1998-ല്‍ ന്യൂയോര്‍ക്കിലെ കിറ്റ് കാറ്റ് ക്ലബ്ബില്‍ നടന്ന ഒരു പാര്‍ട്ടിയിലാണ് ട്രംപിനെ താന്‍ ആദ്യമായി കാണുന്നത്ച അത് തികച്ചും യാദൃശ്ചികം; എപ്സ്റ്റീനാണ് തങ്ങളെ പരിചയപ്പെടുത്തിയത് എന്ന വാദം തെറ്റ്; അന്ന് തനിക്ക് എപ്സ്റ്റീനെ പരിചയമില്ലായിരുന്നു; തന്നെ ലക്ഷ്യമിട്ടുള്ള 'അടിസ്ഥാനരഹിതമായ നുണകള്‍' അവസാനിപ്പിക്കണം; എപ്സ്റ്റീന്‍ ബന്ധം: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മെലാനിയ ട്രംപ്; അന്വേഷണം വേണമെന്ന് ആവശ്യം

Update: 2026-04-10 01:07 GMT

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര തലത്തില്‍ വന്‍ വിവാദമായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി തന്നെ ബന്ധിപ്പിച്ചുയരുന്ന ആരോപണങ്ങളെ ശക്തമായി തള്ളിക്കൊണ്ട് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ് രംഗത്ത്. തന്നെ ലക്ഷ്യമിട്ടുള്ള 'അടിസ്ഥാനരഹിതമായ നുണകള്‍' അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മെലാനിയ, വൈറ്റ് ഹൗസില്‍ നടത്തിയ അപ്രതീക്ഷിത പ്രസംഗത്തിലൂടെയാണ് മൗനം വെടിഞ്ഞത്. തന്റെ സല്‍പ്പേരിനെ കളങ്കപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു.

വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് അറുതി വരുത്താനാണ് ഈ നീക്കമെന്ന് അവര്‍ വ്യക്തമാക്കി. എപ്സ്റ്റീന്റെ ഇരയോ അല്ലെങ്കില്‍ അയാളുടെ കുറ്റകൃത്യങ്ങള്‍ക്ക് സാക്ഷിയോ അല്ല താനെന്ന് മെലാനിയ ഉറപ്പിച്ചു പറഞ്ഞു. വൈറ്റ് ഹൗസിലെ പോഡിയത്തില്‍ സംസാരിക്കവേ മെലാനിയ ഏറെ വികാരാധീനയായും അസ്വസ്ഥയായുമാണ് കാണപ്പെട്ടത്.

ഡൊണാള്‍ഡ് ട്രംപുമായുള്ള തന്റെ വിവാഹത്തെക്കുറിച്ച് പ്രചരിക്കുന്ന കഥകളെയും അവര്‍ തിരുത്തി. 1998-ല്‍ ന്യൂയോര്‍ക്കിലെ കിറ്റ് കാറ്റ് ക്ലബ്ബില്‍ നടന്ന ഒരു പാര്‍ട്ടിയിലാണ് ട്രംപിനെ താന്‍ ആദ്യമായി കാണുന്നത്. അത് തികച്ചും യാദൃശ്ചികമായ കൂടിക്കാഴ്ചയായിരുന്നു. എപ്സ്റ്റീനാണ് തങ്ങളെ പരിചയപ്പെടുത്തിയത് എന്ന വാദം തെറ്റാണെന്നും അന്ന് തനിക്ക് എപ്സ്റ്റീനെ പരിചയമില്ലായിരുന്നുവെന്നും മെലാനിയ കൂട്ടിച്ചേര്‍ത്തു.

2000-ല്‍ മാത്രമാണ് താന്‍ എപ്സ്റ്റീനെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി വിവരമില്ലായിരുന്നു. ന്യൂയോര്‍ക്കിലെയും പാം ബീച്ചിലെയും സാമൂഹിക വൃത്തങ്ങളില്‍ പൊതുവായ പരിപാടികളില്‍ വെച്ചുള്ള സാന്നിധ്യമല്ലാതെ വ്യക്തിപരമായ ഒരു സൗഹൃദവും എപ്സ്റ്റീനുമായോ സഹായി ഗിസ്ലെയ്ന്‍ മാക്സ്വെല്ലുമായോ തനിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.

