ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയില്‍ തീവില; ട്രംപിന്റെ ജനപ്രീതി കൂപ്പുകുത്തുന്നു; ഏപ്രില്‍ സര്‍വ്വേയില്‍ പിന്തുണ 43 ശതമാനമായി കുറഞ്ഞു; റിപ്പബ്ലിക്കന്‍ ക്യാമ്പില്‍ കനത്ത ആശങ്ക; മന്ത്രിസഭയിലെ അഴിച്ചുപണിയും ആഭ്യന്തര കലഹവും തിരിച്ചടിയായി; ട്രംപിനെ സ്വതന്ത്ര വോട്ടര്‍മാരും കൈവിടുന്നു

Update: 2026-04-10 04:33 GMT

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള യുദ്ധം നീളുന്നതും അമേരിക്കന്‍ ആഭ്യന്തര വിപണിയില്‍ അനുഭവപ്പെടുന്ന കടുത്ത പണപ്പെരുപ്പവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതിക്ക് കനത്ത തിരിച്ചടിയാകുന്നു. ഡെയ്ലി മെയില്‍-ജെ.എല്‍ പാര്‍ട്ണേഴ്സ് സംയുക്തമായി നടത്തിയ ഏറ്റവും പുതിയ സര്‍വ്വേ ഫലങ്ങള്‍ പ്രകാരം ട്രംപിന്റെ പിന്തുണയില്‍ മൂന്ന് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ചിലെ സര്‍വ്വേയില്‍ 46 ശതമാനമായിരുന്ന ജനപിന്തുണ ഏപ്രില്‍ ആദ്യവാരത്തോടെ 43 ശതമാനമായി താഴ്ന്നു. രണ്ടാം വട്ടവും അധികാരത്തിലെത്തിയ ട്രംപിന്റെ ഭരണകാലത്തെ ഏറ്റവും കുറഞ്ഞ ജനപ്രീതിയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇറാനെ ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണിക്ക് പിന്നാലെ പ്രഖ്യാപിച്ച താത്കാലിക വെടിനിര്‍ത്തല്‍ വോട്ടര്‍മാരിലുണ്ടായ ആശങ്ക പരിഹരിക്കാന്‍ പര്യാപ്തമായില്ലെന്നാണ് വോട്ടെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 43 ശതമാനം പേരും ട്രംപിനെതിരെയുള്ള നിലപാടിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുമാണ്. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം അമേരിക്കയിലെ ഇന്ധനവിലയില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. മുന്‍പ് ഗാലന് 2.98 ഡോളറായിരുന്ന പെട്രോള്‍ വില ഇപ്പോള്‍ 4.17 ഡോളറില്‍ എത്തിനില്‍ക്കുന്നു. ഇത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരാന്‍ ഇടയാക്കി.

ഇറാന്‍ വിഷയത്തിലെ ട്രംപിന്റെ കര്‍ക്കശമായ വിദേശനയമാണ് ജനപ്രീതി കുറയാനുള്ള മറ്റൊരു പ്രധാന ഘടകം. സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ ഇറാന്റെ നാഗരികത തന്നെ തകര്‍ക്കുമെന്ന ട്രംപിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് വിദേശനയങ്ങളില്‍ അതൃപ്തിയുള്ളവരുടെ എണ്ണം കഴിഞ്ഞ മാസത്തേക്കാള്‍ എട്ട് ശതമാനം വര്‍ധിച്ചു. ട്രംപിന്റെ ഭരണരീതികളോട് സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം പേരും കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇതില്‍ 41 ശതമാനം പേരും ട്രംപ് നയങ്ങളുടെ കടുത്ത വിരോധികളാണ്.

ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര കലഹങ്ങളും ട്രംപിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അടുത്തിടെ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, ഡി.എച്ച്.എസ് സെക്രട്ടറി ക്രിസ്റ്റി നോം എന്നിവരെ ട്രംപ് പുറത്താക്കിയിരുന്നു. ഇവരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചു. പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ ട്രംപിന് ഇപ്പോഴും 79 ശതമാനം പിന്തുണയുണ്ടെങ്കിലും, തിരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായകമാകുന്ന സ്വതന്ത്ര വോട്ടര്‍മാരുടെ പിന്തുണ 34-ല്‍ നിന്ന് 30 ശതമാനമായി കുറഞ്ഞു.

വരും മാസങ്ങളില്‍ ഇറാന്‍ വിഷയത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്താനോ വിലക്കയറ്റം നിയന്ത്രിക്കാനോ കഴിഞ്ഞില്ലെങ്കില്‍ ട്രംപ് കൂടുതല്‍ വെട്ടിലാകുമെന്ന് ഉറപ്പാണ്.

Tags:    

Similar News