ഇറാന്റെ ആണവശേഷി ചാരമായോ? നതാന്‍സില്‍ വീണ്ടും വ്യോമാക്രമണം; ഇസ്രായേല്‍ തന്ത്രം ഫലിക്കുന്നുവോ? യുദ്ധം നിര്‍ത്തുമെന്ന് ട്രംപ് പറയുമ്പോഴും 50,000 യുഎസ് സൈനികര്‍ അതിര്‍ത്തിയില്‍; ഖമേനി ഒളിവില്‍ തന്നെ; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി; എണ്ണവില 106 ഡോളറില്‍! ശമനമില്ലാതെ യുദ്ധം

ഇറാന്റെ ആണവശേഷി ചാരമായോ?

Update: 2026-03-21 11:31 GMT

ടെഹ്‌റാന്‍: ഇറാന്റെ നിര്‍ണായകമായ നതാന്‍സ് ആണവ കേന്ദ്രത്തിന് നേരേ വ്യോമാക്രമണം. ടെഹ്റാനില്‍ നിന്നും 220 കിലോമീറ്റര്‍ അകലെയുള്ള നതാന്‍സ്, ഇറാന്റെ ആണവപദ്ധതികളുടെ ഹൃദയമായാണ് അറിയപ്പെടുന്നത്. ആക്രമണത്തില്‍ നിലയത്തിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, പശ്ചിമേഷ്യന്‍ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോഴുണ്ടായ ആക്രമണത്തില്‍, ലോകം ഭയപ്പെട്ടതുപോലെ ആണവവികിരണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സമിതി വ്യക്തമാക്കിയിട്ടുണ്ട്.

2025 ജൂണിലെ 12 ദിവസത്തെ യുദ്ധത്തിലും ഇതേ കേന്ദ്രം ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും നതാന്‍സിനെ ലക്ഷ്യം വെച്ചതിലൂടെ ഇറാന്റെ ആണവശേഷി പൂര്‍ണ്ണമായും തകര്‍ക്കുക എന്ന തന്ത്രമാണ് ഇസ്രായേല്‍ നടപ്പിലാക്കുന്നത്.

യുദ്ധം തുടങ്ങിയ ശേഷം രണ്ടാമത്തെ വ്യോമാക്രമണം

യുദ്ധത്തിന്റെ ആദ്യ ആഴ്ചയിലും ഇറാന്റെ പ്രധാന സമ്പുഷ്ടീകരണ കേന്ദ്രമായ നതാന്‍സ് ആക്രമിക്കപ്പെട്ടിരുന്നു. അന്ന് നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ ആക്രമണത്തില്‍ റേഡിയോ ആക്ടീവ് പ്രത്യാഘാതങ്ങള്‍ (ആണവ ചോര്‍ച്ച) ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സമിതി അറിയിച്ചിരുന്നു.

യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന് ട്രംപ്; പിന്നാലെ ആക്രമണം

പശ്ചിമേഷ്യയിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഇതിനിടയിലും മൂന്ന് ആംഫിബിയസ് അസോള്‍ട്ട് കപ്പലുകളെയും ഏകദേശം 2,500 അധിക മറൈന്‍ സൈനികരെയും അമേരിക്ക ഈ മേഖലയിലേക്ക് അയക്കുന്നുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പസഫിക് മേഖലയില്‍ നിന്നുള്ള 2,500 സൈനികരെയും അമേരിക്ക പശ്ചിമേഷ്യയിലേക്ക് തിരിച്ചുവിട്ടിരുന്നു. ഇതോടെ മേഖലയിലെ ആകെ യുഎസ് സൈനികരുടെ എണ്ണം 50,000 കടക്കും.ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയതിനും മേഖലയിലുടനീളം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നതിനും പിന്നാലെയാണ് വെള്ളിയാഴ്ച ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വന്നത്.

