അനില്‍ അയിരൂര്‍ മലയാളം ടെലിവിഷന്‍ രംഗത്തെ രാജമൗലിയെന്ന് ലക്ഷ്മി പദ്മ; ബിഗ് ടിവി അനിലിന്റെ അടുത്ത ബിഗ് ബജറ്റ് പടം; തെലുങ്കാനയില്‍ നിന്നുള്ള പ്രൊഡ്യൂസറാണ് എത്തിയിരിക്കുന്നത്; ആ ചിത്രത്തില്‍ എന്റെ പെര്‍ഫോമന്‍സ് മാസ്സും ക്ലാസും ചേര്‍ന്നതായിരിക്കുമെന്ന് സുജയ പാര്‍വതിയും; ബിഗ് ടിവി ലോഗോ ലോഞ്ചിലെ കാഴ്ച്ചകള്‍

അനില്‍ അയിരൂര്‍ മലയാളം ടെലിവിഷന്‍ രംഗത്തെ രാജമൗലിയെന്ന് ലക്ഷ്മി പദ്മ

Update: 2026-02-08 17:10 GMT

കൊച്ചി: അനില്‍ അയിരൂര്‍ എന്ന മലയാളം മാധ്യമ രംഗത്തെ അതികായന്റെ മറ്റൊരു സ്വപ്‌നമാണ് ബിഗ് ടിവി എന്ന മലയാളം വാര്‍ത്താ ചാനല്‍. മലയാളത്തില്‍ തൊട്ടതെല്ലാം പൊന്നാക്കിയ പാരമ്പര്യം അനില്‍ അയിരൂരിനുണ്ട്. ഫ്‌ളവേഴ്‌സ് ചാനലും 24 ന്യൂസ് ചാനലും മുന്‍നിരയില്‍ എത്തിയപ്പോള്‍ അനിലിന്റെ പങ്ക് ആരും മറന്നില്ല. പിന്നീട് റിപ്പോര്‍ട്ടര്‍ ടിവി റീ ലോഞ്ച് ചെയ്തപ്പോഴും അനിലിന്റെ സാന്നിധ്യമുണ്ടായിരുന്നു. അവിടെ നിന്നും സീ കേരളയിലേക്ക് പോയതിന് ശേഷമാണ് ഇപ്പോള്‍ ബിഗ് ടിവിയുടെ അമരക്കാരനായി അനില്‍ എത്തിയത്.

ബിഗ് ടിവിയിലേക്ക് സുജയ പാര്‍വ്വതി അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത് അനില്‍ അയിരൂരിനെ കണ്ടാണ്. ഇക്കാര്യം തന്നെയാണ് ബിഗ് ടിവിയുടെ ലോഗോ ലോഞ്ച് ചടങ്ങിലും പ്രതിഫലിച്ചത്. അനില്‍ അയിരൂരായിരുന്നു ലോഗോ ലോഞ്ചിലെ താരം. അനിലിനെ പുകഴ്ത്തി കൊണ്ടാണ് പലരും സംസാരിച്ചതും. മലയാളം ടെലിവിഷന്‍ രംഗത്തെ രാജമൗലിയാണ് അനില്‍ അയിരൂര്‍ എന്നാണ് ലക്ഷ്മി പദ്മ പറഞ്ഞത്. ഇതിന്റെ ചുവടു പിടിച്ചാണ് സുജയ പാര്‍വ്വതിയും സംസാരിച്ചത്.

വാര്‍ത്തക്ക് ഒരു പാറ്റേണ്‍ തുടരണം എന്നാഗ്രഹമുള്ള ആളല്ല താനെന്ന് സുജയ പാര്‍വ്വതി പറഞ്ഞു. എല്ലാ ദിവസവും എന്നെ സ്വയം പുതുക്കണം എന്നു കരുതുന്ന ആളാണ്. അതുകൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും 24ലേക്ക് വന്നപ്പോള്‍ അനില്‍ അയിരൂര്‍ എന്നു പറഞ്ഞത് അനുസരിച്ചു മുന്നോട്ടു പോയത്. ന്യൂസ് ചാനലുകളിലെ രാജമൗലിയായ അനില്‍ ആവശ്യപ്പെട്ടതു പോലെ ആ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ എന്റെ റോള്‍ നിര്‍വഹിക്കുകയാണ് ഉണ്ടായത്. അതുപോലെ ബിഗ് ടിവി അനില്‍ എന്ന രാജമൗലിയുടെ മറ്റൊരു ബിഗ് ബജറ്റ് പടമാണ്. തെലുങ്കാനയില്‍ നിന്നുള്ള പ്രൊഡ്യൂസറാണ് ഇക്കുറി എത്തിയിരിക്കുന്നത്. അതുകൊണ്ട് ആ ചിത്രത്തില്‍ എന്റെ പെര്‍ഫോമന്‍സ് മാസ്സും ക്ലാസും ചേര്‍ന്നതായിരിക്കും- സുജയ വ്യക്തമാക്കി.

