ശബരിമല സ്വര്‍ണക്കൊള്ള വെളിച്ചത്തു കൊണ്ടു വന്ന റിപ്പോര്‍ട്ടിങ്; ആരോഗ്യമന്ത്രിയുടെ കണ്ണിലെ കരട്; ഏഷ്യാനെറ്റ് ന്യൂസ് പത്തനംതിട്ട റിപ്പോര്‍ട്ടര്‍ കൃഷ്ണമോഹനെതിരേ സൈബര്‍ ആക്രമണം; അബിന്‍ വര്‍ക്കിയുടെ പിആര്‍ കോ-ഓര്‍ഡിനേറ്റര്‍ എന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം; സൈബര്‍ പോലീസില്‍ പരാതി നല്‍കി; ശക്തമായി നേരിടുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍
ഏഷ്യാനെറ്റ് ന്യൂസ് പത്തനംതിട്ട റിപ്പോര്‍ട്ടര്‍ കൃഷ്ണമോഹനെതിരേ സൈബര്‍ ആക്രമണം
പത്തനംതിട്ട: ഏഷ്യാനെറ്റ് ന്യൂസ് പത്തനംതിട്ട റിപ്പോര്‍ട്ടര്‍ കൃഷ്ണമോഹനെതിരേ രൂക്ഷമായ സൈബര്‍ ആക്രമണവുമായി ഇടതുപക്ഷ സൈബര്‍ ഹാന്‍ഡിലുകള്‍. തനിക്കെതിരേ വ്യാജപ്രചാരണം നടത്തിയ മൂന്നു പേര്‍ക്കെതിരേ കൃഷ്ണമോഹന്‍ പത്തനംതിട്ട സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മാധ്യമപ്രവര്‍ത്തകന് എതിരായ വ്യാജപ്രചാരണത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാകമ്മറ്റി ജില്ലാ പോലീസ് മേധാവിക്ക് കത്തു നല്‍കി.
ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കിയുടെ പിആര്‍ ഏജന്റ് കൃഷ്ണമോഹനാണെന്ന വിധത്തില്‍ സോഷ്യല്‍ അവയര്‍നെസ്, സുനോജ് വര്‍ക്കി എന്നീ ഫേസ്ബുക്ക് പേജുകളും ദി ഫോര്‍ത്ത് എന്ന ഓണ്‍ലൈന്‍ മാധ്യമവുമാണ് വ്യാജ പ്രചാരണം നടത്തിയത്. പത്തനംതിട്ട ജില്ലയിലെ മൂന്നു മുന്നണികളുടെയും മീഡിയ പ്രചാരണത്തിനായി വാട്സാപ്പ് ഗ്രൂപ്പുകള്‍ സജീവമാണ്. ഇതിലേക്ക് മാധ്യമപ്രവര്‍ത്തകരെ ആഡ് ചെയ്യുകയും അവരെ ഗ്രൂപ്പ് അഡ്മിന്‍മാര്‍ ആക്കുകയും ചെയ്തിരുന്നു. അഞ്ചു മണ്ഡലങ്ങളാണ് ജില്ലയില്‍ ആകെയുള്ളത്. എല്ലാ മണ്ഡലങ്ങളിലും മൂന്ന് മുന്നണികളുടെയും ഗ്രൂപ്പുകളുണ്ട്. ആറന്മുളയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കിയുടെ മീഡിയ ഗ്രൂപ്പ് അബിന്‍ വര്‍ക്കി പ്രോഗ്രാം അപ്ഡേറ്റ്സ് എന്നാണ് അറിയപ്പെടുന്നത്. കെഎസ് യു നേതാവ് തൗഫീക്ക് രാജനാണ് ഗ്രൂപ്പ് സൃഷ്ടിച്ചത്. അതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ ചേര്‍ത്തു. കൃഷ്ണമോഹന്‍, ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ ആര്‍. ജയകൃഷ്ണന്‍, സന്തോഷ് നിലയ്ക്കല്‍ തുടങ്ങി നിരവധി മാധ്യമപ്രവര്‍ത്തകരെ അഡ്മിന്‍മാരാക്കി.
