കോഴിക്കോട്ട് ഇരട്ട പ്രഹരം; പക്ഷിപ്പനിക്കു പിന്നാലെ ഷിഗല്ല ഭീതിയും, പെരുവയലില്‍ ഉറവിടം കണ്ടെത്താനായില്ല; 51 പേര്‍ നിരീക്ഷണത്തില്‍; തിരഞ്ഞെടുപ്പ് കാലത്ത് രോഗ ഭീതിയില്‍ ഒരു ഗ്രാമം; ആനക്കുഴിക്കരയില്‍ ആശങ്ക ശക്തം; ഉത്തരമില്ലാതെ ആരോഗ്യ സംവിധാനങ്ങള്‍

Update: 2026-03-22 03:41 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആരോഗ്യരംഗം കടുത്ത വെല്ലുവിളി നേരിടുന്നു. പെരുവയല്‍ പഞ്ചായത്തില്‍ ഷിഗല്ല രോഗലക്ഷണങ്ങളോടെ 51 പേര്‍ നിരീക്ഷണത്തിലായതോടെ നാട് ഭീതിയിലായിരിക്കുകയാണ്. രോഗവ്യാപനത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നത് ആരോഗ്യവകുപ്പിന് വലിയ തലവേദനയാകുന്നു. ഒരാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നു വരികയാണ്.

കുടിവെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ ആകാം രോഗം പടര്‍ന്നതെന്ന സംശയത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കിണറുകള്‍ ക്ലോറിനേഷന്‍ നടത്താനും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. വിസര്‍ജ്യത്തിലൂടെ പടരുന്ന രോഗമായതിനാല്‍ വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുടുംബശ്രീ വഴിയും ആശാ വര്‍ക്കര്‍മാര്‍ വഴിയും വീടുകളില്‍ നേരിട്ടെത്തി ബോധവല്‍ക്കരണം നടത്തുന്നുണ്ട്.

അതേസമയം, ജില്ലയിലെ നാല് പഞ്ചായത്തുകളിലും കോഴിക്കോട് കോര്‍പ്പറേഷനിലെ നല്ലളം ഡിവിഷനിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ തുടരുകയാണ്. രോഗം കണ്ടെത്തിയ പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ ആര്‍.ആര്‍.ടി സംഘത്തിന്റെ നേതൃത്വത്തില്‍ കൊന്നൊടുക്കി. മൃഗസംരക്ഷണ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഈ ദൗത്യം നിര്‍വ്വഹിക്കുന്നത്. രോഗം പടരാതിരിക്കാന്‍ ശാസ്ത്രീയമായ രീതിയില്‍ പക്ഷികളെ സംസ്‌കരിക്കുന്ന നടപടികളും പൂര്‍ത്തിയായി വരുന്നു.

രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ്, കാട എന്നിവയുള്‍പ്പെടെയുള്ള പക്ഷികളുടെ വിപണനത്തിനും ഉപയോഗത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ ചിക്കന്‍ സ്റ്റാളുകളും മുട്ട വില്പന കേന്ദ്രങ്ങളും താല്‍ക്കാലികമായി അടപ്പിച്ചു. പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അസാധാരണമായ രീതിയില്‍ പക്ഷികള്‍ ചാവുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ മൃഗസംരക്ഷണ വകുപ്പിനെയോ കണ്‍ട്രോള്‍ റൂമിലോ വിവരമറിയിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പനിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണം. ശുചിത്വ പരിപാലനത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. ഷിഗല്ലയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ ലാബുകളില്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ ഇതില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട് ഷിഗല്ല ബാധയെത്തുടര്‍ന്ന് മൂന്നര വയസ്സുകാരി മരിച്ചിരുന്നു. കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കരയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച മരണം സംഭവിച്ചെങ്കിലും, പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് മരണകാരണം ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചത്. കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ മറ്റ് മൂന്ന് കുട്ടികള്‍ക്കും നിലവില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ ആനക്കുഴിക്കര പ്രദേശത്തെ അഞ്ച് പേര്‍ക്ക് കൂടി സമാനമായ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെയാണ് കൂടുതല്‍ രോഗികളില്‍ രോഗം കണ്ടെത്തിയത്.

ദഹനവ്യവസ്ഥയെ ബാധിക്കുന്ന 'ഷിഗല്ല'എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അതിസാര രോഗമാണിത്. പ്രധാനമായും മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പകരുന്നത്. വിട്ടുമാറാത്ത പനി, വയറുവേദന, ഛര്‍ദ്ദിയും കടുത്ത ക്ഷീണവും, രക്തം കലര്‍ന്ന മലവിസര്‍ജ്ജനം ആണ് പ്രധാന രോ?ഗ ലക്ഷണങ്ങള്‍. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളത്. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ കൃത്യമായ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

Tags:    

Similar News