ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യ സൈനിക താവളം മിസൈല്‍ ആക്രമണത്തില്‍ നടുങ്ങി; ഇറാന്റെ മിസൈല്‍ ശേഷി കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാണെന്ന് തെളിഞ്ഞു; അവരുടെ മിസൈല്‍ പരിധിയില്‍ ലണ്ടനും; സ്വന്തമായി പ്രതിരോധ സംവിധാനമില്ലാതെ ബ്രിട്ടന്‍; സഹായത്തിനായി അമേരിക്കയെയും യൂറോപ്പിനെയും ആശ്രയിക്കേണ്ട അവസ്ഥ

Update: 2026-03-22 01:44 GMT

ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങള്‍ ഇറാന്റെ മിസൈല്‍ പ്രഹര പരിധിയിലാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യ സൈനിക താവളത്തിന് നേരെ കഴിഞ്ഞദിവസം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണ ശ്രമമാണ് പാശ്ചാത്യ രാജ്യങ്ങളുടെ ഉറക്കം കെടുത്തുന്നത്. ഇറാന്റെ മിസൈല്‍ ശേഷി മുന്‍പ് കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാണെന്ന് തെളിയിക്കുന്നതാണ് ഈ നീക്കം. 1,240 മൈല്‍ ദൂരപരിധി മാത്രമാണ് ഇറാന്റെ മിസൈലുകള്‍ക്ക് ഉള്ളതെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. എന്നാല്‍ 2,360 മൈല്‍ അകലെയുള്ള ഡീഗോ ഗാര്‍ഷ്യയിലേക്ക് മിസൈല്‍ തൊടുക്കാനായതോടെ പാരീസും ലണ്ടനും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നഗരങ്ങള്‍ ഇറാന്റെ ലക്ഷ്യസ്ഥാനങ്ങളായി മാറിക്കഴിഞ്ഞു.

ഇറാന്‍ തൊടുക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ തടയാന്‍ നിലവില്‍ ബ്രിട്ടന് സ്വന്തമായി പ്രതിരോധ സംവിധാനങ്ങളില്ല എന്നത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ കിഴക്കന്‍ യൂറോപ്പില്‍ വിന്യസിച്ചിട്ടുള്ള അമേരിക്കയുടെ എസ്.എം-3 പ്രതിരോധ സംവിധാനത്തെയോ ജര്‍മ്മനി ഉപയോഗിക്കുന്ന പേട്രിയറ്റ് മിസൈലുകളെയോ ആശ്രയിക്കേണ്ടി വരും. ഇറാന്റെ ബഹിരാകാശ പദ്ധതികള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമിന്റെ ഭാഗമാണെന്നും അത് ലണ്ടന്‍ നഗരത്തിന് വലിയ ഭീഷണിയാണെന്നും മുന്‍ റോയല്‍ നേവി കമ്മഡോര്‍ സ്റ്റീവ് പ്രെസ്റ്റ് മുന്നറിയിപ്പ് നല്‍കുന്നു.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷ് സൈനിക താവളങ്ങളില്‍ നിന്ന് ആക്രമണം നടത്താന്‍ അമേരിക്കയ്ക്ക് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകള്‍ തൊടുത്തത്. എന്നാല്‍ ഈ വിവരം സര്‍ക്കാര്‍ രഹസ്യമാക്കി വെച്ചുവെന്ന് ടോറി നേതാവ് കെമി ബെയ്ഡനോക്ക് കുറ്റപ്പെടുത്തി. ഇറാനിലെ ആണവനിലയങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക 'ബങ്കര്‍ ബസ്റ്റര്‍' ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. നടാന്‍സിലെ ഇറാന്റെ ഭൂഗര്‍ഭ ആണവ സംരക്ഷണ കേന്ദ്രത്തിന് നേരെയാണ് ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഉപയോഗിച്ച് അമേരിക്ക ആക്രമണം നടത്തിയത്.

യുദ്ധം കടുത്തതോടെ ബ്രിട്ടനിലെ സാധാരണക്കാരുടെ ജീവിതവും പ്രതിസന്ധിയിലാവുകയാണ്. ഇറാന്‍ സംഘര്‍ഷം കാരണം വളത്തിന്റെയും ഊര്‍ജ്ജത്തിന്റെയും വില കുതിച്ചുയരുന്നത് പച്ചക്കറി വില വര്‍ദ്ധനവിന് കാരണമാകുമെന്ന് നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. ബ്രിട്ടന് സ്വന്തമായി വളം ഉല്‍പ്പാദന ശേഷിയില്ലാത്തതിനാല്‍ രാജ്യാന്തര വിപണിയെ ആശ്രയിക്കേണ്ടി വരുന്നത് തിരിച്ചടിയാണ്. അടുത്ത ആഴ്ചകളില്‍ തന്നെ വിപണിയില്‍ ഇതിന്റെ പ്രതിഫലനം കണ്ടുതുടങ്ങും. ഇന്ധനക്ഷാമം നേരിടാനുള്ള മുന്‍കരുതലിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് 50 മൈല്‍ വേഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം വിനോദസഞ്ചാര മേഖലയെയും ബാധിച്ചിട്ടുണ്ട്. ദുബായ് ഉള്‍പ്പെടെയുള്ള സുരക്ഷിത താവളങ്ങളില്‍ മിസൈല്‍ ഭീഷണിയുണ്ടായതോടെ സഞ്ചാരികള്‍ കൂട്ടത്തോടെ യൂറോപ്പിലേക്കും കരീബിയന്‍ രാജ്യങ്ങളിലേക്കും തിരിയുകയാണ്. വിമാനക്കൂലി കുതിച്ചുയരുന്നതിന് മുന്‍പ് തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. സൈപ്രസിലെ ബ്രിട്ടീഷ് താവളം ഇറാനെതിരായ ആക്രമണത്തിന് ഉപയോഗിക്കില്ലെന്ന് സൈപ്രസ് പ്രസിഡന്റിന് കീര്‍ സ്റ്റാമര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എങ്കിലും ഇറാന്റെ പ്രഹരശേഷി പാശ്ചാത്യ ശക്തികള്‍ കുറച്ചുകാണരുത് എന്നാണ് മുന്‍ സൈനിക മേധാവികള്‍ നല്‍കുന്ന മുന്നറിയിപ്പ്.

Tags:    

Similar News