ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മൂന്ന് പ്രതികള്‍ കൂടി; പാളികളിലെ സ്വര്‍ണ്ണം കട്ടവര്‍ കുടുങ്ങും; മെര്‍ക്കുറി മാഞ്ഞുപോയത് എങ്ങനെ? മറുപടി തേടി ഹൈക്കോടതി; എസ്‌ഐടിയോട് നിര്‍ണ്ണായക പരിശോധനയ്ക്ക് ഉത്തരവ്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മൂന്ന് പ്രതികള്‍ കൂടി

Update: 2026-02-09 15:54 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മൂന്നുപേരെക്കൂടി പ്രതിചേര്‍ക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഹൈക്കോടതിയെ അറിയിച്ചു. കേസിലെ സ്വര്‍ണപ്പാളികളുടെ സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച് പരിശോധന നടത്താനും ഹൈക്കോടതി ഉത്തരവിട്ടു.

ശബരിമലയിലെ ദ്വാരപാലക പാളി മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെയും കട്ടിളപ്പാളി കേസില്‍ ഒരാളെയുമാണ് പ്രതിചേര്‍ക്കുന്നത്. നാലുപേരുടെ പങ്കാളിത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയ എസ്ഐടി, ഇതില്‍ മൂന്നുപേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചതായി കോടതിയെ ധരിപ്പിച്ചു.

വിഎസ്എസ്സിയില്‍ നടത്തിയ പ്രാഥമിക പരിശോധനയിലെ ആശയക്കുഴപ്പങ്ങളെത്തുടര്‍ന്നാണ് സാമ്പിളുകള്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ മൊത്തമായി മാറ്റി പുതിയവ സ്ഥാപിച്ചതാണോ, നിലവില്‍ പാളികളില്‍ എത്രമാത്രം സ്വര്‍ണമുണ്ട്, പാളികള്‍ക്ക് മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നിവയാണ് പുതിയ പരിശോധനയുടെ പ്രധാന ലക്ഷ്യം.

1998-ല്‍ യുബി ഗ്രൂപ്പ് മെര്‍ക്കുറി ഉപയോഗിച്ചാണ് ശ്രീകോവിലിലെ കട്ടിളപ്പാളി സ്വര്‍ണം പൂശിയത്. എന്നാല്‍ ചില പാളികളില്‍ മെര്‍ക്കുറിയുടെ അംശം തീരെ കാണുന്നില്ലെന്ന് മുന്‍ പരിശോധന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത് ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് എസ്ഐടി വീണ്ടും പരിശോധന ആവശ്യപ്പെട്ടത്.

അടുത്തയാഴ്ച മാസപൂജകള്‍ക്കായി നട തുറക്കുമ്പോള്‍ സാമ്പിളുകള്‍ ശേഖരിക്കാനാണ് തീരുമാനം. കേസിന്റെ വാദം അടച്ചിട്ട മുറിയിലാണ് നടന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ചില സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ശബരിമലയിലെ കൊടിമരത്തിന്റെ കാര്യത്തിലും പ്രത്യേക അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേസ് ഫെബ്രുവരി 19-ന് വീണ്ടും പരിഗണിക്കും. എസ്ഐടി സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് പാളി പരിശോധന വീണ്ടും നടത്താന്‍ തീരുമാനമായത്. ഈ സമഗ്രമായ അന്വേഷണം, ശബരിമലയിലെ സ്വര്‍ണപാളികളെക്കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News