എന്നാല്‍, ഈ ഗ്രൂപ്പിലെ അഡ്മിന്‍മാരുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത ശേഷം. അതില്‍ കൃഷ്ണമോഹന്റെ പേരൊഴികെ ബാക്കി എല്ലാവരുടെയും പേര് മറച്ച ശേഷമാണ് അബിന്‍ വര്‍ക്കിയുടെ പിആര്‍ വര്‍ക്ക് ഏഷ്യാനെറ്റ് ന്യൂസിലെ കൃഷ്ണമോഹന്‍ ആണെന്ന വിധത്തില്‍ ഇടതു സൈബര്‍ ഹാന്‍ഡിലുകള്‍ വ്യാജപ്രചാരണം ആരംഭിച്ചത്. മന്ത്രി വീണാ ജോര്‍ജിനും സര്‍ക്കാരിനുമെതിരേ വ്യാപകമായ വാര്‍ത്ത ചെയ്തതതിന്റെ പേരില്‍ കൃഷ്ണമോഹനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കൈരളി ചാനലിന്റെ ലേഖകന് അടക്കം ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു.
ഇത്തരമൊരു പ്രചാരണത്തിലൂടെ തന്നെ കായികമായി ആക്രമിക്കാനുള്ള സംഘടിത ശ്രമമമാണ് നടക്കുന്നതെന്നും വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരേ കേസ് എടുത്ത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കൃഷ്ണമോഹന്‍ പത്തനംതിട്ട സൈബര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
പ്രതിഷേധവുമായി കെയുഡബ്ല്യുജെ
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കൃഷ്ണ മോഹനെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ വേട്ടയാടാനുള്ള ശ്രമമാണ് ചില ഭാഗങ്ങളില്‍ നിന്ന് നടക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രചാരണങ്ങളിലൂടെ മാധ്യമ പ്രവര്‍ത്തകരെ കായികമായി ആക്രമിക്കാനാണ് ശ്രമം. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇലക്ഷന്‍ റിപ്പോര്‍ട്ടിങ്ങില്‍ സുരക്ഷ ഉറപ്പു വരുത്തണമെന്നും കൃഷ്ണ മോഹന്‍ പത്തനംതിട്ട സൈബര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ ജില്ലാ കമ്മറ്റി ജില്ലാ പോലീസ് മേധാവിക്ക് കത്തു നല്‍കി. ഇത്തരം പ്രവണതകള്‍ക്കെതിരേ യൂണിയന്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബിജു കുര്യന്‍, സെക്രട്ടറി ജി. വിശാഖന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളയടക്കം പത്തനംതിട്ടയില്‍ നിന്നുള്ള വാര്‍ത്തകള്‍ കൊണ്ടുവന്നത് കൃഷ്ണമോഹനാണ്. വീണാ ജോര്‍ജിന്റെ വികസന മുരടിപ്പിനെതിരേ നിരവധി വാര്‍ത്തകളും ചെയ്തിരുന്നു. മന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ടിന്റെ പേരില്‍ കൃഷ്ണമോഹന്‍ മന്ത്രിയുടെയും പാര്‍ട്ടിയുടെയും കണ്ണില്‍ കരടായിരുന്നു. കൈരളി റിപ്പോര്‍ട്ടറുടെ സഹായത്തോടെ മന്ത്രിയ്ക്ക് വേണ്ടി കൃഷ്ണമോഹനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് നടന്നത് എന്നാണ് സംശയം. കൃഷ്ണമോഹനെതിരായ നീക്കത്തില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരും അമര്‍ഷത്തിലാണ്. വ്യാജപ്രചാരണം നടത്തുന്ന പേജുകളില്‍ പത്തനംതിട്ടയിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ സത്യാവസ്ഥ അറിയിച്ചു കൊണ്ടുള്ള കമന്റുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. കൈരളി റിപ്പോര്‍ട്ടര്‍ ഇതോടെ വെട്ടിലായി.
