മാനസികരോഗ നാടകം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു! സ്‌കൂള്‍ അധ്യാപക ജോലി മുതല്‍ ജീപ്പിനടിയിലെ ഒളിക്കല്‍ വരെ; സന്ദീപിന്റെ തന്ത്രങ്ങള്‍ ഓരോന്നായി പൊളിച്ച് അഡ്വ. പ്രതാപ് ജി പടിക്കല്‍; പതിനെട്ടേ മുക്കാല്‍ വര്‍ഷം കഴിഞ്ഞാല്‍ മാത്രം ജീവപര്യന്തം; ഡോ.വന്ദന ദാസ് കൊലക്കേസില്‍ 19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് വിധിന്യായം വരെ ആയുധമാക്കി പ്രോസിക്യൂഷന്‍ നീതിക്കായി പോരാടിയത് ഇങ്ങനെ

മാനസികരോഗ നാടകം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു!

Update: 2026-03-21 14:03 GMT

കൊല്ലം: കേരള മനഃസാക്ഷിയെ നടുക്കിയ ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന് മരണം വരെ തടവറയില്‍ കഴിയേണ്ടി വരുന്ന നിര്‍ണ്ണായക വിധി പുറപ്പെടുവിച്ച് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി. 2024 ഏപ്രില്‍ 21-ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത് മുതല്‍ ആരംഭിച്ച നിയമപോരാട്ടമാണ് പ്രോസിക്യൂഷന്‍ ടീമിന്റെ അത്യുജ്ജ്വല വിജയത്തോടെ ഇന്ന് സമാപിച്ചിരിക്കുന്നത്. വിചാരണയുടെ വിവിധ ഘട്ടങ്ങളില്‍ അവിചാരിതമായ തടസ്സങ്ങള്‍ ഉണ്ടായെങ്കിലും ലഭ്യമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തി 70 സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു.

ശിക്ഷാ വിധിയുടെ വിശദാംശങ്ങള്‍

കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് പ്രഖ്യാപിച്ച വിധി പ്രകാരം പ്രതിക്ക് കഠിനമായ ശിക്ഷാ നടപടികളാണ് നേരിടേണ്ടി വരിക. കൊലപാതക കുറ്റത്തിന് പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വിവിധ കുറ്റങ്ങളിലായി ആകെ 32 വര്‍ഷം തടവ് ശിക്ഷ കൂടി കോടതി ഉത്തരവിട്ടു.

കൂടാതെ കേസിലെ മൂന്നാം സാക്ഷിയും പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡും ആയ അലക്‌സ് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് 10 വര്‍ഷം കഠിന തടവും 50,000/ രൂപ പിഴയും കൂടാതെ കഠിന ദേഹോപദ്രവത്തിന് വീണ്ടും 10 വര്‍ഷം തടവും 25000/ രൂപയും പിഴയും കോടതി വിധിച്ചു. കൂടാതെ ഈ സാക്ഷിയെയും കേസിലെ നാലാം സാക്ഷിയും ഹോസ്പിറ്റലില്‍ സംഭവ ദിവസം പോലീസ് എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന മണിലാലിനെയും ആംബുലന്‍സ് ഡ്രൈവര്‍ രാജേഷിനെയും ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവത്തില്‍ ഓരോരുത്തരെയും ഉപദ്രവിച്ച കുറ്റത്തിന് ആറ് മാസം വീതം തടവും കേസിലെ പതിനൊന്നാം സാക്ഷിയും പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറും ആയിരുന്ന ബേബി മോഹനെ ശാരീരിക ഉപദ്രവം ഏല്‍പ്പിച്ച കുറ്റത്തിന് മൂന്ന് മാസം തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.

കേസിലെ മൂന്നാം സാക്ഷിയായ അലക്‌സ് കുട്ടിയുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് 333 വകുപ്പ് പ്രകാരം രണ്ട് വര്‍ഷം തടവ് ശിക്ഷയും നാലും അഞ്ചും പതിനൊന്നും സാക്ഷികളായ മണിലാല്‍, രാജേഷ്, ബേബി മോഹന്‍ എന്നിവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് 3 മാസം വീതം തടവും, വന്ദനയെ തടഞ്ഞ് നിര്‍ത്തിയതിന് 1 മാസം തടവ് ശിക്ഷയും തെളിവ് നശിപ്പിച്ച കുറ്റകൃത്യത്തിന് 2 വര്‍ഷം തടവ് ശിക്ഷയും 10,000/ രൂപ പിഴയും ഹോസ്പിറ്റലില്‍ അതിക്രമം കാണിച്ച കുറ്റകൃത്യത്തിന് 5 വര്‍ഷം തടവ് ശിക്ഷയും അമ്പതിനായിരം രൂപ പിഴയും ആണ് പ്രതിക്കെതിരായി കോടതിയില്‍ നിന്ന് ഉത്തരവ് ഉണ്ടായിട്ടുള്ളത്. ഇപ്രകാരം പ്രതിക്കെതിരെ ഒരു ജീവപര്യന്തവും ആകെ 32 വര്‍ഷം തടവ് ശിക്ഷയും 2,35,000/ രൂപ പിഴയും കോടതി ഉത്തരവിട്ടിട്ടുള്ളത്.