മലയാളം വാര്‍ത്താ ചാനല്‍ രംഗത്ത് ഏറ്റവും അധികം ശമ്പളം നല്‍കുന്ന ചാനലായി ബിഗ് ടിവി മാറുന്നു എന്ന കാര്യവും അനില്‍ സൂചിപ്പിച്ചു. മറ്റു ചാനലുകളുമായി മത്സരമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് മാധ്യമമായാലും കൂടുതല്‍ വരുന്നത് നല്ലതാണ്. ഒരു പ്രശ്‌നത്തെ കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് നല്ലതാണ്. ഞങ്ങള്‍ വരുന്നതും നല്ലതാണ്. അത് സമൂഹത്തിന് നല്ലതാണെന്നും അനില്‍ പറഞ്ഞു. പത്ത് ചാനലില്‍ വാര്‍ത്ത കൊടുത്തിട്ടും അത് തികയുന്നില്ല. ദൂരദര്‍ശനില്‍ നിന്നുമാണ് തുടങ്ങിയത്. കൂടാതെ സോഷ്യല്‍ മീഡിയയും പത്രങ്ങളുമുണ്ട്. എന്നാല്‍ ഏതെങ്കിലും മാധ്യമങ്ങള്‍ പൂട്ടിപ്പോയിട്ടുണ്ടോ. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മാറ്റി നിന്നാല്‍ മാധ്യമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിഗ് ടിവി ബിഗ് സാലറി കൊടുക്കുന്ന ചാനലാണോ എന്നാണ് ഒരു രാഷ്ട്രീയ നേതാവ് അടുത്തിടെ ചോദിച്ചത്. എന്നാല്‍, ഈ ഇന്‍ഡസ്ട്രിക്ക് കൊടുക്കാവുന്ന ശമ്പളമാണ് ഞങ്ങള്‍ കൊടുക്കുന്നതെന്നും അനില്‍ പ്രതികരിച്ചു. നല്ല സാലറി കൊടുക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് കൊടുക്കാന്‍ കഴിയുന്നതാണ്. ഞങ്ങള്‍ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റു സ്ഥാപനങ്ങള്‍ സ്റ്റാഫുകള്‍ക്ക് സാലറി കൂട്ടി കൊടുത്തിട്ടുണ്ട്. പത്ത് സ്ഥാപനങ്ങളില്‍ കൂടി. മറ്റ് സ്ഥാപനങ്ങള്‍ക്കും ശമ്പളം കൂട്ടാന്‍ ഞങ്ങള്‍ കാരണമായെങ്കില്‍ അത് നല്ലതല്ലെയെന്നും അദ്ദേഹം ചോദിച്ചു.

മലയാളത്തിലെ പുതിയ വാര്‍ത്താ ചാനലായ ബിഗ് ടിവി ഈമാസം തന്നെ സംപ്രേക്ഷണം തുടങ്ങും. അനില്‍ അയിരൂര്‍ നയിക്കുന്ന, സുജയ പാര്‍വ്വതി നേതൃത്വം നല്‍കുന്ന ചാനലാണ് ലോഞ്ചിന് തയ്യാറെടുക്കുന്നത്. ചാനലിന്റെ ലോഗോ പ്രകാശനം ഇന്ന് കൊച്ചി മരടിലെ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ വെച്ചാണ് നടന്നത്.

റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും പടിയിറങ്ങിയ സുജയ പാര്‍വ്വതിയെ ചീഫ് എഡിറ്ററാക്കി നിയമിച്ചാണ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. സുജയ തന്നെയാകും ചാനലിന്റെ ഐക്കണ്‍ എന്ന് വ്യക്തമാക്കുന്നതാണ് ചാനല്‍ ലോഗോ ലോഞ്ചിലും നിഴലിച്ച കാര്യം. സുജയ ചീഫ് എഡിറ്ററായുള്ള പുതിയ പ്രമോയും പുറത്തുവിട്ടിട്ടുണ്ട്. 'രണ്ട് പതിറ്റാണ്ട് നിന്ന മാധ്യമപ്രവര്‍ത്തനം എനിക്കെന്ത് കിട്ടും എന്ന് വിചാരിച്ചല്ലായിരുന്നു.. ആരെന്ന് അറിയാത്ത ആയിരങ്ങള്‍ക്ക് വേണ്ടായായിരുന്നു.. നിഷ്പക്ഷത എന്നാല്‍ മൗനമല്ല, അത് വാര്‍ത്തക്ക് പിന്നിലെ കരുത്താണ് ,ഐ ആം സുജയ പാര്‍വ്വതി, ചീഫ് എഡിറ്റര്‍ ബിഗ് ടിവി എന്നാണ് പ്രോമോയില്‍ വ്യക്തമാക്കുന്നത്.

