'എല്ലാം തികച്ചും യാദൃശ്ചികം മാത്രം'! 'ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക്' വെറും ചായക്കോപ്പയിലെ വിപ്ലവം; സൈബര്‍ സഖാക്കള്‍ പടച്ചുവിട്ട രാഷ്ട്രീയ തീയറികള്‍ പൊളിയുന്നു; 'ആ കപ്പ് വീട്ടില്‍ നിന്നും വെള്ളം കുടിക്കാന്‍ കൊണ്ടുവന്നത്; കപ്പിലെഴുതിയത് ആര്‍ക്കുമറിയില്ലായിരുന്നു'; രാഹുലിനെ പൂട്ടാന്‍ അതിജീവിതയുടെ പോരാട്ട വീര്യമായി ആഘോഷിച്ച സംഭവത്തില്‍ ഒടുവില്‍ പിണറായിയുടെ വെളിപ്പെടുത്തല്‍

Update: 2026-03-21 11:48 GMT

തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രസര്‍ക്കാറിനെതിരായ എല്‍.ഡി.എഫ് സത്യഗ്രഹ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ച കപ്പിലെ വാചകങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. 'ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക്' എന്നെഴുതിയ കപ്പ് പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച പരാതിക്കാരിക്കുള്ള ഐക്യദാര്‍ഢ്യമാണ് അതെന്നാണ് അന്ന് എല്ലാവരും വിലയിരുത്തിയത്. രാഹുലിന്റെ അറസ്റ്റിനു ശേഷം പരാതിക്കാരി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ഈ വാചകം ഉപയോഗിച്ചിരുന്നു. ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ 'ഈ കപ്പിലെ വാചകങ്ങള്‍ക്ക് എന്റെ ഉള്ളില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പ് ഉണ്ട്' എന്ന് അതിജീവിത സമൂഹ മാധ്യമത്തില്‍ ഫോട്ടോ സഹിതം പങ്കിടുക കൂടി ചെയ്തതോടെ അതിന്റെ ഗതിവേഗം കൂടി. എന്നാല്‍, ആ കപ്പ് ഉപയോഗിച്ചത് വെറും യാദൃശ്ചികം മാത്രമായിരുന്നുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

സത്യഗ്രഹ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളം കുടിക്കാനുപയോഗിച്ച കപ്പില്‍ 'ലവ് യൂ ടൂ മൂണ്‍ ആന്‍ഡ് ബാക്ക്' എന്ന വാചകമാണ് ആലേഖനം ചെയ്തിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് ശേഷം പരാതിക്കാരി സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ച ഇതേ വാചകം മുഖ്യമന്ത്രിയുടെ കപ്പിലും കണ്ടതോടെ അത് വലിയ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ക്ക് വഴിതുറന്നത്. തന്റെ ജീവിതത്തിലെ പോരാട്ടത്തിന്റെ അടയാളമാണ് ആ വാചകങ്ങളെന്ന് അതിജീവിതയും അന്ന് പ്രതികരിച്ചിരുന്നു. ഇതോടെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുള്ള ശക്തമായ പിന്തുണയായാണ് അന്ന് സൈബര്‍ ലോകം ഇതിനെ വിലയിരുത്തിയത്.

എന്നാല്‍ 'ലവ് യൂ ടൂ മൂണ്‍ ആന്‍ഡ് ബാക്ക്' എന്ന് കപ്പിലെഴുതിയത് യാദൃശ്ചികമായി സംഭവിച്ചതാണ്. ആ കപ്പ് അതിനായി എടുത്തതൊന്നുമല്ലെന്നും പിണറായി പറഞ്ഞു. അന്ന് അവിടെ ഇരിക്കുമ്പോള്‍ വെള്ളം കുടിക്കുന്നതിന് ഒരു കപ്പ് വീട്ടില്‍ നിന്ന് കൊണ്ടുവന്നിരുന്നു. എന്നാല്‍ ആ കപ്പില്‍ അങ്ങനെ എഴുതിയത് കൊടുത്തച്ചയാള്‍ക്കോ എനിക്കോ ആര്‍ക്കുമറിയില്ലായിരുന്നു.അതില്‍ വെള്ളം കുടിക്കുമ്പോള്‍ ഒരാള്‍ ഇങ്ങനെ ഫോട്ടോ എടുക്കുന്നത് കാണുന്നുണ്ട്.വെള്ളം കുടിക്കുന്നത് എന്റെ കാര്യത്തില്‍ ഒരു പുതുമ അല്ല, സാധാരണ പ്രസംഗിക്കുമ്പോള്‍ തന്നെ ഞാന്‍ വെള്ളം കുടിക്കാറുണ്ട്. അത് കൊണ്ട് അതൊരു പുതുമയായി എനിക്ക് തോന്നിയില്ല.

