ഇരുട്ടിനെ വെല്ലുന്ന ഇച്ഛാശക്തി! രാജ്യത്ത് തന്നെ ഇതാദ്യം; 90 ശതമാനം കാഴ്ചയില്ലെങ്കിലും ഇനി കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പി.ആര്‍.ഒ; മാധ്യമരംഗത്തെ ജോലി പോയിട്ടും പൊരുതി ജയിച്ചു; ഭാര്യ വായിച്ചു കൊടുത്തു, പ്രദീപ് കേട്ടു പഠിച്ചു; 52-ാം വയസ്സില്‍ പി.എസ്.സി പരീക്ഷ എഴുതി നേടിയത് സ്വപ്ന തുല്യമായ നേട്ടം; ഈ പോരാട്ടത്തിന് മുന്നില്‍ ബിഗ് സല്യൂട്ട്!

90 ശതമാനം കാഴ്ചയില്ലെങ്കിലും ഇനി കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പി.ആര്‍.ഒ

Update: 2026-04-12 15:03 GMT

കൊച്ചി: വിധിയുടെ ക്രൂരതയില്‍ കാഴ്ച മങ്ങിയിട്ടും ലക്ഷ്യബോധത്തിന്റെ തെളിച്ചം ഒട്ടും ചോരാതെ പോരാടിയ ഒരു മനുഷ്യന്‍ ഇന്ന് കേരളത്തിന്റെ ചരിത്രരേഖകളില്‍ ഇടംപിടിക്കുകയാണ്. സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ ആദ്യമായി പി.എസ്.സി വഴി പി.ആര്‍.ഒ (Public Relations Officer) നിയമനം നടക്കുമ്പോള്‍, അവിടെ വിസ്മയമാകുന്നത് 90 ശതമാനം കാഴ്ചപരിമിതിയുള്ള പ്രദീപ് ബി.ജെ എന്ന 54-കാരനാണ്.

തന്റെ 52-ാം വയസ്സില്‍ ഒരു സഹായിയുടെ സഹായത്തോടെ പരീക്ഷാഹാളിലിരുന്ന പ്രദീപ്, വെറുമൊരു ഉദ്യോഗാര്‍ത്ഥിയായിരുന്നില്ല; മറിച്ച്, പ്രതിബന്ധങ്ങളെ ആത്മവിശ്വാസം കൊണ്ട് മറികടക്കാമെന്ന് തെളിയിച്ച പോരാളിയായിരുന്നു. ദൃശ്യമാധ്യമ രംഗത്തെ തിളക്കമുള്ള കരിയര്‍ അപ്രതീക്ഷിതമായി വന്ന 'റെറ്റിനൈറ്റിസ് പിഗ്മെന്റോസ' എന്ന രോഗം കവര്‍ന്നെടുത്തെങ്കിലും, അവിടെ തളര്‍ന്നുപോകാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഓഫീസ് അറ്റന്‍ഡന്റായി സര്‍ക്കാര്‍ സര്‍വീസില്‍ കയറി, പടിപടിയായി ഉയര്‍ന്ന് ഇപ്പോള്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പി.ആര്‍.ഒ എന്ന ഉന്നത പദവിയിലേക്ക് അദ്ദേഹം നടന്നടുക്കുന്നു.

ഭാര്യ ബിന്ദു വായിച്ചുനല്‍കിയ പുസ്തകങ്ങളും യൂട്യൂബിലെ ശബ്ദരേഖകളും മനക്കണ്ണില്‍ കുറിച്ചുവെച്ചാണ് പ്രദീപ് ഈ വിജയം വെട്ടിപ്പിടിച്ചത്. കേരളത്തിലെന്നല്ല, ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ ഇതാദ്യമായാകും ഇത്രയും ഉയര്‍ന്ന കാഴ്ചപരിമിതിയുള്ള ഒരാള്‍ സര്‍വ്വകലാശാല പി.ആര്‍.ഒ ആയി നിയമിതനാകുന്നത്. അസാധ്യമായി ഒന്നുമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പ്രദീപിന്റെ ഈ വിജയഗാഥ ഒരോ ഉദ്യോഗാര്‍ത്ഥിക്കും ഒരു വലിയ പാഠപുസ്തകമാണ്.

