എല്‍ഡിഎഫിനെ കൈവിടാത്ത 51 മണ്ഡലങ്ങളില്‍ കുറഞ്ഞത് 24 എണ്ണമെങ്കിലും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞാല്‍ യുഡിഎഫിന് അധികാരം പിടിക്കാം; കോണ്‍ഗ്രസിന് പ്രതീക്ഷയേകി 'വിന്നിങ് റെക്കോര്‍ഡ്' കണക്കുകള്‍; മുസ്ലീം ലീഗ് കോട്ടകളും കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളിലും സിപിഎം കടന്നുകയറ്റം അസാധ്യം; അടപടലം തോല്‍ക്കുക ആര്?

Update: 2026-03-21 06:44 GMT

കൊച്ചി: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമോ? രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്ന ആ ചോദ്യത്തിന് ഉത്തരമായി ചില നിര്‍ണ്ണായക കണക്കുകള്‍ പുറത്തുവരുന്നു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും (2011, 2016, 2021) എല്‍ഡിഎഫിനെ കൈവിടാത്ത 51 മണ്ഡലങ്ങളില്‍ കുറഞ്ഞത് 24 എണ്ണമെങ്കിലും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞാല്‍ യുഡിഎഫിന് അധികാരം പിടിക്കാമെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ സിപിഎമ്മിന് വ്യക്തമായ മുന്‍തൂക്കമുള്ള പട്ടികയില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞാല്‍ യുഡിഎഫിന് ഭരണം ഉറപ്പിക്കാം.

പുറത്തുവന്ന 'വിന്നിങ് റെക്കോര്‍ഡ്' പട്ടിക പ്രകാരം സിപിഎമ്മിന് 39 സീറ്റുകളിലും സിപിഐയ്ക്ക് 12 സീറ്റുകളിലുമാണ് തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുടെ കരുത്തുള്ളത്. ഉദുമ, പയ്യന്നൂര്‍, ധര്‍മ്മടം മുതല്‍ നേമം വരെ നീളുന്ന എല്‍ഡിഎഫിന്റെ ഉറച്ച 51 മണ്ഡലങ്ങളില്‍ പകുതിയോളം തിരിച്ചുപിടിക്കുക എന്നതാണ് യുഡിഎഫിന് മുന്നിലുള്ള വെല്ലുവിളി. കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞാല്‍ യുഡിഎഫിന് കാര്യങ്ങള്‍ അനുകൂലമാകും.

മലപ്പുറത്തെ മുസ്ലീം ലീഗ് കോട്ടകള്‍ ഇത്തവണയും യുഡിഎഫിന് കരുത്താകും. മഞ്ചേശ്വരം മുതല്‍ മണ്ണാര്‍ക്കാട് വരെയുള്ള 14 സീറ്റുകള്‍ ലീഗിന്റെ അതിശക്തമായ കോട്ടകളായി പട്ടികയിലുണ്ട്. ഈ സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം കോണ്‍ഗ്രസ് തങ്ങളുടെ 12 ഹൈ-ഫേവറബിള്‍ സീറ്റുകള്‍ (ഇരിക്കൂര്‍, സുല്‍ത്താന്‍ ബത്തേരി, പുതുപ്പള്ളി, ഹരിപ്പാട് തുടങ്ങിയവ) കാത്തുസൂക്ഷിക്കുകയും വേണം. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും 3/3 വിജയം നേടിയ സീറ്റുകളുടെ എണ്ണം പരിശോധിച്ചാല്‍ എല്‍ഡിഎഫിന് 51 സീറ്റുകളും യുഡിഎഫിന് വെറും 26 സീറ്റുകളുമാണുള്ളത് (ലീഗ്-14, കോണ്‍ഗ്രസ്-12).

അതിനിടെ, 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നയം നടപ്പിലായാല്‍ 2026-ല്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരിന്റെ കാലാവധി വെറും മൂന്ന് വര്‍ഷമായി ചുരുങ്ങാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 2029-ല്‍ രാജ്യം ഒന്നടങ്കം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നതോടെ കേരള നിയമസഭയുടെ കാലാവധിയും അന്ന് അവസാനിച്ചേക്കാം. ഇത്തവണ ആര് ജയിച്ചാലും അവര്‍ക്ക് ലഭിക്കുന്നത് കുറഞ്ഞ കാലയളവ് മാത്രമായിരിക്കുമോ എന്ന ആശങ്കയും രാഷ്ട്രീയ വൃത്തങ്ങളിലുണ്ട്. ചുരുക്കത്തില്‍, എല്‍ഡിഎഫിന്റെ ഉറച്ച 51 സീറ്റുകളില്‍ 24 എണ്ണമെങ്കിലും അട്ടിമറിക്കാന്‍ യുഡിഎഫിന് കഴിഞ്ഞാല്‍ കേരളത്തില്‍ വീണ്ടും ഒരു ഭരണമാറ്റത്തിന് വഴിതെളിയും.

സിപിഎമ്മിനൊപ്പം ഉദുമ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, ധര്‍മ്മടം, തലശേരി, മട്ടന്നൂര്‍, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, പൊന്നാനി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍, പുതുക്കാട്, വൈപ്പിന്‍, ദേവികുളം, ഉടുമ്പന്‍ചോല, ഏറ്റുമാനൂര്‍, ആരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, മാവേലിക്കര, കൊട്ടാരക്കര, കൊല്ലം, ആറ്റിങ്ങല്‍, വാമനപുരം, നെയ്യാറ്റിന്‍കര എന്നിങ്ങനെയാണ്. സിപിഐ കാഞ്ഞങ്ങാട്, നാദാപുരം, നാട്ടിക, കയ്പമംഗലം, പീരുമേട്, വൈക്കം, ചേര്‍ത്തല, അടൂര്‍, പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍, ചിറയന്‍കീഴ് എന്നിങ്ങനെയാണ്.

മഞ്ചേശ്വരം, കാസര്‍കോട്, കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, തിരൂര്‍, കോട്ടയ്ക്കല്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ മുസ്ലീം ലീഗും ഇരിക്കൂര്‍, പേരാവൂര്‍, സുല്‍ത്താന്‍ ബത്തേരി, വണ്ടൂര്‍, പാലക്കാട്, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, കോട്ടയം, പുതുപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമാണ് തുടര്‍ച്ചയായി വിജയം നേടിയത്.

സിപിഎമ്മിന്റെ 39 സീറ്റുകളില്‍ രണ്ടെണ്ണം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു: 2012-ലെ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം എംഎല്‍എയായിരുന്ന ആര്‍. ശെല്‍വരാജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചതും, 2019-ലെ അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചതും ഇതിന് ഉദാഹരണങ്ങളാണ്. അതുകൊണ്ട് തന്നെ മികച്ച സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ എവിടേയും സിപിഎമ്മിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസിന് കഴിയും.

Tags:    

Similar News