യുഡിഎഫ് പാളയത്തില്‍നിന്നും അബ്ദുറഹിമാന്‍ രണ്ടത്താണിക്കായി കാത്തിരുന്നു; ഷാഫി ചാലിയവും വലയില്‍ കുരുങ്ങിയില്ല; ഒടുവില്‍ 'സ്വതന്ത്രന്മാരെ' കണ്ടെത്തി പട്ടിക പൂര്‍ത്തിയാക്കി എല്‍ഡിഎഫ്; താനൂരില്‍ ടി.മുഹമ്മദ് സമീറും വള്ളിക്കുന്നില്‍ സിപി മുസ്ഫയും കാസര്‍കോട് ഷാനവാസ് പാദൂറും മത്സരിക്കും

Update: 2026-03-21 11:17 GMT

താനൂര്‍: യുഡിഎഫ് പാളയത്തില്‍നിന്നും വിമതരെ കാത്തിരുന്ന എല്‍ഡിഎഫ് ഒടുവില്‍ സ്വതന്ത്രന്മാരെ കണ്ടെത്തി താനൂര്‍, വള്ളിക്കുന്ന്, കാസര്‍കോട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. താനൂരില്‍ ടി.മുഹമ്മദ് സമീറും വള്ളിക്കുന്നില്‍ സിപി മുസ്ഫയും കാസര്‍കോട് ഷാനവാസ് പാദൂറും മത്സരിക്കും. മൂന്നിടത്തും സ്വതന്ത്രരായിട്ടാണ് മത്സരിക്കും. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പട്ടിക പൂര്‍ത്തിയായി.

ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റായ താനൂരില്‍ നേരത്തെ നിശ്ചയിച്ച മന്ത്രി വി.അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറിയതോടെ അനിശ്ചിതത്വം നിലനിന്നിരുന്നു. യുഡിഎഫ് പാളയത്തില്‍നിന്ന് ഒരാളെ എത്തിക്കാനും സിപിഎം ശ്രമം നടത്തിയിരുന്നു. ഇത് വിജയിക്കാതെ ആയതോടെയാണ് നേരത്തെ ലിസ്റ്റില്‍ ഉണ്ടായിരുന്ന സമീറിന് നറുക്ക് വീണത്. പ്രവാസി വ്യവസായിയായ സമീര്‍ ഒഴൂര്‍ പഞ്ചായത്തിലെ പുല്‍പറമ്പ് സ്വദേശിയാണ്.

കഴിഞ്ഞ രണ്ട് തവണയായി മന്ത്രി വി.അബ്ദുറഹിമാന്‍ വിജയിച്ച മണ്ഡലമാണ് താനൂര്‍. മുസ്ലിംലീഗില്‍നിന്നാണ് അബ്ദുറഹിമാന്‍ സീറ്റ് പിടിച്ചെടുത്തത്. ഇത്തവണ അബ്ദുറഹിമാന്‍ താനൂരില്‍ മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. പകരം തിരൂരില്‍ മത്സരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സിപിഎമ്മിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ അബ്ദറഹിമാന്റെ പേര് താനൂരില്‍ വന്നിരുന്നെങ്കില്‍ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തെ തിരൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

വി അബ്ദുറഹ്‌മാന്റെ വികസന വഴിയെ തന്നെ മുന്നോട്ട് പോകുമെന്ന് മുഹമ്മദ് സമീര്‍ പറഞ്ഞു. താന്‍ ഇപ്പോഴും താനൂരിലെ പ്രവര്‍ത്തകനായിരുന്നുവെന്നും പാര്‍ട്ടിയും പ്രവര്‍ത്തകരും മത്സരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി വി അബ്ദുറഹ്‌മാന്‍ നടത്തുന്ന വികസനവഴിയെ തന്നെ മുന്നോട്ട് പോകും. താനൂരിലേ ജനങ്ങള്‍ വലിയ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കും. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയത് തിരിച്ചടിയാകില്ല അദ്ദേഹം പറഞ്ഞു.

വള്ളിക്കുന്നിലെ സ്ഥാനാര്‍ഥിയായ സിപി മുസ്തഫ അഭിഭാഷകനും മൂന്നിയൂര്‍ സ്വദേശിയുമാണ്. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഷാനവാസ് പാദൂര്‍ മുന്‍ കോണ്‍ഗ്രസ് നേതാവാണ്. എല്‍ഡിഎഫില്‍ ഐഎന്‍എല്‍ സ്ഥാനാര്‍ഥികളാണ് വള്ളിക്കുന്നിലും കാസര്‍കോടും മത്സരിച്ചിരുന്നത്. ഇന്നലെ നടന്ന ഐഎന്‍എല്‍, സിപിഐഎം നേതാക്കളുടെ യോഗത്തിലാണ് ഷാനവാസ് പാദൂരിനെ കാസര്‍ഗോഡ് മത്സരിപ്പിക്കാന്‍ തീരുമാനമായത്. എംഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസാണ് താനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി. വള്ളിക്കുന്നില്‍ ടി.വി.ഇബ്രാഹിമും കാസര്‍കോട് കല്ലട്ര മായിന്‍ ഹാജിയുമാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍.

മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും യുവജന നേതാവുമായ ഷാനവാസ് പാദൂര്‍. നിലവില്‍ ചട്ടഞ്ചാല്‍ കോ- ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി പ്രസിഡന്റും ഇന്ദിരാജി കള്‍ചറല്‍ ആന്‍ഡ് പാലിയേറ്റീവ് ഫോറം ജില്ലാ പ്രസിഡന്റുമാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഷാനവാസ് പാദൂര്‍ മത്സരിക്കുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ ആര്‍ ജയാനന്ദനെ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് ഷാനവാസ് കാസര്‍ഗോഡേക്ക് എത്തുന്നത്. 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ കോട്ടയായ ചെങ്കള ഡിവിഷനില്‍ നിന്ന് മത്സരിച്ച് വന്‍ ഭൂരിപക്ഷത്തോടെ ഇടത് സ്വതന്ത്രനായി ഷാനവാസ് ജയിച്ച് കയറിയിരുന്നു.

Tags:    

Similar News