സി.ജെ.റോയിയുടെ മരണം ആഘോഷമാക്കുന്നവര്‍ അറിയാന്‍: ഞങ്ങള്‍ക്ക് കടമില്ല, ആരെയും കബളിപ്പിച്ചിട്ടുമില്ല! ഐടി റെയ്ഡ് കുറ്റകൃത്യമല്ല; അന്വേഷണം നടക്കട്ടെ, പക്ഷേ മരിച്ചയാളെ ഇത്തരത്തില്‍ വേട്ടയാടരുത്; സിനിമാ പണവും വിദേശ നിക്ഷേപവും വെറും കള്ളം; നിക്ഷേപകരുടെ കടമില്ല; സൈറ്റുകളില്‍ പണി പുനരാരംഭിച്ചു; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് സിഎംഡി

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് സിഎംഡി

Update: 2026-02-09 11:47 GMT

കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി.എ. ജോസഫ്. ചെയര്‍മാന്റെ മരണവും ആദായനികുതി വകുപ്പിന്റെ പരിശോധനയും ചേര്‍ത്തുവച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പരിശോധന പതിവ് നടപടി മാത്രം

സി.ജെ. റോയിയുടെ ഓഫീസുകളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധന പതിവ് നടപടി മാത്രമാണെന്നും, ഇത് യാതൊരു കുറ്റകൃത്യങ്ങളുമായും ബന്ധപ്പെട്ടതല്ലെന്നും ടി.എ. ജോസഫ് അറിയിച്ചു. സി.ജെ. റോയിയുടെ നിര്യാണത്തിന് പിന്നാലെ ഗ്രൂപ്പിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെയും വ്യക്തിപരമായ അധിക്ഷേപങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു.

ആദായ നികുതി വകുപ്പ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ ഇത്തരം പരിശോധനകള്‍ നടത്താറുണ്ട്. 2016-ല്‍ ഗ്രൂപ്പിന്റെ ഓഫീസില്‍ പരിശോധന നടന്നിരുന്നു. തുടര്‍ന്ന് 2026-ലും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെയും മറ്റു സ്ഥാപനങ്ങളുടെയും ഓഫീസുകളില്‍ പതിവ് പരിശോധന നടന്നത് ഇതിന്റെ ഭാഗമാണെന്നും ജോസഫ് വിശദീകരിച്ചു. അധികൃതരുമായി ഗ്രൂപ്പ് പൂര്‍ണ്ണമായി സഹകരിച്ചുവെന്നും മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മാന്യമായ സമീപനമാണ് ഉണ്ടായതെന്നും കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയതുകൊണ്ടല്ല ഈ പരിശോധന നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേട്ടയാടുന്നത് നീതീകരിക്കാനാവില്ല

ചില യൂട്യൂബര്‍മാരും സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും കമ്പനിയെയും പരേതനായ സി.ജെ. റോയിയെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെതിരെ ജോസഫ് ശക്തമായി പ്രതികരിച്ചു. 'മരിച്ച ഒരാളെ ഇത്തരത്തില്‍ വേട്ടയാടുന്നത് നീതീകരിക്കാനാവില്ല. നിക്ഷേപകരെ ഗ്രൂപ്പ് കബളിപ്പിച്ചിട്ടില്ല. കള്ളപ്രചാരണങ്ങള്‍ തിരിച്ചറിയാന്‍ മലയാളികള്‍ക്ക് സാധിക്കും.' - ടി.എ. ജോസഫ് പറഞ്ഞു.

ആരോപണങ്ങള്‍ തള്ളി കമ്പനി

ഗ്രൂപ്പ് നിക്ഷേപകരെ കബളിപ്പിച്ചു, സിനിമാ രംഗത്തുള്ളവരില്‍ നിന്നും റിയല്‍ എസ്റ്റേറ്റുകാരില്‍ നിന്നും പണം വാങ്ങി വിദേശത്ത് നിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ടി.എ. ജോസഫ് ഊന്നിപ്പറഞ്ഞു. തങ്ങള്‍ക്ക് നിക്ഷേപകരോ കടങ്ങളോ ഇല്ല. ആരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടില്ലെന്നും, തെളിവ് ഹാജരാക്കിയാല്‍ ഇരട്ടിച്ച പണം തിരിച്ചുനല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളിച്ചു. സിനിമാ മേഖലയില്‍ സുതാര്യമായ രീതിയിലാണ് ഇടപെട്ടതെന്നും ഗ്രൂപ്പിന് പണം ലഭിക്കാനേയുള്ളൂ, നല്‍കാനില്ലെന്നും അദ്ദേഹം അറിയിച്ചു.

ചെയര്‍മാന്റെ വിയോഗം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. എല്ലാ നിര്‍മ്മാണ സൈറ്റുകളിലും പണി പുനരാരംഭിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്കോ ഉപഭോക്താക്കള്‍ക്കോ ആശങ്ക വേണ്ടെന്നും അദ്ദേഹം അറിയിച്ചു.

ചെയര്‍മാന്റെ മരണം കമ്പനിയുടെ ജോലികളെ ബാധിക്കില്ല

സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘത്തിന്റെ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും റോയിയുടെ മരണം കമ്പനിയുടെ ജോലികളെ ബാധിക്കില്ലെന്നും എംഡി വ്യക്തമാക്കി. ജീവിതം ആഘോഷിക്കണമെന്ന് ആഗ്രഹിച്ചിരുന്ന, സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ഒരു വ്യക്തിയായിരുന്നു റോയിയെന്നും അദ്ദേഹം അനുസ്മരിച്ചു.

Tags:    

Similar News