ബിഗ് ടിവി ചാനല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് റെഡ്ഡി വെന്നം, അനില്‍ അയിരൂരും, എഡിറ്റോറിയല്‍ ടീം അംഗങ്ങളും ചേര്‍ന്നാണ് ചാനല്‍ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്. ബിഗ് ടിവിയുടെ തെലുങ്ക് വാര്‍ത്താ ചാനല്‍ തുടങ്ങിയത് 2020ലാണ്. ഇതിന് ശേഷം കര്‍ണാടകത്തിലും ചാനല്‍ തുടങ്ങും. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനാണ് ലക്ഷ്യമെന്ന് വിജയ് റെഡ്ഡി പറഞ്ഞു.

ഈമാസം സാറ്റലൈറ്റായി സംപ്രേക്ഷണം തുടങ്ങുന്നചാനല്‍ കുറച്ചുകാലം ഹൈദരബാദില്‍ നിന്ന് ആയിരിക്കും ചാനലിന്റെ വാര്‍ത്താ സംപ്രേഷണം. എറണാകുളം, മരടില്‍ വാടകക്കെടുത്തിരിക്കുന്ന ഓഫീസില്‍ ന്യൂസ് ഡസ്‌കിന്റെയും സ്റ്റുഡിയോ സംവിധാനങ്ങളുടെയും പണി തീരാത്തത് കൊണ്ടാണ് ആദ്യ ഘട്ടത്തില്‍ വാര്‍ത്താ സംപ്രേഷണവും ന്യൂസ് ഡസ്‌കും ഹൈദരാബാദില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചത്.

വിവിധ മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് ചാനലിലേക്ക് വന്നവരെയെല്ലാം കൂട്ടിയോജിപ്പിക്കുന്ന പരിശ്രമങ്ങളെല്ലാം നടന്നുകഴിഞ്ഞു. ബിഗ് ടിവി കേരളത്തിന്റെ ഫൌണ്ടിങ്ങ് ഡയറക്ടര്‍ അനില്‍ അയിരൂരിന്റെ നേതൃത്വത്തില്‍ കൃത്യമായ പ്ലാനോടെയാണ് ചാനല്‍ മുന്നോട്ടു പോകുന്നത്. റിപോര്‍ട്ടര്‍ ടിവി റീലോഞ്ച് ചെയ്ത ഘട്ടത്തിലും അടക്കം നിര്‍ണായക റോള്‍ അനില്‍ അയിരൂരിന് ഉണ്ടായിരുന്നു.

അനില്‍ അയിരൂരിന്റെ നേതൃത്വത്തില്‍ ചീഫ്എഡിറ്ററായി സുജയ പാര്‍വതിയും ന്യൂസ് ഡയറക്ടറായി വേണു ബാലകൃഷ്ണനും ആയിരിക്കും ബിഗ് ടിവിയെ നയിക്കുക. എക്സിക്യൂട്ടീവ് എഡിറ്റര്‍ എസ്.വിജയകുമാര്‍, അസോസിയേറ്റ് എഡിറ്റര്‍ ജോഷി കുര്യന്‍, സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍മാരായ ലക്ഷ്മി പദ്മ, അപര്‍ണ കുറുപ്പ് എന്നിവരും സുജയ പാര്‍വതിക്കും വേണു ബാലകൃഷ്ണനും ഒപ്പം എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടാകും.

അസോസിയേറ്റ് എഡിറ്റര്‍ പദവിക്കൊപ്പം ഇന്‍പുട് ഡസ്‌കിന്റെ ചുമതല കൂടി വഹിക്കുന്ന ജോഷി കുര്യനായിരിക്കും ബ്യൂറോകളുടെ ചുമതല എന്നാണ ്റിപ്പോര്‍ട്ടുകള്‍. മാതൃഭൂമി ന്യൂസില്‍ നിന്ന് എത്തിയ ജി.പ്രസാദ് കുമാറാണ് ബിഗ് ടിവിയുടെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി. മറ്റു ചാനലുകളില്‍ നിന്നും കൂടുതല്‍ പേര്‍ ബിഗ് ടിവിയിലേക്ക് എത്തുന്നുണ്ട്.

Tags:    

Similar News