ഇതില്‍ 18.75 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചു കഴിഞ്ഞാല്‍ മാത്രമേ ജീവപര്യന്തം ശിക്ഷ ആരംഭിക്കുകയുള്ളൂ എന്ന് കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പ്രതിയുടെ ശിഷ്ടകാലം പൂര്‍ണ്ണമായും തടവറയ്ക്കുള്ളില്‍ തന്നെയായിരിക്കുമെന്ന് ഉറപ്പായി.

പിഴത്തുകയായ 2,35,000 രൂപയില്‍ ഒരു ലക്ഷം രൂപ ഡോക്ടര്‍ വന്ദനയുടെ മാതാപിതാക്കള്‍ക്കും, 50,000 രൂപ മൂന്നാം സാക്ഷിയായ ഹോം ഗാര്‍ഡ് അലക്‌സ് കുട്ടിക്കും നല്‍കണം.

പ്രതിഭാഗത്തിന്റെ വാദങ്ങളെ പൊളിച്ചടുക്കിയ പ്രോസിക്യൂഷന്‍

പ്രതിക്ക് മാനസികരോഗമുണ്ടെന്ന പ്രതിഭാഗത്തിന്റെ പ്രധാന വാദത്തെ ശാസ്ത്രീയമായ തെളിവുകളിലൂടെ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും തകര്‍ത്തു. സംഭവസമയത്തും അതിന് തൊട്ടുമുന്‍പും പ്രതി സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തിരുന്നത് മാനസികരോഗ വാദത്തെ തള്ളിക്കളയാന്‍ കോടതിയെ പ്രേരിപ്പിച്ചു. പോലീസിനെ കണ്ടപ്പോള്‍ പ്രതി ജീപ്പിനടിയില്‍ ഒളിക്കാന്‍ ശ്രമിച്ചത് രോഗമല്ല, മറിച്ച് പ്രതിയുടെ സമ്മര്‍ദ്ദ തന്ത്രമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു.

ജയിലില്‍ വെച്ച് പ്രതിക്ക് നല്‍കിയ മരുന്നുകളുടെ അളവ് പരിശോധിച്ചതില്‍ നിന്നും അത് മാനസികരോഗത്തിനുള്ളതല്ലെന്ന് പ്രോസിക്യൂഷന്‍ തെളിയിച്ചു.വിചാരണ വേളയില്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് വിധിന്യായങ്ങള്‍ വരെ പരാമര്‍ശിച്ചാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കേസ് വാദിച്ചത്.

സ്‌പെഷ്യല്‍ പ്രോസിക്യൂഷന്‍ ടീമിന്റെ മികവ്

അഡ്വ. പ്രതാപ് ജി പടിക്കലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചിട്ടയായ പ്രവര്‍ത്തനമാണ് ഈ വിജയത്തിന് പിന്നില്‍. ആലപ്പുഴ രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ് ഉള്‍പ്പെടെയുള്ള പ്രമുഖ കേസുകള്‍ കൈകാര്യം ചെയ്ത ഇതേ സംഘം തന്നെയായിരുന്നു ഈ കേസിലും ഹാജരായത്. അഡ്വ. പ്രതാപ് ജി പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍, മഹേശ്വര്‍ പടിക്കല്‍, നീരജ ഷാജി എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. കൊല്ലം റൂറല്‍ ഡി.വൈ.എസ്.പി. എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരായ ബിനു, മനോജ് എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

ഈ വിധിയില്‍ ആശ്വാസമുണ്ടെന്നും പ്രോസിക്യൂഷന്‍ ടീം പരിപൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും വന്ദനയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. എങ്കിലും പ്രതിക്ക് വധശിക്ഷ ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Tags:    

Similar News