വേദിയിലിരുന്ന് വെള്ളം കുടിക്കുമ്പോള്‍ ഒരാള്‍ അതീവ ശ്രദ്ധയോടെ ഫോട്ടോ എടുക്കുന്നത് കണ്ടിരുന്നു. പ്രസംഗത്തിനിടയിലും മറ്റും വെള്ളം കുടിക്കുന്നത് സാധാരണമായ കാര്യമായതിനാല്‍ ഫോട്ടോ എടുക്കുന്നത് എന്തിനാണെന്ന് അന്ന് മനസ്സിലായില്ല. പിന്നീട് അറിഞ്ഞ വാര്‍ത്ത: സത്യഗ്രഹത്തിന് ശേഷമാണ് ഈ കപ്പിനെ ചുറ്റിപ്പറ്റി ഇത്രയേറെ വാര്‍ത്തകളും രാഷ്ട്രീയ വ്യാഖ്യാനങ്ങളും ഉണ്ടായതെന്ന് താന്‍ അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം പക്ഷത്തുയര്‍ന്നു വന്ന അസംഖ്യം ലൈംഗിക കുറ്റകൃത്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന, കുറ്റപത്രം വരെ സമര്‍പ്പിക്കപ്പെട്ട കുറ്റാരോപിതരോടൊപ്പം വേദി പങ്കിടാന്‍ മടിക്കാത്ത, പരാതികള്‍ നീതിന്യായ സംവിധാനത്തിന് മുന്നിലെത്തുന്നില്ല എന്നുറപ്പ് വരുത്തുന്ന ഒരു നേതാവിന്റെ സെലക്റ്റീവായ, പി ആര്‍ എക്‌സര്‍സൈസ് എന്നായിരുന്നു വിമര്‍ശകര്‍ ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍, ഈ വാചകം ദിവസങ്ങളോളം സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. എന്നാല്‍ ആ പ്രയോഗത്തിന്റെ യഥാര്‍ത്ഥ ഉറവിടം സാം മക്ബ്രറ്റ്‌നിയുടെ 'ഗസ് ഹൗ മച്ച് ഐ ലവ് യൂ' എന്ന പുസ്തകമാണ്.

സാം മക്ബ്രറ്റ്‌നിയെന്ന ബ്രിട്ടീഷ് എഴുത്തുകാരന്‍ 1994 ല്‍ എഴുതിയ പുസ്തകമാണ് ഗസ് ഹൗ മച്ച് ഐ ലവ് യൂ. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരേ പോലെ പ്രിയപ്പെട്ട ഒരു പുസ്തകമാണിത്. 57 ഭാഷകളിലായി പുറത്തിറങ്ങിയ പുസ്തകത്തിന്റെ 5 കോടി കോപ്പികള്‍ വിറ്റഴിഞ്ഞുവെന്നാണ് കണക്ക്. അതിലെ ഏറ്റവും പ്രശസ്തമായ വാചകമാണ് 'I love you right up to the moon and back'. ഉറങ്ങാന്‍ കിടന്ന അച്ഛന്‍ കാട്ടുമുയലും കുട്ടിക്കാട്ടുമുയലും തമ്മില്‍ തങ്ങളില്‍ ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ സ്‌നേഹമെന്ന മത്സരം വക്കുന്നു. കുട്ടി തനിക്കറിയാവുന്ന അകലങ്ങള്‍ കൊണ്ടും ഉയരങ്ങള്‍ കൊണ്ടുമൊക്കെ തനിക്ക് അച്ഛനോടുള്ള സ്‌നേഹത്തെ അടയാളപ്പെടുത്തി. എന്നാല്‍, അച്ഛന്‍ മുയലാകട്ടെ ഇതിനെയെല്ലാം ഭേദിക്കുന്ന വാചകങ്ങള്‍ പറഞ്ഞു കുട്ടിക്കാട്ടുമുയലിനെ തോല്‍പ്പിച്ചു. ഒടുവില്‍ കുട്ടിക്കാട്ടുമുയലിന് ഉറക്കം വന്നു. കണ്ണുകളടയാന്‍ നേരം കുട്ടിക്കാട്ടുമുയല്‍ ജനാലയിലൂടെ നോക്കി ദൂരെ ആകാശത്തെ അമ്പിളിമാമനെ നോക്കി 'I love you right up to the moon എന്ന് പറഞ്ഞു. ജയമുറപ്പിച്ച് ഉറങ്ങി. എന്നാല്‍, കുട്ടിക്കാട്ടുമുയല്‍ ഉറങ്ങിയ ശേഷം അച്ഛന്‍ അവന്റെ ചെവിയില്‍ പതിയെ 'I love you right up to the moon and back' എന്ന് പറഞ്ഞു. ഇപ്പോഴും, സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇതിലും വലിയ മീറ്ററിലുള്ള വാചകങ്ങള്‍ ലോകത്തുണ്ടോയെന്നത് സംശയമാണ്.

Tags:    

Similar News