എണ്ണവില വര്‍ധനയെത്തുടര്‍ന്ന് യുഎസ് ഓഹരി വിപണിയില്‍ ഇടിവുണ്ടായ സാഹചര്യത്തിലാണ് അമേരിക്കയില്‍ നിന്ന് ഇത്തരം വിരുദ്ധ ന്ദേശങ്ങള്‍ പുറത്തുവരുന്നത്. ഇതിനുപിന്നാലെ, കപ്പലുകളില്‍ കയറ്റിയ ഇറാനിയന്‍ എണ്ണയുടെ മേലുള്ള ഉപരോധം നീക്കുന്നതായും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

യുദ്ധം ശമിക്കുന്ന ലക്ഷണമില്ല

മൂന്നാഴ്ച പിന്നിട്ട യുദ്ധം ശമിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. ശനിയാഴ്ച പുലര്‍ച്ചെയും ഇറാന്‍ മിസൈലുകള്‍ വര്‍ഷിച്ചതായി ഇസ്രായേല്‍ അറിയിച്ചു. അതേസമയം, തങ്ങളുടെ പ്രധാന എണ്ണ പര്യവേക്ഷണ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന കിഴക്കന്‍ മേഖലയില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 20 ഡ്രോണുകള്‍ വെടിവെച്ചിട്ടതായി സൗദി അറേബ്യയും വ്യക്തമാക്കി.

ഇറാന്‍കാര്‍ അവരുടെ പുതുവര്‍ഷമായ 'നൗറൂസ്' ആഘോഷിക്കുന്നതിനിടെ വെള്ളിയാഴ്ച ടെഹ്റാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഈ നീക്കങ്ങള്‍. യുദ്ധം കാരണം ഇത്തവണത്തെ നൗറൂസ് ആഘോഷങ്ങള്‍ മങ്ങിയ നിലയിലായിരുന്നു.

ഇറാന്റെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ജനകീയ മുന്നേറ്റം ലക്ഷ്യമിട്ടും, ഇറാന്റെ ആണവ-മിസൈല്‍ പദ്ധതികള്‍ തകര്‍ക്കാനുമാണ് യുദ്ധമെന്ന തരത്തില്‍ രണ്ടുതരത്തിലുള്ള ന്യായീകരണങ്ങളാണ് അമേരിക്കയും ഇസ്രായേലും നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇറാന്റെ ഭരണകൂടത്തിനെതിരെ അത്തരമൊരു ജനകീയ വിപ്ലവത്തിന്റെ സൂചനകളൊന്നും നിലവില്‍ കാണുന്നില്ലെന്നുമാത്രമല്ല, യുദ്ധം അവസാനിക്കാനുള്ള ഒരു സാധ്യതയും ദൃശ്യമല്ല.

പശ്ചിമേഷ്യയിലെ വലിയ സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായും ലക്ഷ്യത്തോട് നമ്മള്‍ വളരെ അടുത്തെത്തിയതായും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്നാല്‍, ഈ പ്രസ്താവനയ്ക്ക് വിരുദ്ധമായ നീക്കങ്ങളാണ് അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മേഖലയില്‍ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി കോണ്‍ഗ്രസില്‍ നിന്ന് 200 ബില്യണ്‍ ഡോളര്‍ കൂടി യുദ്ധഫണ്ടായി ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

കരസേനയെ അയയ്ക്കുമോ?

ഇറാനിലേക്ക് കരസേനയെ അയക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്ന് ട്രംപ് പറയുമ്പോഴും എല്ലാ സാധ്യതകളും താന്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും പാര്‍ക്കുകളും ശത്രുക്കള്‍ക്ക് സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്റെ സൈനിക വക്താവ് ജനറല്‍ അബുല്‍ഫസല്‍ ശേകര്‍ച്ചി മുന്നറിയിപ്പ് നല്‍കി. മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന ഭീതി ഇത് വര്‍ദ്ധിപ്പിക്കുന്നു.

