പി വിജയനെ സസ്‌പെന്റ് ചെയ്തു; പുണ്യം പൂങ്കാവനം നിര്‍ത്തലാക്കിയതും സേനയില്‍ വിവാദമായി; അജിത് കുമാര്‍ പദവി ഒഴിയുന്നത് വിവാദങ്ങള്‍ ഏറെയുണ്ടാക്കി; പോലീസിന്റെ പേരുദോഷം മാറ്റാന്‍ മനോജ് എബ്രഹാമിനാകുമോ? 'ക്രമസമാധാനത്തിന്' ഇനി കൂടുതല്‍ കരുത്ത്

മലപ്പുറത്തെ സ്വര്‍ണം പൊട്ടിക്കലിലും കോഴിക്കോട് മാമി തിരോധാനക്കേസിലുമൊക്കെ പി.വി. അന്‍വര്‍ അജിത് കുമാറിനെതിരേ ആരോപണമുന്നയിച്ചു

Update: 2024-10-07 02:45 GMT

തിരുവനന്തപുരം: പൊലീസ് മേധാവിയുണ്ടെങ്കിലും സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ ദൈനംദിന ഭരണം നടത്തുന്നത് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയാണ്. അതുകൊണ്ടു തന്നെ ഈ പദവി പോലീസിലെ 'സൂപ്പര്‍ ഡിജിപി'യ്ക്ക് സമാനമാണ്. എംആര്‍ അജിത് കുമാറിനെ മാറ്റുമ്പോള്‍ ഈ പദവി വേണ്ടെന്ന് വയ്ക്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ അത് പലവിധ വ്യാഖ്യാനങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് മനോജ് എബ്രഹാമിന് പദവി നല്‍കുന്നത്. ഇന്റലിജന്‍സിന്റെ ചുമതലയും മനോജ് എബ്രഹാമിനുണ്ട്. ഈ ഉത്തരവാദിത്തവും തല്‍കാലം മാറ്റില്ല. ഇതോടെ പോലീസില്‍ 'ക്രമസമാധാനത്തിന്' കൂടുതല്‍ കരുത്ത് വരും.

നേരത്തേ ഉത്തര മേഖലയും ദക്ഷിണ മേഖലയുമായി 2 എഡിജിപിമാരായിരുന്നു സംസ്ഥാനത്തെ ക്രമസമാധാനച്ചുമതല വഹിച്ചിരുന്നത്. ഇതിന് പകരമാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ പോലീസ് ആസ്ഥാനത്ത് നിയോഗിച്ചത്. പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായതോടെ ഈ പദവിയില്‍ എംആര്‍ അജിത് കുമാര്‍ എത്തി. അതിവേഗം മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അജിത് കുമാര്‍ മാറി. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെയാണ് അന്നു വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന എം.ആര്‍.അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം പാലക്കാട്ടെ വിജിലന്‍സ് സംഘം സ്വപ്നയുടെ സുഹൃത്ത് പി.എസ്.സരിത്തിനെ തട്ടിക്കൊണ്ടുപോകുകയും മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചെടുക്കുകയും ചെയ്തു. ഇത് അജിത് കുമാറിന് ക്ഷീണമായി.

അന്ന് അജിത്കുമാറിനെ എഡിജിപി പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എന്ന അപ്രധാന തസ്തികയിലേക്കു മാറ്റി. സംഭവത്തില്‍ അന്വേഷണമൊക്കെ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. മുഖ്യമന്ത്രിക്കെതിരേ ആരോപണം ഉന്നയിച്ചിരുന്ന സ്വപ്നാ സുരേഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഷാജ് കിരണിനെ അജിത് കുമാര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടുവെന്ന വിവരം പുറത്തുവന്നതാണ് വിനയായത്. ഏതാനും മാസങ്ങള്‍ക്കുശേഷം അജിത് കുമാര്‍ സായുധ ബറ്റാലിയന്‍ മേധാവിയായി തിരികെയെത്തി. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി.യായിരുന്ന വിജയ് സാഖറെ കേന്ദ്രഡെപ്യൂട്ടേഷനില്‍ പോയതോടെയാണ് അജിത് കുമാര്‍ ആ ചുമതലയിലെത്തിയത്.

