യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍: ഇസ്രയേലിന് കടുത്ത അതൃപ്തി; ചര്‍ച്ചകളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന് പരാതി
വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറില്‍ സഖ്യകക്ഷിയായ ഇസ്രയേലിന് കടുത്ത അതൃപ്തി. നിര്‍ണ്ണായകമായ ചര്‍ച്ചകളില്‍ നിന്ന് തങ്ങളെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തിയെന്നും കൂടിയാലോചനകള്‍ നടത്തിയില്ലെന്നുമാണ് ഇസ്രയേലിന്റെ പരാതി. വാള്‍സ്ട്രീറ്റ് ജേണലാണ് ഇസ്രയേലിന്റെ ഉള്ളിലെ പുകച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ട്രംപ് നല്‍കിയ അന്ത്യശാസനം അവസാനിക്കാന്‍ 90 മിനിറ്റ് മാത്രം ബാക്കിനില്‍ക്കെയാണ് യുഎസ്-ഇറാന്‍ താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ത്ഥ്യമായത്. ഹോര്‍മുസ് കടലിടുക്ക് തുറക്കാനും ഇതില്‍ ധാരണയായിരുന്നു. എന്നാല്‍, കരാറിലെത്താനുള്ള രഹസ്യ നീക്കങ്ങളൊന്നും അമേരിക്ക ഇസ്രയേലിനെ അറിയിച്ചിരുന്നില്ലെന്നാണ് സൂചന.
വെടിനിര്‍ത്തല്‍ കരാറിനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ലെബനന്‍ ഉള്‍പ്പെടില്ല: കരാര്‍ ഇറാനുമായി മാത്രമുള്ളതാണെന്നും ലെബനന്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇസ്രയേലിന്റെ ഈ നീക്കത്തെ 'പ്രത്യേക ഏറ്റുമുട്ടല്‍' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
അതേസമയം, ലെബനനിലെ ആക്രമണം തുടര്‍ന്നാല്‍ കരാറില്‍ നിന്ന് പിന്മാറുമെന്ന് ഇറാനും ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ വീണ്ടും തടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഹിസ്ബുള്ള കാരണം ലെബനനെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. സഖ്യകക്ഷികള്‍ തമ്മിലുള്ള ഈ ഭിന്നത പശ്ചിമേഷ്യയില്‍ വീണ്ടും അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്.