദരിച്ചു. ഒമ്പത് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ (ലൈഫ് ടൈം അച്ചീവ്‌മെന്റ് ഉള്‍പ്പെടെ), രണ്ട് ഗ്രാമി നോമിനേഷനുകള്‍ എന്നിവ ലഭിച്ചിട്ടുണ്ട്.