ഇതിനിടെ ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബുമായി അജിത് കുമാര്‍ തെറ്റി. ഡിജിപിക്കെതിരെ സ്വത്ത് കേസ് വലിയ രീതിയില്‍ ചര്‍ച്ചയായത് പോലീസിലെ കലഹം കൂട്ടി. കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിച്ച് ഡിജിപി വിവാദത്തില്‍ നിന്നും തലയൂരി. ഇതിന് പിന്നാലെ പോലീസ് ആസ്ഥാനത്തെ എഡിജിപി ഭരണ നിര്‍വ്വഹണ കസേരയില്‍ എസ് ശ്രീജിത്തും എത്തി. ഇതിനിടെ ഷെയ്ഖ് ദര്‍വേശ് സാഹിബിന് ഒരു കൊല്ലം കാലാവധി നീട്ടിും കിട്ടി. ഇതോടെ അജിത് കുമാറിന് കഷ്ടകാലം തുടങ്ങി. പോലീസ് മേധാവി എടുക്കേണ്ട തീരുമാനങ്ങളില്‍ ചിലതെങ്കിലും എ.ഡി.ജി.പി. കൈക്കൊള്ളുന്നുവെന്നത് പോലീസിനുള്ളില്‍ ചര്‍ച്ചയായിരുന്നു. നിലവിലുള്ള ഇന്റലിജന്‍സ് സംവിധാനത്തിന് പുറമേ ജില്ലകളില്‍നിന്ന് തനിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതും വിവാദമായി.

ശബരിമലയില്‍ കഴിഞ്ഞ മണ്ഡലകാലത്ത് ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളിലും അജിത് കുമാറിനുനേരേ ആരോപണമുയര്‍ന്നു. ഇതിനിടെ ഒരു വര്‍ഷം കൂടി കാലാവധി നീട്ടിക്കിട്ടിയതോടെ പോലീസില്‍ പിടിമുറുക്കാന്‍ ഡിജിപി തുടങ്ങി. എഡിജിപിയെ ശാസിച്ച് മെമ്മോ നല്‍കാനും അതു സര്‍വീസ് രേഖകളില്‍ ഉള്‍പ്പെടുത്താനും പോലും ഡിജിപി മടിച്ചില്ല. അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ ഡിജിപിക്ക് ഊര്‍ജ്ജമായി. അങ്ങനെ തൃശൂര്‍ പൂര വിവാദവും ആര്‍ എസ് എസ് നേതാക്കളുടെ കൂടിക്കാഴ്ചയും ചര്‍ച്ചകളില്‍ നിറച്ച് അജിത് കുമാറിന് ക്രമസമാധാനം നഷ്ടമാക്കി. തീവ്രവാദ വിരുദ്ധ സേനയെ നയിച്ചിരുന്ന പി വിജയനെ സസ്‌പെന്റ് ചെയ്തതും അജിത് കുമാറിന്റെ ഇടപെടലായിരുന്നു. പി വിജയന്റെ ആ സസ്‌പെന്‍ഷനും അജിത് കുമാറിന് സേനയില്‍ ശത്രുക്കളെ കൂട്ടിയെന്നതാണ് വസ്തുത. ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയെ തകര്‍ത്തതും അജിത കുമാറാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

മലപ്പുറത്തെ സ്വര്‍ണം പൊട്ടിക്കലിലും കോഴിക്കോട് മാമി തിരോധാനക്കേസിലുമൊക്കെ പി.വി. അന്‍വര്‍ അജിത് കുമാറിനെതിരേ ആരോപണമുന്നയിച്ചു. തൃശ്ശൂര്‍പ്പൂരം അലങ്കോലമായ സംഭവത്തിലും അജിത് കുമാര്‍ സംശയത്തിന്റെ നിഴലിലായി. ആര്‍.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ്, വത്സന്‍ തില്ലങ്കേരി തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയും വിവാദങ്ങള്‍ക്ക് തീപിടിപ്പിച്ചു. അങ്ങനെ അജിത് കുമാറിന് അധികാര നഷ്ടം ഉണ്ടാവുകയാണ്. പകരമെത്തുന്ന ക്രമസമാധാന ചുമതലയുള്ള മനോജ് എബ്രഹാമിന് എല്ലാവരേയും ചേര്‍ത്ത് കൊണ്ടു പോകേണ്ട വലിയ ഉത്തരവാദിത്തമാണ് മുന്നിലുളളത്.

Tags:    

Similar News