എറണാകുളം ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്ററായി ജോലി ചെയ്യുകയായിരുന്നു പ്രദീപ്. കഴിഞ്ഞ ആഴ്ച നിയമന ഉത്തരവ് ലഭിച്ച അദ്ദേഹം കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പി.ആര്‍.ഒ ആയി ചേരും.

പ്രദീപ് പറയുന്നത്

'സംസ്ഥാനത്തെ ഒരു സര്‍വ്വകലാശാലയില്‍ പി.ആര്‍.ഒ ആയി കാഴ്ചപരിമിതിയുള്ള ഒരാള്‍ നിയമിക്കപ്പെടുന്നത് ഇതാദ്യമായാണ്. രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമായിരിക്കും ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു,' 54 കാരനായ പ്രദീപ് 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട്' പറഞ്ഞു.

കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് പുറമെ കാലിക്കറ്റ് സര്‍വ്വകലാശാല, കേരള ആരോഗ്യ സര്‍വ്വകലാശാല (തൃശൂര്‍), കുസാറ്റ് (കൊച്ചി), എം.ജി സര്‍വ്വകലാശാല (കോട്ടയം), കേരള സര്‍വ്വകലാശാല, കേരള സാങ്കേതിക സര്‍വ്വകലാശാല (KTU) എന്നിവിടങ്ങളിലും സ്ഥിരം പി.ആര്‍.ഒമാരെ ലഭിക്കും.

2022-ലാണ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചതെന്ന് പ്രദീപ് പറഞ്ഞു. തുടര്‍ന്ന് 400 ഓളം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതുകയും 62 പേര്‍ അഭിമുഖത്തിനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

'52-ാം വയസ്സില്‍ ഒരു സഹായിയുടെ (scribe) പിന്തുണയോടെയാണ് ഞാന്‍ പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു അഭിമുഖം. എന്റെ പഠനമെല്ലാം ഓഡിയോ വഴിയായിരുന്നു. പിന്നീട് യൂട്യൂബിന്റെ സഹായത്തോടെ പഠനം തുടര്‍ന്നു. ഞാന്‍ കേട്ടിരിക്കെ എന്റെ ഭാര്യ ബിന്ദു പുസ്തകങ്ങള്‍ ഉറക്കെ വായിച്ചു തരും; അങ്ങനെയായിരുന്നു എന്റെ തയ്യാറെടുപ്പ്. എനിക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ കണ്ടെത്തി നല്‍കിയതും അവളാണ്. എന്റെ സ്വപ്ന ജോലി സ്വന്തമാക്കാന്‍ വേണ്ടി, രാത്രി വൈകിയും പുലര്‍ച്ചെ ഓഫീസില്‍ പോകുന്നതിന് മുന്‍പും ഞങ്ങള്‍ ഒരുമിച്ചിരുന്ന് പഠിക്കുമായിരുന്നു,' പ്രദീപ് പറഞ്ഞു.

കാഴ്ച നഷ്ടപ്പെട്ടതോടെ ദൃശ്യമാധ്യമ രംഗത്തെ ജോലി ഉപേക്ഷിച്ച് ഓഫീസ് അറ്റന്‍ഡന്റായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം, പൊതുമരാമത്ത്, ആരോഗ്യ വകുപ്പുകളിലായി സ്ഥാനക്കയറ്റം നേടിയാണ് ഈ നിലയിലെത്തിയത്.

തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ സ്വദേശിയാണ് പ്രദീപ്. കേരള സര്‍വ്വകലാശാലയില്‍ നിന്ന് ജേണലിസത്തിലും കമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദവും, സി-ഡിറ്റില്‍ (C-DIT) നിന്ന് സയന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മ്യൂണിക്കേഷനില്‍ പിജി ഡിപ്ലോമയും അദ്ദേഹം നേടിയിട്ടുണ്ട്.

Tags:    

Similar News