മന്ത്രിമാരായ കെ രാജനും ജെ ചിഞ്ചുറാണിയും നേരിട്ടത് കടുത്ത മത്സരം; പീരുമേട്, തൃശ്ശൂര്‍, നാദാപുരം മണ്ഡലങ്ങള്‍ കൈവിട്ടു പോയേക്കാം; പട്ടാമ്പിയും അടൂരും വിജയസാധ്യത കുറവായ മണ്ഡലങ്ങളുടെ പട്ടികയില്‍; മണ്ഡലം കമ്മറ്റികള്‍ നല്‍കിയ കണക്കുകള്‍ വിലയിരുത്തി സിപിഐ സംസ്ഥാന നേതൃത്വം
മന്ത്രിമാരായ കെ രാജനും ജെ ചിഞ്ചുറാണിയും നേരിട്ടത് കടുത്ത മത്സരം;
തിരുവനന്തപുരം: മന്ത്രിമാരായ കെ രാജനും ജെ ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായി സിപിഐയുടെ തിരഞ്ഞെടുപ്പു അവലോകന വിലയിരുത്തല്‍. ഉറപ്പായും വിജയിക്കുമെന്ന് കണക്കുകൂട്ടുന്ന 10 സീറ്റുകളില്‍ ഒല്ലൂരും ചടയമംഗലവുമില്ല. വിജയ സാധ്യത കുറവായ സീറ്റുകളുടെ പട്ടികയിലാണ് പട്ടാമ്പിയും അടൂരുമുള്ളത്. സിറ്റിംഗ് സീറ്റുകളായ പീരുമേട്, തൃശ്ശൂര്‍, നാദാപുരം മണ്ഡലങ്ങള്‍ കൈവിട്ടുപോകുമെന്നാണ് പ്രാഥമിക കണക്ക്. മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ കണക്കുകള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും എക്സിക്യൂട്ടീവും ചര്‍ച്ച ചെയ്യും.
ഉറപ്പായും ജയിക്കുമെന്ന് കരുതുന്ന സീറ്റുകള്‍:
നെടുമങ്ങാട്
ചിറയിന്‍കീഴ്
പുനലൂര്‍
ചാത്തന്നൂര്‍
ചേര്‍ത്തല
വൈക്കം
കൈപ്പമംഗലം
കൊടുങ്ങല്ലൂര്‍
നാട്ടിക
കാഞ്ഞങ്ങാട്
അതേസമയം, എല്‍ഡിഎഫും സിപിഐഎമ്മും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തുടര്‍ഭരണം ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എസ്ഡിപിഐ വോട്ട് വേണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ക്ക് വേണ്ടത് മനുഷ്യന്റെ വോട്ടാണ്. ജനങ്ങള്‍ എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പാക്കിയിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റികള്‍ നല്‍കിയ ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ നേതൃയോഗങ്ങളില്‍ വിശകലനം ചെയ്യും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി വോട്ട് ശതമാനം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും കണക്കുകൂട്ടലിലേക്ക് കടക്കുകയാണ് ഇടതുമുന്നണി.
നാളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. 85 മുതല്‍ 90 വരെ നേടി വീണ്ടും അധികാരത്തില്‍ എത്താന്‍ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ. 71 മണ്ഡലങ്ങളില്‍ ഇടതുമുന്നണി വലിയ മത്സരമില്ലാതെ വിജയിക്കാന്‍ കഴിയും. 45 മണ്ഡലങ്ങള്‍ യുഡിഎഫ് ഉറപ്പായും നേടുമെന്നാണ് സിപിഎം കണക്ക്. ഇരുപത്തിമൂന്നിടങ്ങളില്‍ ശക്തമായ മത്സരം എന്നും സിപിഎം നേതാക്കള്‍ വിലയിരുത്തുന്നു.