മെഡിക്കൽ കോളേജിലെ തീപിടുത്ത മരണങ്ങൾ പുക ശ്വസിച്ചല്ലെന്ന് റിപ്പോർട്ട്! രോഗികളെ മാറ്റിയത് കൃത്യമായ സുരക്ഷയോടെ; മരിച്ച അഞ്ചുപേരുടെയും നില നേരത്തെ ഗുരുതരം; വെന്റിലേറ്റർ മാറ്റിയപ്പോൾ അമ്പ്യൂ ബാഗ് നൽകിയെന്നും വിശദീകരണം; ദുരൂഹത നീക്കാൻ ഇനി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാകും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. തീപിടുത്തത്തെ തുടർന്ന് രോഗികളെ മാറ്റുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും കൃത്യമായ ജീവൻരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയാണ് രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു. വിവിധ വകുപ്പ് മേധാവികൾ നൽകിയ വിവരങ്ങൾ ക്രോഡീകരിച്ച് ആശുപത്രി സൂപ്രണ്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് (DME) റിപ്പോർട്ട് കൈമാറി.
തീപിടുത്തമുണ്ടായ അന്നും പിറ്റേന്നുമായി സർജിക്കൽ ഐസിയു, ട്രോമ ഐസിയു എന്നിവിടങ്ങളിലായി അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ മരണങ്ങളെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. മരിച്ച അഞ്ച് രോഗികളുടെയും മരണകാരണം തീപിടുത്തമോ പുക ശ്വസിച്ചതോ അല്ലെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് മുൻപേ തന്നെ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന ഇവരുടെ ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളായതാണ് മരണത്തിന് കാരണമായതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തീപിടുത്തമുണ്ടായ ഐസിയുവിൽ വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞിരുന്ന രോഗികളെ മാറ്റുമ്പോൾ അമ്പ്യൂ ബാഗ് സപ്പോർട്ടും ഓക്സിജൻ സിലിണ്ടറുകളും ഉറപ്പാക്കിയിരുന്നു. അതീവ ജാഗ്രതയോടെയാണ് ഓരോ രോഗിയെയും മാറ്റിയതെന്ന് ന്യൂറോ സർജറി, സർജറി വിഭാഗം മേധാവികൾ സാക്ഷ്യപ്പെടുത്തുന്നു. അതിസാഹസികമായ രക്ഷാപ്രവർത്തനത്തിനിടെ പുക ശ്വസിച്ചും മറ്റും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട ഒമ്പത് ജീവനക്കാർക്ക് നിലവിൽ ചികിത്സ നൽകിവരികയാണ്.
എങ്കിലും, മരണങ്ങളുടെ യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തീപിടുത്തത്തെ തുടർന്ന് രോഗികൾ മരിച്ചത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് രാഷ്ട്രീയ പ്രതിഷേധവും ശക്തമാകുകയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു.
ആശുപത്രി ഗേറ്റ് അടച്ചുപൂട്ടി പ്രവർത്തകർ സൂപ്രണ്ടിനെ തടഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്നും സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രതിഷേധം അക്രമാസക്തമായതോടെ പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. തുടർന്ന് പോലീസ് ഇടപെട്ട് പ്രവർത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മണിക്കൂറുകളോളം ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ നിലനിന്നു.
ആശുപത്രിയുടെ റിപ്പോർട്ട് രോഗികളുടെ ഗുരുതരാവസ്ഥയെ പഴിചാരുമ്പോഴും, ബന്ധുക്കളും പ്രതിപക്ഷ സംഘടനകളും ഈ വാദത്തെ തള്ളിക്കളയുകയാണ്. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന രോഗികളെ പുക നിറഞ്ഞ അന്തരീക്ഷത്തിലൂടെ മാറ്റിയപ്പോൾ സംഭവിച്ച ഓക്സിജൻ വ്യതിയാനമാണോ മരണത്തിന് കാരണമായതെന്ന് അറിയാൻ ശാസ്ത്രീയമായ പരിശോധനാ ഫലങ്ങൾ വരേണ്ടതുണ്ട്.
സർക്കാർ ഈ വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. പശ്ചിമേഷ്യയിലെ യുദ്ധവാർത്തകൾ പോലെ തന്നെ അതീവ ഗൗരവത്തോടെയാണ് കേരളം ഈ മെഡിക്കൽ കോളേജ് ദുരന്തത്തെയും നോക്കിക്കാണുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിലെ സർജിക്കൽ ഐസിയുവിൽ വെന്റിലേറ്റർ തകരാറിലായി തീപിടുത്തമുണ്ടായത്. തീ ഉടൻ അണച്ചെങ്കിലും ഐസിയുവിലാകെ പുക നിറഞ്ഞു. വെന്റിലേറ്ററിലടക്കമുണ്ടായിരുന്ന രോഗികളെ ഉടൻ മറ്റ് ഐസിയുകളിലേക്ക് മാറ്റി.
കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചാണ്രോഗികളെ മാറ്റിയതെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ അന്നേ ദിവസം ഉച്ചയ്ക്ക് മരിച്ച ഓയൂർ സ്വദേശി കൃഷ്ണൻകുട്ടി, പിറ്റേന്ന് രാവിലെ മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷ് എന്നിവരുടെ ബന്ധുക്കളാണ് പരാതി ഉന്നയിക്കുന്നത്.
ബൈക്ക് അപകടത്തെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു സനീഷ്. തീപിടുത്തതിന് ശേഷം ഐസിയു മാറ്റിയതിന് പിന്നാലെയാണ് സനീഷിന്റെ ആരോഗ്യനില വഷളായതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഓട്ടോ അപകടത്തിൽ ഗുരുതര പരിക്കറ്റ ഓയൂർ സ്വദേശി കൃഷ്ണൻകുട്ടിയും വെന്റിലേറ്ററിലായിരുന്നു.
ഐസിയു മാറ്റുന്ന വിവരം കൃത്യമായി അറിയിച്ചില്ലെന്നും അതിന് ശേഷമാണ് ആരോഗ്യനില കൂടുതൽ വഷളയാതെന്നും ആരോപണമുണ്ട്.ഇത് കൂടാതെ മൂന്ന് മരണം കൂടി പിറ്റേന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇവരുടെ ബന്ധുക്കൾ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. ബന്ധുക്കളുടെ ആക്ഷേപം കോൺഗ്രസ്സും ബിജെപിയും സർക്കാറിനെതിരെ ആയുധമാക്കുന്നുണ്ട്.
