കുറെ സ്നേഹം നിറഞ്ഞ അമ്മമാരെ കണ്ടു; അവരെല്ലാം സ്വന്തം മകളെപ്പോലെയാണ് എന്നെ വരവേറ്റത്; ഒപ്പം നിന്ന വോട്ടർമാർക്ക് നന്ദി പറഞ്ഞ് അഞ്ജലി നായർ

Update: 2026-04-11 07:03 GMT

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തൃപ്പൂണിത്തുറയിലെ വോട്ടർമാർക്കും തന്നെ പിന്തുണച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് ട്വന്റി 20 സ്ഥാനാർത്ഥിയും ചലച്ചിത്ര താരവുമായ അഞ്ജലി നായർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് താരം തന്റെ തിരഞ്ഞെടുപ്പ് അനുഭവങ്ങൾ പങ്കുവെച്ചത്.

തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം ഇൻസ്റ്റഗ്രാമിലൂടെയാണ് അഞ്ജലി നന്ദി പ്രകടിപ്പിച്ചത്. "മകളെപ്പോലെ എന്നെ സ്നേഹിച്ച തൃപ്പൂണിത്തുറയിലെ അമ്മമാർക്കും, കൊടുംവെയിലിനെ പോലും വകവെക്കാതെ കൂടെനിന്ന പ്രവർത്തകർക്കും നന്ദി" എന്ന് താരം കുറിച്ചു. വികസനത്തിനായി വോട്ട് ചെയ്തവർക്കും മാധ്യമപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞ അഞ്ജലി, എന്നും ഒരു കൂടപ്പിറപ്പായി താൻ കൂടെയുണ്ടാകുമെന്നും ഉറപ്പുനൽകി. വളരെ സന്തോഷം നിറഞ്ഞ ദിവസങ്ങളാണ് കടന്നുപോയതെന്നും താരം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഞ്ജലി നടത്തിയ ചില പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ട്രോളുകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. തന്നെ എല്ലാവരും ഇപ്പോൾ 'എംഎൽഎ' എന്നാണ് വിളിക്കുന്നത് എന്ന അഞ്ജലിയുടെ വാക്കുകളാണ് പ്രധാനമായും ട്രോളർമാർ ഏറ്റെടുത്തത്.

"ഭക്ഷണം കഴിക്കാൻ പോയപ്പോൾ ഒരാൾ പറഞ്ഞു, 'വേഗം കൊടുക്ക്, എംഎൽഎ കഴിച്ചിട്ട് പോകട്ടെ ആദ്യം' എന്ന്. ഞാൻ അത്ഭുതത്തോടെ നോക്കിയപ്പോൾ 'നിങ്ങൾ ഞങ്ങളുടെ എംഎൽഎ ആണ്' എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഇപ്പോൾ എല്ലാവരും എന്നെ അങ്ങനെയാണ് വിളിക്കുന്നത്. അവർ എന്നെ എംഎൽഎ ആയി ഉറപ്പിച്ചു കഴിഞ്ഞു."

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കിറ്റെക്സ് ഗ്രൂപ്പിന്റെ രാഷ്ട്രീയ പാർട്ടിയായ ട്വന്റി 20 വലിയ താരനിരയെയാണ് അണിനിരത്തിയത്. അതിൽ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായിരുന്നു തൃപ്പൂണിത്തുറയിലേത്. സിനിമാ മേഖലയിലെ തന്റെ സ്വാധീനവും പാർട്ടിയുടെ വികസന രാഷ്ട്രീയവും മുൻനിർത്തിയായിരുന്നു അഞ്ജലിയുടെ പ്രചാരണം. തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും തൃപ്പൂണിത്തുറയിലെ ജനങ്ങളുമായുള്ള ബന്ധം തുടരുമെന്നാണ് താരത്തിന്റെ നന്ദി പ്രകാശന പോസ്റ്റ് സൂചിപ്പിക്കുന്നത്.

Tags:    

Similar News