ജനങ്ങളുടെ പോരാട്ടവീര്യത്തെ പ്രശംസിച്ച് മൊജ്തബ ഖമേനി

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി നൗറൂസ് സന്ദേശത്തില്‍ ജനങ്ങളുടെ പോരാട്ടവീര്യത്തെ പ്രശംസിച്ചു. പിതാവായ ആയത്തുള്ള അലി ഖമേനി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് ശേഷം മൊജ്തബ ഖമേനി ഇതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാന്റെ ആണവ-ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് എത്രത്തോളം നാശനഷ്ടം സംഭവിച്ചുവെന്നോ, നിലവില്‍ ആരാണ് രാജ്യം ഭരിക്കുന്നത് എന്നതിനെക്കുറിച്ചോ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇറാന്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ ആഗോളതലത്തില്‍ എണ്ണവിലയും ഭക്ഷണസാധനങ്ങളുടെ വിലയും കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്.

ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരേ ഇസ്രയേല്‍ ആക്രമണം

ഇതിനിടെ, ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ സ്‌ഫോടനങ്ങളില്‍ ബെയ്‌റൂട്ടിന്റെ വിവിധ ഭാഗങ്ങളില്‍ തീപിടുത്തവും കനത്ത പുകയും ദൃശ്യമായി. ഏഴ് പ്രമുഖ വാസസ്ഥലങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം നിര്‍ദ്ദേശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ ആക്രമണം.

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായും പത്ത് ലക്ഷത്തിലധികം ആളുകള്‍ക്ക് വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നതായും ലെബനന്‍ സര്‍ക്കാര്‍ അറിയിച്ചു. യുദ്ധം തുടങ്ങിയ ശേഷം ഇറാനില്‍ മാത്രം 1,300-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഇസ്രായേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണങ്ങളില്‍ 15 പേര്‍ക്കും, അധിനിവേശ വെസ്റ്റ് ബാങ്കില്‍ നാല് പേര്‍ക്കും ജീവന്‍ നഷ്ടമായി. കുറഞ്ഞത് 13 യുഎസ് സൈനികരും ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

എണ്ണവില കുതിക്കുന്നു

യുദ്ധം രൂക്ഷമായതോടെ ആഗോള എണ്ണവിലയുടെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. യുദ്ധത്തിന് മുമ്പ് ബാരലിന് 70 ഡോളറായിരുന്ന വില ഇപ്പോള്‍ 106 ഡോളറിലെത്തി നില്‍ക്കുകയാണ്.

കപ്പലുകളില്‍ കയറ്റിയ ഇറാനിയന്‍ എണ്ണയുടെ മേലുള്ള ഉപരോധം താല്‍ക്കാലികമായി നീക്കാന്‍ അമേരിക്ക തീരുമാനിച്ചു. വെള്ളിയാഴ്ച വരെ കപ്പലുകളില്‍ കയറ്റിയ എണ്ണയ്ക്കാണ് ഈ ഇളവ് ബാധകം. ഇത് ഏപ്രില്‍ 19 വരെ തുടരും. എന്നാല്‍ ഈ നീക്കം എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കില്ല എന്നതിനാല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇത് എത്രത്തോളം സഹായിക്കുമെന്ന് വ്യക്തമല്ല. വര്‍ഷങ്ങളായി അമേരിക്കയുടെ ഉപരോധങ്ങളെ മറികടന്ന് ഇറാന്‍ തങ്ങളുടെ എണ്ണ കയറ്റുമതി നടത്തുന്നുണ്ട്.

ആഗോളതലത്തില്‍ എണ്ണ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് റഷ്യന്‍ എണ്ണക്കപ്പലുകളുടെ മേലുള്ള ഉപരോധവും ട്രംപ് ഭരണകൂടം നേരത്തെ 30 ദിവസത്തേക്ക് നീക്കിയിരുന്നു. എന്നാല്‍ ഈ നീക്കം മോസ്‌കോയെ സഹായിക്കാന്‍ മാത്രമാണെന്നും വിപണിയില്‍ വലിയ മാറ്റമുണ്ടാക്കില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News