ശബരിമല സ്വര്‍ണ്ണക്കൊള്ള നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമോ? ഹൈക്കോടതിയില്‍ ഇന്ന് നിര്‍ണായക ദിനം; പാളികളില്‍ നിന്നും എത്രസ്വര്‍ണം നഷ്ടമായെന്ന് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും; വിഎസ്എസ്‌സിയുടെ പരിശോധനാ റിപ്പോര്‍ട്ട് കേസിന്റെ ഭാവിയില്‍ നിര്‍ണായകം; ലഭിച്ചത് 989 ഗ്രാം സ്വര്‍ണമെന്ന് പോറ്റിയുടെ മൊഴി

ശബരിമല സ്വര്‍ണ്ണക്കൊള്ള നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമോ?

Update: 2026-02-09 01:19 GMT

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇന്ന് നിര്‍ണായക ദിനം. കേസില്‍ രാഷ്ട്രീയ രംഗത്തെ ഉന്നത വ്യക്തികള്‍ അടക്കം ഉള്‍പ്പെട്ട സാഹചര്യത്തില്‍ അന്വേഷണം ഇനി ഏത് വഴിയില്‍ നീങ്ങുമെന്നതാണ് നിര്‍ണായകം. ദ്വാരപാലക ശില്‍പത്തില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും എത്രത്തോളം സ്വര്‍ണം നഷ്ടമായെന്ന വിവരം പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും.

സ്വര്‍ണക്കൊള്ളയില്‍ സ്വമേധയ എടുത്ത കേസാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ച് പരിഗണിക്കുക. ഇതുവരെയുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങളും ശാസ്ത്രീയ പരിശോധനാ ഫലവും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ എസ്ഐടി നേരിട്ട് അറിയിക്കും. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്‍. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് വിഎസ്എസ്‌സിയുടെ പരിശോധനാ റിപ്പോര്‍ട്ട് എസ്‌ഐടിക്ക് ലഭിച്ചത്. പാളികളില്‍ നിന്ന് 989 ഗ്രാം സ്വര്‍ണം ലഭിച്ചെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയിരുന്ന മൊഴി. ഈ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങല്‍ കേസിന്റെ തുടര്‍ഭാവിയെയും നിശ്ചയിക്കും.

എന്നാല്‍ ഇതില്‍ കൂടുതല്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്നാണ് വി എസ്എസ്‌സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വൈകാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.

അതേസമയം കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ഇരു ജാമ്യ ഹര്‍ജികളിലും വാദം കേള്‍ക്കുന്ന കോടതി എസ്‌ഐടി റിപ്പോര്‍ട്ട് കൂടെ പരിഗണിച്ചാകും തീരുമാനം എടുക്കുക. റിമാന്‍ഡ് 90 ദിവസം ആയതിനെ തുടര്‍ന്ന് സ്വഭാവിക ജാമ്യം തേടി എന്‍ വാസു ഇന്ന് അപേക്ഷ നല്‍കും.

സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി 90 ദിവസം തികഞ്ഞില്ലെങ്കിലും രണ്ട് കേസുകളിലും ജാമ്യം തേടിയാണ് തന്ത്രി കോടതിയെ സമീപിച്ചത്. ശബരിമലയിലെ ആചാരപരമായ കാര്യങ്ങളില്‍ മാത്രമേ തനിക്ക് ഉത്തരവാദിത്തം ഉള്ളൂവെന്നത് ആണ് പ്രധാന വാദം. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യാതൊരു പങ്കും ഇല്ലെന്ന് ആണ് തന്ത്രി ജാമ്യഹരജിയില്‍ പറയുന്നത്. നിലവില്‍ ദ്വാരപാലക ശില്പ കേസിലും കട്ടിളപ്പാളി കേസിലും തന്ത്രിയെ പ്രതി ചേര്‍ത്തിട്ടുണ്ട്. കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ ജയില്‍ മോചിതനായ സാഹചര്യത്തിലാണ് തന്ത്രിയുടെ ജാമ്യ ഹരജികളും വിജിലന്‍സ് കോടതി പരിഗണിക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കഴിഞ്ഞ ആഴ്ചയില്‍ തന്ത്രിയെ ഓണ്‍ലൈന്‍ മുഖേനയാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് നീട്ടിയത്. ജാമ്യ ഹരജികളെ എതിര്‍ത്തു കൊണ്ട് എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എല്ലാം നടന്നത് തന്ത്രിയുടെ അറിവോടെയാണെന്നും ഗുരുതരമായുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നുമാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. കോടതി നിര്‍ദേശ പ്രകാരമുള്ള ചികിത്സ നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ജാമ്യഹരജി തള്ളിയാല്‍ മേല്‍ക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പ്രതിഭാഗം. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയായ എന്‍. വാസുവിന്റെ റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടു. സ്വാഭാവിക ജാമ്യം തേടി വിജിലന്‍സ് കോടതിയില്‍ ജാമ്യഹരജി ഇന്ന് സമര്‍പ്പിക്കും. തന്ത്രി എന്നുള്ള രീതിയിലാണ് ശബരിമലയില്‍ ഇടപെടല്‍ നടത്തിയതെന്നും സ്വര്‍ണപഹരണ കേസുകളില്‍ പങ്കില്ലെന്നുമാണ് വാദം. എന്നാല്‍ സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിക്ക് മുഖ്യ പങ്കെന്നാണ് എസ്.ഐ.ടി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജാമ്യത്തിനെതിരെ ഇന്നു പ്രോസിക്യൂഷന്‍ കൂടുതല്‍ വാദങ്ങള്‍ ഉയര്‍ത്തുമെന്നാണ് സൂചന.

Tags:    

Similar News