'സമസ്ത വിട്ടുപോയവര്‍ തിരിച്ച് വരണം, പോഷക സംഘടനകള്‍ കീഴ്പ്പെട്ട് പ്രവര്‍ത്തിക്കണം'; ശതാബ്ദി സമ്മേളനത്തില്‍ സുന്നി ഐക്യത്തിന് ആഹ്വാനവുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍; സമസ്ത വിളിച്ചപ്പോള്‍ സമുദായം കാസര്‍ഗോഡ് വന്നു; സമസ്ത ഒരു സ്ഥലത്ത് പോകേണ്ടെന്ന് പറഞ്ഞാല്‍ സമുദായം പോകുകയും ഇല്ലെന്നും മുത്തുക്കോയ തങ്ങള്‍
'സമസ്ത വിട്ടുപോയവര്‍ തിരിച്ച് വരണം, പോഷക സംഘടനകള്‍ കീഴ്പ്പെട്ട് പ്രവര്‍ത്തിക്കണം
മലപ്പുറം: കേരളത്തിലെ സുന്നികളുടെ ഐക്യത്തിന് ആഹ്വാനം ചെയ്ത് സമസ്ത ശതാബ്ധി സമ്മേളനം. സയിദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് സുന്നികള്‍ ഐക്യപ്പെടണമെന്ന് ആഹ്വാനം ചെയ്തത്. സമസ്ത വിട്ടുപോയവര്‍ തിരിച്ച് വരണമെന്ന് ജിഫ്രി തങ്ങള്‍. സമസ്തയില്‍ നിന്ന് വിട്ടുപോയ സുന്നി സംഘടനകള്‍ മാതൃസംഘടനയിലേക്ക് തിരിച്ചു വരണം.
സമസ്തയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വ്യക്തികളും പ്രശ്‌നം പരിഹരിച്ച് തിരിച്ച് വരണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. ലോകത്ത് മുസ്ലിം സമുദായത്തിന് നേരെ അതിക്രമം ഉണ്ടാകുന്നുണ്ട്. അത് രാജ്യത്തും കുറവലല്ലെന്നും ഇസ്ലാമിന് നേരെ പലരും കുതിര കേറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'സമസ്തയുടെ വലിപ്പം മനസിലാക്കുന്നതാണ് ശതാബ്ദി സമ്മേളനം. പോഷക സംഘടനകള്‍ സമസ്തയ്ക്ക് കീഴ്പ്പെട്ട് പ്രവര്‍ത്തിക്കണം. സമസ്തയുടെ പ്രവര്‍ത്തനം ഔദ്യോഗികമായി അന്തര്‍ദേശീയ തലത്തിലാക്കണം. മുസ്ലിം സമുദായത്തിന്റെ വിശ്വാസപരമായ കാര്യങ്ങള്‍ സമസ്തയാണ് നിയന്ത്രിക്കുന്നത്. സമസ്ത വിളിച്ചപ്പോള്‍ സമുദായം കാസര്‍ഗോഡ് വന്നു. സമസ്ത ഒരു സ്ഥലത്ത് പോകേണ്ടെന്ന് പറഞ്ഞാല്‍ സമുദായം പോകുകയും ഇല്ല. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ സമസ്ത നടത്തും', ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
100 വര്‍ഷം കൊണ്ട് സമസ്ത അടയാളപ്പെടുത്തിയത് മുസ്ലിം സമുദായത്തിന്റെ നവോധാന ചരിത്രത്തിന്റെ പ്രധാനഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. സമസ്ത ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുത്തു. വര്‍ഗീയതയ്ക്ക് വര്‍ഗീയതയല്ല മറുപടി എന്ന സമസ്തയുടെ നിലപാടിന് ആനുകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ പ്രാധാന്യമുണ്ട്. രാജ്യത്ത് സാംസ്‌ക്കാരിക പാരമ്പര്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മതനിരപേക്ഷ സംഘടനകള്‍ക്കേ വര്‍ഗീയതയെ ചെറുക്കാനാവുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്ത ശതാബ്ദി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ രണ്ട് പെരുന്നാളുകള്‍ക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമസ്ത ആവശ്യപ്പട്ടിരുന്നു. സമ്മേളന പ്രമേയത്തിലൂടെയാണ് സമസ്ത ആവശ്യം ഉന്നയിച്ചത്. മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ഈദുല്‍ ഫിത്വര്‍( ചെറിയ പെരുന്നാള്‍) ഈദുല്‍ അദ്ഹ(ബലി പെരുന്നാള്‍) എന്നിവയുമായി ബന്ധപ്പെട്ട് നിലവില്‍ നല്‍കിവരുന്ന അവധി ദിനങ്ങള്‍ അപര്യാപ്തമാണ്.
കുടുംബബന്ധങ്ങള്‍ പുതുക്കുന്നതിനും മതപരമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതിനും ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും നിലവിലെ ഒന്നോ രണ്ടോ ദിവസത്തെ അവധി ഒട്ടും സഹായകരമല്ല. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ആഗോളതലത്തില്‍ ഈദ് ആഘോഷങ്ങള്‍ക്കായി ദീര്‍ഘമായ അവധി നല്‍കുന്ന മാതൃക പരിഗണിച്ച്, കേരളത്തിലും രണ്ട് പെരുന്നാളുകള്‍ക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ചന്ദ്രദര്‍ശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം പെരുന്നാള്‍ അവധി പലപ്പോഴും കൃത്യമായി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ പെരുന്നാളിന് മുമ്പും ശേഷവുമുള്ള ദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അവധി കലണ്ടര്‍ പരിഷ്‌കരിക്കണം'- സമസ്ത ആവശ്യപ്പെട്ടു.
ജുമുഅ നമസ്‌കാരത്തിന് തടസ്സമാകാത്ത രീതിയില്‍ പരീക്ഷാ സമയം നിശ്ചയിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. ജുമുഅ സമയത്ത് പരീക്ഷയും ക്ലാസുകള്‍ നടത്തുന്നതും വിശ്വാസികളായ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടുമുള്ള അനീതിയാണ്. പൊതുവിദ്യാഭ്യാസ കലണ്ടറില്‍ സാമുദായിക സാഹചര്യങ്ങള്‍ പരിഗണിക്കണമെന്നും മദ്‌റസാ സമയ വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് നടപ്പില്‍ വരുത്തി ഉത്തരവിറക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.
