നിയമസഭയില്‍ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്നാല്‍ സ്വതന്ത്ര നിലപാടെടുക്കും എന്ന് കത്ത് നല്‍കിയ സിപിഐ; പിന്നാലെ സെക്രട്ടറിയേറ്റില്‍ എത്തിയ മുഖ്യമന്ത്രി; ഗോവിന്ദന്റെ നിലപാടും നിര്‍ണ്ണായകമായി; എഡിജിപി അജിത് കുമാറിന് ക്രമസമാധാനം നഷ്ടമാകുമ്പോള്‍
അജിത്തിനെതിരെ നടപടി ഉണ്ടെങ്കില്‍ ഇന്നലെത്തന്നെ വേണമെന്ന നിലപാടിലായിരുന്നു സിപിഐ
തിരുവനന്തപുരം: .മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച സെക്രട്ടേറിയറ്റില്‍ എത്തുന്നത് അപൂര്‍വമാണ്. ഇന്നനലെ ഓഫീസിലെത്തിയ മുഖ്യമ്ന്ത്രി 20 മിനിറ്റോളം സെക്രട്ടേറിയറ്റില്‍ ചെലവഴിച്ചു, ആ ഫയലില്‍ ഒപ്പിടുകയും ചെയ്തു. ഇന്നലെ രാത്രി എഡിജിപി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിന്നു നീക്കാന്‍ കാരണം സിപിഐയുടെ കത്ത്. നിയമസഭയില്‍ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്നാല്‍ സിപിഐ സ്വതന്ത്ര നിലപാടെടുക്കും എന്ന മുന്നറിയിപ്പുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണു കത്തു നല്‍കിയത്. ഇത് ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥ വരുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് അജിത് കുമാറിനെ ക്രമസമാധാനത്തില്‍ നിന്നും മാറ്റിയത്.
അജിത്തിനെതിരെ നടപടി ഉണ്ടെങ്കില്‍ ഇന്നലെത്തന്നെ വേണമെന്ന നിലപാടിലായിരുന്നു സിപിഐ. ഇക്കാര്യം സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും മുഖ്യമന്ത്രിയെ അറിയിച്ചു. ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് അപ്പുറം തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപിയുടെ പങ്കാളിത്തം പുറത്തുവന്നതോടെ നടപടി എടുക്കാതെ തരമില്ലെന്ന് സിപിഐ നിലപാടെടുത്തിരുന്നു. ശക്തമായി ഈ ആവശ്യം ഉന്നയിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന അവസ്ഥ സിപിഐയിലുണ്ടായി. സിപിഐയിലെ പ്രധാന നേതാക്കളായ കെ.പ്രകാശ് ബാബുവും തൃശൂരിലെ സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാറും നിലപാട് ബിനോയ് വിശ്വത്തെ അറിയിച്ചു. ഇതോടെ ബിനോയ് വിശ്വത്തിന് മറ്റ് വഴികളില്ലാതെയായി. ഇതിന്റെ പ്രതിഫലനമാണ് അജിത് കുമാറിനെതിരായ നടപടിയില്‍ കണ്ടത്.
നിയമസഭാ സമ്മേളനം ഇന്നു പുനരാരംഭിക്കാനിരിക്കെയാണു നിര്‍ണായക തീരുമാനം ഉണ്ടായത്. നടപടി എടുക്കുമ്പോഴും അജിത് കുമാര്‍ ബറ്റാലിയന്‍ എ.ഡി.ജി.പിയായി തുടരും.അജിത് കുമാറിനെതിരായ പരാതികളിലെ ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത്. ആര്‍.എസ്.എസ് നേതാക്കളെ കണ്ടതിനെക്കുറിച്ചുള്ള എ.ഡി.ജി.പിയുടെ വിശദീകരണം ഡി.ജി.പി തള്ളിയിരുന്നു. എ.ഡി.ജി.പിക്കെതിരേ നടപടി വേണമെന്ന് നേരത്തെ സി.പി.ഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് വേണമെന്ന വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. അന്വേഷണത്തിന് ഉത്തരവിട്ട് മുപ്പത്തിരണ്ടാം ദിവസമാണ് നടപടി.
അന്‍വറിന്റെ ആരോപണങ്ങളില്‍ എല്ലാം പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് അജിത് കുമാറിന് ക്ളീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. മാമി തിരോധനാ കേസ് അന്വേഷണത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയതില്‍ മാത്രമേ പ്രശ്നം കണ്ടുള്ളൂ. ആര്‍.എസ്.എസ്. നേതാക്കളുടെ കൂടിക്കാഴ്ചയെ ഗൗരവ സ്വഭാവത്തില്‍ കണ്ടിരുന്നെങ്കിലും നടപടി സംബന്ധിച്ചു മുഖ്യമന്ത്രിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. എഡി.ജി.പിക്കെതിരേ കടുത്ത നടപടി എടുക്കുകയും അത് കോടതിയില്‍ ചോദ്യം ചെയ്യുകയും ചെയ്താല്‍ തിരിച്ചടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വിശ്വസ്തരെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്രമസമാധാന ചുമതലയില്‍നിന്നും അജിത് കുമാര്‍ മാറുന്നത്.
പോലീസില്‍നിന്ന് അജിത് കുമാറിനെ മാറ്റണമെന്നു പോലീസ് മേധാവിക്ക് അടക്കം അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല. ബറ്റാലിയന്‍ എഡി.ജി.പിയായി അജിത് കുമാര്‍ തുടരുന്നതു കൊണ്ട് തന്നെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും മറ്റും അജിത് കുമാറിന് പങ്കെടുക്കാന്‍ കഴിയും.അജിത് കുമാറിനെ മാറ്റിയ തീരുമാനത്തെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വാഗതം ചെയ്തു. ഇടതു മുന്നണിയുടെ വിജയമാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉചിതമായ നടപടിയാണ് ഇതെന്നും സി.പി.ഐ. സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്.