ബ്രിട്ടനെ 'ഓഡിറ്റ്' ചെയ്യാന്‍ ട്രംപ്; ഇറാന്‍ യുദ്ധത്തില്‍ സഹായിക്കാത്ത സഖ്യകക്ഷികള്‍ക്കെതിരെ നീക്കം; ട്രംപിനെതിരെ ആഞ്ഞടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍; ഊര്‍ജ്ജവില കൂടുന്നത് ട്രംപും പുടിനും കാരണമെന്ന് ബ്രിട്ടണ്‍; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപപ്പെട്ട അമേരിക്ക-യൂറോപ്പ് ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍

Update: 2026-04-10 08:15 GMT

ലണ്ടന്‍: ഇറാന്‍ യുദ്ധത്തില്‍ പിന്തുണയ്ക്കാത്ത ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള നാറ്റോ സഖ്യകക്ഷികള്‍ക്കെതിരെ കടുത്ത നടപടികളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധത്തില്‍ സഹായിക്കാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങളില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ ഭീഷണി. ഇതിന്റെ ഭാഗമായി സഖ്യകക്ഷികളെ 'ഓഡിറ്റ്' ചെയ്യാന്‍ ട്രംപ് ഉത്തരവിട്ടു. ഇതോടെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപപ്പെട്ട അമേരിക്ക-യൂറോപ്പ് ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലായി.

അമേരിക്കന്‍ നീക്കത്തിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പരസ്യമായി രംഗത്തെത്തി. ലോകത്ത് സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുന്നതിനും ബ്രിട്ടനിലെ സാധാരണക്കാരുടെ ഊര്‍ജ്ജ ബില്ലുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണം ട്രംപിന്റെയും പുടിന്റെയും നടപടികളാണെന്ന് സ്റ്റാര്‍മര്‍ കുറ്റപ്പെടുത്തി. 'ഞങ്ങള്‍ സംഘര്‍ഷങ്ങള്‍ കുറയ്ക്കാനാണ് ശ്രമിക്കുന്നത്, അത് ആളിക്കത്തിക്കാനല്ല' - ദി ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനില്‍ മാത്രം 13 സൈനിക താവളങ്ങളും പതിനായിരത്തോളം വ്യോമസേന ഉദ്യോഗസ്ഥരും അമേരിക്കയ്ക്കുണ്ട്. ഇവരെ പിന്‍വലിച്ചാല്‍ ബ്രിട്ടന്റെ സുരക്ഷയെയും സാമ്പത്തിക വ്യവസ്ഥയെയും അത് ഗുരുതരമായി ബാധിക്കും. ഏകദേശം 1.3 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടം യുകെയ്ക്ക് ഇതുമൂലം ഉണ്ടായേക്കാം. യൂറോപ്പില്‍ നിന്ന് ആകെ 80,000 അമേരിക്കന്‍ സൈനികരെ പിന്‍വലിച്ചാല്‍ അത് റഷ്യന്‍ അധിനിവേശത്തിന് വഴിമരുന്നിടുമെന്ന ആശങ്കയും ശക്തമാണ്.

ആറാഴ്ച നീണ്ട യുദ്ധത്തിന് ശേഷം ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കിലാണ്. ലോകത്തെ പ്രധാന എണ്ണക്കപ്പല്‍ പാതയായ ഹെര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇറാന്‍ വന്‍ തുക ടോള്‍ ചോദിക്കുന്നതാണ് പുതിയ തര്‍ക്കം. കരാര്‍ ലംഘിച്ച് ഇറാന്‍ കപ്പലുകളെ തടയുകയാണെന്ന് ട്രംപ് ആരോപിച്ചു. എന്നാല്‍ കൊല്ലപ്പെട്ടവര്‍ക്ക് 'രക്തപ്പണം' നല്‍കാതെ പിന്മാറില്ലെന്ന നിലപാടിലാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി. കപ്പല്‍ യാത്ര സുരക്ഷിതമാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഉടന്‍ തീരുമാനമുണ്ടാകണമെന്ന നിലപാടിലാണ് ബ്രിട്ടന്‍.

Tags:    

Similar News