പിണറായിയുടെ ചിരിക്കുന്ന മുഖവുമായി 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ' എന്ന പരസ്യവാചകവുമായി ഇടതു മുന്നണിയുടെ ഫ്‌ലക്‌സ് ബോര്‍ഡ്; 'വികസനം കൊണ്ടുവരാന്‍, അഴിമതിയെ ചോദ്യം ചെയ്യാന്‍ മാത്യു ഉണ്ട് മൂവാറ്റുപുഴയില്‍' എന്ന മറുപടി പോസ്റ്ററുമായി യുഡിഎഫ്; ഉന്നക്കുപ്പയില്‍ ഫ്‌ലക്‌സ് പോര്

പിണറായിയുടെ ചിരിക്കുന്ന മുഖവുമായി 'മറ്റാരുണ്ട്

Update: 2026-03-21 10:55 GMT

കൊച്ചി: കഴിഞ്ഞ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിച്ചവരില്‍ പ്രധാനി കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ ആയിരുന്നു. നിയമസഭയില്‍ കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുമായി പിണറായി വിജയനെ വിമര്‍ശിച്ച മാത്യു നിയമ പോരാട്ടം നടത്തിയിരുന്നു. ഇതും പിണറായിക്കും മകള്‍ വീണ ജോര്‍ജിനും തലവേദനയായിരുന്നു. ഇപ്പോല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞതോടെ മൂവാറ്റുപുഴയില്‍ ഫ്‌ലക്‌സ് പോര്. ഇടതു മുന്നണിയുടെ പോസ്റ്ററിന് അതേനാണയത്തില്‍ മറുപടി നല്‍കിയാണ് മാത്യു രംഗത്തുവന്നത്.

'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ' എന്ന പരസ്യവാചകം ആദ്യം മണ്ഡലത്തില്‍ ഉയര്‍ത്തിയത് ഇടതു മുന്നണിയാണ്. എന്നാല്‍ അധികം വൈകാതെ തന്നെ ആ ഫ്‌ലക്‌സിന് മറുപടിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി രംഗത്തെത്തി. 'മാത്യു ഉണ്ട് മൂവാറ്റുപുഴയില്‍' എന്ന് രേഖപ്പെടുത്തുന്ന ഫ്‌ലക്‌സ് ബോര്‍ഡാണ് യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന് വേണ്ടി യുഡിഎഫ് ഉയര്‍ത്തിയത്. ഉന്നക്കുപ്പ വളവിലാണ് ഫ്‌ലക്‌സ് വച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിരിക്കുന്ന മുഖവും 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ' എന്ന ആത്മവിശ്വാസം തുളുമ്പുന്ന പരസ്യവാചകവുമായി ഇടതുകോട്ടകളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നതോടെയാണ് പോര് തുടങ്ങിയത്. എന്നാല്‍ ഇതിന് അതേ നാണയത്തില്‍ മറുപടിയുമായി യുഡിഎഫ് രംഗത്തെത്തിയതോടെ ഉന്നക്കുപ്പയിലെ രാഷ്ട്രീയ ചിത്രം മാറിമറിഞ്ഞു.

'വികസനം കൊണ്ടുവരാന്‍, അഴിമതിയെ ചോദ്യം ചെയ്യാന്‍ മാത്യു ഉണ്ട് മൂവാറ്റുപുഴയില്‍' എന്ന വരികളുമായാണ് യുഡിഎഫ് ക്യാമ്പ് മറുപടി പോസ്റ്ററുകള്‍ നിരത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തിയുള്ള എല്‍ഡിഎഫിന്റെ പ്രചാരണത്തിന്, മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ പേര് എടുത്തുപറഞ്ഞുള്ള വെല്ലുവിളിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.

പിണറായി സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും വികസനവുമാണ് എല്‍ഡിഎഫ് ബോര്‍ഡുകളിലെ പ്രധാന ആകര്‍ഷണം. 'മറ്റാരുണ്ട്' എന്ന ചോദ്യത്തിലൂടെ ഭരണത്തുടര്‍ച്ചയുടെ അനിവാര്യതയാണ് അവര്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെക്കുന്നത്. അഴിമതിവിരുദ്ധ പോരാളിയെന്ന മാത്യു കുഴല്‍നാടന്റെ പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രത്യാക്രമണം. വികസനത്തിനൊപ്പം തന്നെ അഴിമതിക്കെതിരായ നിലപാടും വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് അവര്‍.

സാധാരണ നിലയിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കപ്പുറം, വാശിയേറിയ വാചകക്കസര്‍ത്തുകള്‍ ഉന്നക്കുപ്പയിലെ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഈ 'ഫ്‌ലക്‌സ് പോര്' വൈറലായിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആവേശകരമായ പ്രചാരണ തന്ത്രങ്ങളുമായി ഇരു മുന്നണികളും രംഗത്തിറങ്ങുമെന്നുറപ്പാണ്. മൂവാറ്റുപുഴ ആര്‍ക്കൊപ്പം നില്‍ക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

Tags:    

Similar News