എപ്സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്ലെയ്ന്‍ മാക്സ്വെല്ലിന് താന്‍ അയച്ചതായി പറയപ്പെടുന്ന ഇമെയിലുകളെക്കുറിച്ചും മെലാനിയ വിശദീകരണം നല്‍കി. 'ലവ് മെലാനിയ' എന്ന് ഒപ്പിട്ട ആ സന്ദേശം കേവലം ഒരു ഔപചാരിക മര്യാദ മാത്രമായിരുന്നു. അക്കാലത്ത് ന്യൂയോര്‍ക്ക് മാഗസിനില്‍ വന്ന ഒരു ലേഖനത്തെക്കുറിച്ചുള്ള ലഘുവായ പരാമര്‍ശം മാത്രമായിരുന്നു അതെന്നും അതിന് ഗൗരവകരമായ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളില്‍ താന്‍ ഒരു തരത്തിലും പങ്കാളിയായിട്ടില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു. എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിലോ ദ്വീപിലോ താന്‍ ഒരിക്കലും പോയിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ക്കോ എഫ്.ബി.ഐയ്‌ക്കോ നല്‍കിയ മൊഴികളിലോ കോടതി രേഖകളിലോ ഒരിടത്തും തന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തന്നെ വേട്ടയാടുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

നീതി ലഭിക്കാനായി സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് മെലാനിയ പറഞ്ഞു. എപ്സ്റ്റീന്‍ ഇത്തരം കൊടുംകുറ്റകൃത്യങ്ങള്‍ ഒറ്റയ്ക്കല്ല ചെയ്തതെന്ന ഗുരുതരമായ ആരോപണവും അവര്‍ ഉന്നയിച്ചു. അഴിമതിയുടെയും ലൈംഗിക വേട്ടയുടെയും ചുരുളഴിക്കാന്‍ യുഎസ് കോണ്‍ഗ്രസ് പ്രത്യേക ഹിയറിങ് നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

എപ്സ്റ്റീന്റെ ക്രൂരതകള്‍ക്ക് ഇരയായ സ്ത്രീകള്‍ക്ക് തങ്ങളുടെ പരാതികള്‍ തുറന്നുപറയാന്‍ പൊതുവേദി ഒരുക്കണമെന്നും മെലാനിയ ആവശ്യപ്പെട്ടു. സഭയ്ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് മൊഴി നല്‍കാന്‍ അവര്‍ക്ക് അവസരം നല്‍കണം. ആ സാക്ഷ്യപ്പെടുത്തലുകള്‍ ഔദ്യോഗിക രേഖകളുടെ ഭാഗമാകുമ്പോള്‍ മാത്രമേ ഈ വിഷയത്തില്‍ പൂര്‍ണ്ണമായ സത്യം പുറത്തുവരികയുള്ളൂവെന്ന് അവര്‍ പറഞ്ഞു.

അപ്രതീക്ഷിതമായി നടത്തിയ ഈ പ്രസംഗത്തെക്കുറിച്ച് തനിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. മെലാനിയയ്ക്ക് എപ്സ്റ്റീനെ അറിയില്ലായിരുന്നുവെന്നും തന്നെപ്പോലും അറിയിക്കാതെയാണ് അവര്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെലാനിയയെ ലക്ഷ്യമിട്ടുള്ള നുണപ്രചാരണങ്ങള്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രസംഗത്തിനിടെ വിറയലോടെയും ഇടറിയ ശബ്ദത്തിലും കാണപ്പെട്ട മെലാനിയ, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായില്ല. പ്രസംഗം പൂര്‍ത്തിയാക്കിയ ഉടന്‍ അവര്‍ പോഡിയത്തില്‍ നിന്ന് മടങ്ങുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് മെലാനിയയുടെ ഈ വെളിപ്പെടുത്തല്‍ ഇപ്പോള്‍ വഴിമരുന്നിട്ടിരിക്കുന്നത്.

Similar News