ഒമാനിൽ നിന്ന് സങ്കടപ്പെടുത്തുന്ന വാർത്ത; മിന്നൽ പ്രളയത്തിൽ മലയാളികൾ മരിച്ചു; മരിച്ചത് തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവർ; ഷംലയ്ക്കായി തിരച്ചിൽ തുടരുന്നു; നാല് കുട്ടികൾ അടക്കം ആറ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു; ഇവരുടെ വാഹനം പ്രളയച്ചുഴിയിൽ പ്പെടുകയായിരുന്നുവെന്ന് ദൃസാക്ഷികൾ

Update: 2026-03-22 05:28 GMT

മസ്‌കറ്റ്: ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽപ്പെട്ട് മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കുടുംബത്തോടൊപ്പം സഞ്ചരിക്കവെ ഇവർ സഞ്ചരിച്ച വാഹനം വാദിയിലെ ശക്തമായ മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു. യൂസഫിന്റെ മൃതദേഹം കണ്ടെത്തിയതായും ഷംലയ്ക്കായുള്ള തിരച്ചിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കുടുംബത്തോടൊപ്പം യാത്ര ചെയ്യവെയാണ് അപ്രതീക്ഷിതമായി മിന്നൽ പ്രളയമുണ്ടായത്. റോഡിലേക്ക് ഇരച്ചുകയറിയ ശക്തമായ വെള്ളപ്പാച്ചിലിൽ വാഹനം നിയന്ത്രണം വിട്ട് ഒലിച്ചുപോവുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രളയത്തിൽ നിന്നും രക്ഷപ്പെട്ടവരെ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

അപകടം നടന്ന ഉടൻ തന്നെ ഒമാൻ പോലീസും സിവിൽ ഡിഫൻസ് വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഷംലയെ കണ്ടെത്താനായി ഹെലികോപ്റ്ററുകളും മുങ്ങൽ വിദഗ്ധരും അടങ്ങുന്ന വലിയൊരു സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. കനത്ത മഴയെത്തുടർന്ന് വാദികളിലെ ഒഴുക്ക് വർദ്ധിക്കുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. പലയിടങ്ങളിലും വാദികൾ (പുഴകൾ) നിറഞ്ഞൊഴുകുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോടും വാദികൾ മുറിച്ചുകടക്കുന്നവരോടും ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, വരും മണിക്കൂറുകളിലും മഴ കൂടുതല്‍ ശക്തമാകുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുസന്ദം, അല്‍ ബുറൈമി ഗവര്‍ണറേറ്റുകളിലാണ് ഏറ്റവും കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. അല്‍ ദാഹിറ, നോര്‍ത്ത് അല്‍ ബത്തിന എന്നവിടങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴയ്‌ക്കൊപ്പം മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാല്‍ വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും പെട്ടെന്നുള്ള പ്രളയ സാധ്യതയും നിലനില്‍ക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറ്റും കൂടുതല്‍ ശക്തമാകും.

Tags:    

Similar News