ഷാവോലിൻ മഠത്തിൽ പുതിയ 'ശിഷ്യന്മാർ'; സന്യാസികൾക്കൊപ്പം കട്ടയ്ക്ക് നിന്ന് കുങ്ഫു പയറ്റി റോബോട്ടുകൾ; കാണുന്നവരുടെ കണ്ണുതള്ളുന്ന വേഗതയും കൃത്യതയും; വൈറലായി ഹ്യൂമനോയിഡ് റോബോട്ടുകളുടെ അഭ്യാസപ്രകടനം

Update: 2026-02-08 15:49 GMT

ഹെനാൻ: ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള വിശ്വപ്രസിദ്ധമായ ഷാവോലിൻ ക്ഷേത്രത്തിൽ നിന്നും കൗതുകകരവുമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആയോധന കലയുടെ ഈ പുണ്യഭൂമിയിലേക്ക് പുതിയൊരു 'ശിഷ്യസംഘം' എത്തിയിരിക്കുന്നു, അത് മറ്റൊന്നുമല്ല മനുഷ്യരൂപത്തിലുള്ള ഹ്യൂമനോയിഡ് റോബോട്ടുകളാണ്. ഷാവോലിൻ സന്യാസികൾക്കൊപ്പം ഈ റോബോട്ടുകൾ കുങ്ഫു പരിശീലിക്കുന്ന ദൃശ്യങ്ങൾ ലോകമെങ്ങും ശ്രദ്ധയാകർഷിക്കുകയാണെന്ന് സിജിടിഎൻ റിപ്പോർട്ട് ചെയ്യുന്നു.

പുരാതന പാരമ്പര്യവും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഈ അപൂർവ്വ നിമിഷങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. സന്യാസികൾക്കൊപ്പം കൃത്യതയോടെ ചുവടുകൾ വെക്കുന്ന റോബോട്ടുകളെ കണ്ട് പലരും അത്ഭുതപ്പെടുമ്പോൾ, ചിലർ ഇതിനെ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. റോബോട്ടിക്സ് മേഖലയിലെ അവിശ്വസനീയമായ മുന്നേറ്റമായി ഒരു വിഭാഗം ഇതിനെ പുകഴ്ത്തുമ്പോൾ, ഇത്തരം സാങ്കേതികവിദ്യകൾ ഭാവിയിൽ മനുഷ്യജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് മറ്റുചിലർ.

സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യങ്ങളിൽ, ഷാവോലിൻ സന്യാസികൾക്കൊപ്പം ഒരേ താളത്തിൽ ചുവടുകൾ വെക്കുന്ന ഹ്യൂമനോയിഡ് റോബോട്ടുകളെ കാണാം. സന്യാസിമാർ ചെയ്യുന്ന ആയോധനകലയിലെ ആസനങ്ങളും (postures) കഠിനമായ പരിശീലന രീതികളും ഓരോ കുങ്ഫു മുറകളും ഈ റോബോട്ടുകൾ അതേപടി അനുകരിക്കുന്നു. ഒരു ഗുരുവിൽ നിന്ന് ശിഷ്യൻ വിദ്യ അഭ്യസിക്കുന്നതുപോലെ, ഓരോ ചലനവും അതിസൂക്ഷ്മമായി പകർത്തിയെടുക്കാൻ ഈ യന്ത്രമനുഷ്യർക്ക് സാധിക്കുന്നുണ്ട്.

നൂറ്റാണ്ടുകളായുള്ള കഠിനമായ അച്ചടക്കത്തിലൂടെയും ആത്മീയ സാധനയിലൂടെയും മനുഷ്യർ കൈമാറി വന്ന വിദ്യകൾ യന്ത്രങ്ങൾ ചെയ്യുന്നത് പലരെയും ഞെട്ടിച്ചിരിക്കുകയാണ്. "ഷാവോലിൻ കുങ്ഫു മുറകൾ അതീവ ദുഷ്കരമാണെന്നാണ് ഞാൻ കരുതിയിരുന്നത്, എന്നാൽ ഈ റോബോട്ടുകൾ അത് അനായാസം അനുകരിക്കുന്നു. ഇത് ശരിക്കും അത്ഭുതകരമാണ്," എന്നാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചത്. "മഹത്തായ കണ്ടുപിടുത്തം" എന്നാണ് മറ്റൊരാൾ ഇതിനെ വിശേഷിപ്പിച്ചത്.

Tags:    

Similar News