ഈദിന് പുണ്യഭൂമിയെ നടുക്കി ഇറാന്റെ മിസൈല്‍ പ്രഹരം; ജറുസലേമില്‍ അല്‍ അഖ്‌സ പള്ളിക്ക് തൊട്ടടുത്ത് സ്‌ഫോടനം! 60 വര്‍ഷത്തിനിടെ ആദ്യമായി പെരുന്നാള്‍ നിസ്‌കാരം തെരുവോരത്ത്; വിശ്വാസികളെ കണ്ണീരിലാഴ്ത്തി ജറുസലേമിലെ പുണ്യസ്ഥലങ്ങള്‍ അടച്ചു; 'മുല്ലമാരുടെ ഭരണകൂടത്തിന്റെ യഥാര്‍ത്ഥ മുഖം ഇതാണെന്ന്' ഇസ്രായേല്‍!

അല്‍ അഖ്‌സ പള്ളിക്ക് തൊട്ടടുത്ത് സ്‌ഫോടനം!

Update: 2026-03-21 16:10 GMT

ജെറുസലേം: പെരുന്നാള്‍ ദിനത്തില്‍ ജറുസലേമില്‍ ഇറാന്‍ മിസൈല്‍ പതിച്ചതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മസ്ജിദുല്‍ അഖ്‌സയ്ക്ക് ഏതാനും നൂറ് മീറ്റര്‍ മാത്രം അകലെയാണ് മിസൈല്‍ വീണത്. സുരക്ഷാ കാരണങ്ങളാല്‍ പഴയ നഗരത്തിന്റെ കവാടങ്ങള്‍ അടച്ചതിനെത്തുടര്‍ന്ന്, 60 വര്‍ഷത്തിനിടെ ആദ്യമായി നൂറുകണക്കിന് മുസ്ലിം വിശ്വാസികള്‍ക്ക് പള്ളിക്ക് പുറത്ത് പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിക്കേണ്ടി വന്നു. മുസ്ലിംങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ജൂതന്മാര്‍ക്കും ഒരുപോലെ വിശുദ്ധമായ ഇടങ്ങള്‍ക്ക് സമീപമാണ് മിസൈല്‍ പതിച്ച് സ്‌ഫോഠടനം ഉണ്ടായത്.

കഴിഞ്ഞ 60 വര്‍ഷത്തിനിടെ ആദ്യമായാണ് ഓള്‍ഡ് സിറ്റിയിലെ കവാടങ്ങള്‍ അടയ്ക്കപ്പെട്ടത്. തടസ്സങ്ങള്‍ കാരണം നൂറുകണക്കിന് മുസ്ലിം വിശ്വാസികള്‍ക്ക് പുറത്ത് പ്രാര്‍ത്ഥിക്കേണ്ടി വന്നു. ലോകത്തിലെ പ്രധാന മതവിഭാഗങ്ങളുടെയെല്ലാം വിശുദ്ധ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് തൊട്ടടുത്ത് മിസൈല്‍ പതിപ്പിച്ചത് ഇറാന്റെ മതഭരണകൂടത്തിന്റെ യഥാര്‍ത്ഥ മുഖമാണ് കാണിക്കുന്നതെന്ന് ഇസ്രായേല്‍ ആരോപിച്ചു.

വെള്ളിയാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ മലഞ്ചെരിവില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും അവശിഷ്ടങ്ങള്‍ റോഡിലേക്ക് ചിതറുകയും ചെയ്തു. ജൂതന്മാരുടെയും മുസ്ലീങ്ങളുടെയും വിശുദ്ധ കേന്ദ്രമായ ടെമ്പിള്‍ മൗണ്ടിന് തൊട്ടടുത്താണ് മിസൈല്‍ ശകലങ്ങള്‍ പതിച്ചതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (IDF) സ്ഥിരീകരിച്ചു. സിവിലിയന്‍ മേഖലകളോ പുണ്യസ്ഥലങ്ങളോ നോക്കാതെ ഇറാന്‍ തുരുതുരാ മിസൈലുകള്‍ വര്‍ഷിക്കുകയാണെന്ന് ഐഡിഎഫ് കുറ്റപ്പെടുത്തി.

വിശ്വാസികളെ കണ്ണീരിലാഴ്ത്തിയ പെരുന്നാള്‍

സുരക്ഷാ കാരണങ്ങളാല്‍ മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള പ്രവേശനം ഇസ്രായേല്‍ തടഞ്ഞതോടെ നൂറുകണക്കിന് വിശ്വാസികള്‍ക്ക് പഴയ നഗരത്തിന്റെ കവാടത്തിന് പുറത്ത് പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കേണ്ടി വന്നു. 1967-ന് ശേഷം ആദ്യമായാണ് റംസാന്റെ അവസാന പത്ത് ദിവസങ്ങളിലും പെരുന്നാള്‍ ദിനത്തിലും മസ്ജിദുല്‍ അഖ്‌സ അടച്ചിടുന്നത്. 'ഞങ്ങളില്‍ നിന്ന് അല്‍-അഖ്‌സ തട്ടിയെടുത്തു, ഇത് ഏറ്റവും വേദനാജനകമായ റംസാന്‍ കാലമാണ്' എന്ന് പലസ്തീന്‍ സ്വദേശിയായ വജ്ദി മുഹമ്മദ് ശൈ്വക്കി ദുഃഖത്തോടെ പറഞ്ഞു.

അടച്ചിട്ട പുണ്യസ്ഥലങ്ങള്‍

ഫെബ്രുവരി 28-ന് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ സുരക്ഷ കണക്കിലെടുത്ത് ജറുസലേമിലെ പ്രധാന പുണ്യസ്ഥലങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. മുസ്ലീങ്ങളുടെ മസ്ജിദുല്‍ അഖ്‌സ, ക്രിസ്ത്യാനികളുടെ ചര്‍ച്ച് ഓഫ് ദ ഹോളി സെപ്പല്‍ക്കര്‍, ജൂതന്മാരുടെ വെസ്റ്റേണ്‍ വാള്‍ എന്നിവടങ്ങളിലേക്കെല്ലാം പ്രവേശനം നിരോധിച്ചിട്ടുണ്ട്. ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും സങ്കീര്‍ണ്ണമായ രാഷ്ട്രീയ-സുരക്ഷാ സാഹചര്യത്തിലൂടെയാണ് ജറുസലേം ഇപ്പോള്‍ കടന്നുപോകുന്നത്.

Tags:    

Similar News