പാര്‍ക്കിന്‍സണ്‍സ് രോഗം വന്നപ്പോള്‍ വ്യാജ ഒപ്പിട്ടും വ്യാജ രേഖകള്‍ സൃഷ്ടിച്ചും രണ്ടു മക്കള്‍ ചേര്‍ന്ന് തട്ടിയെടുത്തു; ശതകോടീശ്വരനായ പിപി മൊയ്തീന്‍ കോയയുടെ പരാതിയില്‍ പോലീസ് അന്വേഷണം; കോയെന്‍കോ ഗ്രൂപ്പില്‍ സംഭവിക്കുന്നത്

50 ലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ഗ്രൂപ്പിന്റെ ഉപവിഭാഗങ്ങളെല്ലാം വ്യത്യസ്തമായ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Update: 2024-10-07 03:43 GMT

കോഴിക്കോട്: പ്രമുഖ വ്യവസായ ശൃംഖലയായ കോയെന്‍കോ ഗ്രൂപ്പിന്റെ 70% ഓഹരികളും തന്റെ രണ്ടു മക്കള്‍ ചേര്‍ന്നു തട്ടിയെടുത്തതായി ഉടമയും മാനേജിങ് ഡയറക്ടറുമായ പൊന്നംപറമ്പത്ത് പി.പി.മൊയ്തീന്‍ കോയ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. സിറ്റി പൊലീസ് കമ്മിഷണര്‍ക്കും എലത്തൂര്‍ പൊലീസിലും നല്‍കിയ പരാതിയില്‍ മൊയ്തീന്‍ കോയയുടെ ഇളയ രണ്ടു മക്കള്‍, കമ്പനി സെക്രട്ടറി, സഹായി എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഗുരുതര ആരോപണങ്ങളാണ് പി.പി.മൊയ്തീന്‍ കോയ ഉയര്‍ത്തുന്നത്.

പാര്‍ക്കിന്‍സണ്‍സ് രോഗം വന്നു കിടപ്പിലായ സമയം, വിവിധ ജില്ലകളിലായുള്ള 200 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ ഒപ്പുകളിട്ടും വ്യാജ രേഖകള്‍ സൃഷ്ടിച്ചും ബലം പ്രയോഗിച്ചു വിരലടയാളം പതിപ്പിച്ചും തട്ടിയെടുത്തതായാണു പരാതി. ഓഹരി കൈമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കമ്പനി റജിസ്ട്രാര്‍ക്കു പരാതിയും നല്‍കി. കൊയെങ്കോ ഗ്രൂപ്പിന്റെ ചരിത്രം അതിന്റെ സ്ഥാപകനും ചെയര്‍മാനുമായ .പി.പി കോയയുടെ ജീവിതവും നേട്ടങ്ങളുമായി ഇഴചേര്‍ന്നതാണ്. തേയിലത്തോട്ടങ്ങള്‍, കാലിത്തീറ്റകള്‍, സോള്‍വെന്റ് വേര്‍തിരിച്ചെടുക്കല്‍, ഭക്ഷ്യ എണ്ണ സംസ്‌കരണം, ഓട്ടോമൊബൈല്‍സ്, ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ ആറ് മേഖലകളിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്ടാണ് കൊയെന്‍കോ ഗ്രൂപ്പിന്റെ കേന്ദ്രം.

അതിവേഗ വളര്‍ച്ച ലക്ഷ്യമിട്ട് കോയെന്‍കോ ഗ്രൂപ്പ് അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ (എഫ്എംസിജി) വിപണിയിലേക്കും കടന്നിരുന്നു. വ്യക്തിഗത ശുചീകരണത്തിനുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് കമ്പനി കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ വിപണികളില്‍ അവതരിപ്പിച്ചത്. മെഡിഗ്‌ളോ, ഡോക്ടര്‍ ബ്രൈറ്റ്, സണ്‍മെയ്ഡ്, പ്രൂഫ് വാഷ്, ബയോ വെജ്, എക്‌സ്ട്രാ വൈറ്റ്, എക്‌സ്ട്രാ ബ്രൈറ്റ്, മാസ്റ്റര്‍ വാഷ്, കാഞ്ചനമാല, പ്‌ളാറ്റിനോ എക്‌സല്‍, ലാമിഒ, ലിമിക്‌സ് എന്നീ 12 തരം ഡിറ്റര്‍ജന്റ്, ടോയ്‌ലറ്റ് സോപ്പുകളും ഡിഷ് വാഷ് ഉല്‍പ്പന്നങ്ങളുമാണ് ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചത്. 50 ലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ഗ്രൂപ്പിന്റെ ഉപവിഭാഗങ്ങളെല്ലാം വ്യത്യസ്തമായ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഗ്രൂപ്പ് സോള്‍വെന്റ് എക്‌സ്ട്രാക്ഷന്‍, കയറ്റുമതി, പെട്രോളിയം ഇറക്കുമതി, അടിസ്ഥാനസൌകര്യ വികസനം, വാഹന വില്‍പ്പനയും സര്‍വീസിങ്ങും, കാലിത്തീറ്റ നിര്‍മാണം എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കോയെന്‍കോ എക്‌സ്‌പെല്ലേഴ്‌സ്, കോയെന്‍കോ സോള്‍വെന്റ് എക്‌സ്ട്രാക്ടേഴ്‌സ്, കോയെന്‍കോ ഫീഡ്‌സ്, കോയെന്‍കോ ടീ പ്‌ളാന്റേഷന്‍, കോയെന്‍കോ മൊബൈക്‌സ്, കോയെന്‍കോ പ്‌ളാറ്റിനോ ക്‌ളാസിക് മോട്ടോഴ്‌സ്, കോയെന്‍കോ ഹോസ്പിറ്റാലിറ്റി, കോയെന്‍കോ ഫൌണ്ടേഷന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കോയെന്‍കോ ഗ്രൂപ്പ്. സുനന്ദിനി കാലത്തീറ്റ ഗ്രൂപ്പിന്റെ മുഖ്യ ബ്രാന്‍ഡുകളിലൊന്നാണ്. ഈ ഗ്രൂപ്പാണ് വിവാദത്തില്‍ പെടുന്നത്.

Tags:    

Similar News