ഇത് എന്റെ സ്നേഹമോള്‍...; പത്രത്തില്‍ കൊടുക്കേണ്ട ഫോട്ടോ ഇതായിരിക്കണം; ഫ്ലക്സ് വെക്കുകയാണങ്കില്‍ ഈ ഫോട്ടോ തന്നെ വേണം; പുതിയ സെറ്റ് ഉടുപ്പിക്കണം.. ചുറ്റും റോസാ പൂക്കള്‍ വേണം; ഈ കുറിപ്പ് കണ്ണീരണിയാതെ വായിക്കാന്‍ സാധിക്കില്ല!
'ഇനി ചെയ്തു തീര്‍ക്കുവാന്‍ നിന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ മാത്രം' എന്ന് പറഞ്ഞാണ് ഷാജി മാത്തന്‍ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
പത്തനംതിട്ട: അര്‍ബുദത്തെ പുഞ്ചിരിയോടെ സധൈര്യം നേരിട്ട് ഒടുവില്‍ അകാലത്തില്‍ പൊലിഞ്ഞ 26കാരിയെ കുറിച്ചുള്ള കരളലിയിപ്പിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. രണ്ട് തവണ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടും സ്നേഹ അന്ന ജോസ് എന്ന 26കാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ഇനി തിരിച്ചു വരില്ലെന്ന് ഉറപ്പായതോടെ സ്നേഹ അറിയിച്ച അവസാന ആഗ്രഹങ്ങളെ കുറിച്ചുള്ള ബന്ധു ഷാജി കെ മാത്തന്റെ കുറിപ്പ് കണ്ണീരോടെ മാത്രമേ വായിച്ചുതീര്‍ക്കാനാവൂ.
മനുഷ്യര്‍ എപ്പോഴും വിധിയില്‍ വിശ്വാസിക്കുന്നവരാണ്. എല്ലാവരുടെയും ജീവിതത്തില്‍ പല വിധ സംഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പക്ഷെ നമുക്ക് വിധിച്ച വിധിയില്‍ നിന്നും ഓടി ഒളിക്കാന്‍ സാധിക്കില്ല. അതുപ്പോലെയാണ് പത്തനംതിട്ടയില്‍ നടന്ന സംഭവം എല്ലാവരുടെയും കണ്ണ് നിറയ്ക്കുന്നത്. അതുകൊണ്ട് തന്നെ ക്യാന്‍സര്‍ ബാധിച്ച് അകാലത്തില്‍ മരിച്ച സ്‌നേഹ അന്ന ജോസിന്റെ അവസാന വാക്കുകള്‍ വലിയ നൊമ്പരമാണ് ഉണ്ടാക്കുന്നത്.
എഞ്ചിനിയറിംഗ് പഠനം അവസാന വര്‍ഷമെത്തിയപ്പോഴാണ് സ്നേഹയുടെ അസുഖം തിരിച്ചറിഞ്ഞത്. പിടികൂടിയ അസുഖം ചെറുതല്ലെന്നറിഞ്ഞിട്ടും പുഞ്ചിരിയോടെ നേരിട്ട സ്നേഹ, പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി. വസ്തു വിറ്റോ കടം വാങ്ങിയോ തന്നെ ചികിത്സിക്കാന്‍ അവള്‍ വീട്ടുകാരോട് പറഞ്ഞു. ജോലി കിട്ടുമ്പോള്‍ വീട്ടാമെന്ന ആത്മവിശ്വാസം സ്നേഹയ്ക്കുണ്ടായിരുന്നു. മജ്ജ മാറ്റിവെയ്ക്കലിന് ശേഷം ജീവിതം വീണ്ടും പഴയ പോലെയായി. ആഗ്രഹിച്ച ജോലി കിട്ടി. പക്ഷേ രണ്ടര വര്‍ഷത്തിനിപ്പുറം അതേ അസുഖം വീണ്ടും സ്നേഹയെ തേടി വന്നു. രണ്ടാമതും മജ്ജ മാറ്റിവച്ചെങ്കിലും എല്ലാ പ്രാര്‍ത്ഥനകളും വിഫലമാക്കി സ്നേഹ യാത്രയായി.
ഇനിയില്ലെന്ന് തിരിച്ചറിഞ്ഞ അവസാന കാലത്ത്, മരിച്ചാല്‍ പത്രത്തില്‍ കൊടുക്കേണ്ട ഫോട്ടോയും ഫ്ലക്സ് വെക്കുകയാണങ്കില്‍ കൊടുക്കേണ്ട ഫോട്ടോയുമെല്ലാം സ്നേഹ പറഞ്ഞുവെച്ചു. പുതിയ സെറ്റ് ഉടുപ്പിക്കണമെന്നും ചുറ്റും റോസാ പൂക്കള്‍ വേണമെന്നും അവള്‍ ആവശ്യപ്പെട്ടു. 'ഇനി ചെയ്തു തീര്‍ക്കുവാന്‍ നിന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ മാത്രം' എന്ന് പറഞ്ഞാണ് ഷാജി മാത്തന്‍ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ഈ ഫോട്ടോ വേണം പത്രത്തില്‍ കൊടുക്കുവാന്‍...
ഇത് എന്റെ സ്നേഹമോള്‍..
എന്റെ സഹോദരി ഷീജയുടെ
ഒരേയൊരു മകള്‍..
സ്നേഹയെന്ന പേരു തിരഞ്ഞെടുത്തത് ഞാനായിരുന്നു.
പേരുപോലെ തന്നെ സ്നേഹവും, അച്ചടക്കവും, വിനയവുമുള്ളവള്‍.
പത്താംതരം വരെ പഠനത്തില്‍ മെല്ലെപ്പോക്ക്.
പിന്നീടവള്‍ സ്വപ്നം കാണുവാന്‍ തുടങ്ങി..
11, 12 ല്‍ മികച്ച മാര്‍ക്കുകള്‍,
എഞ്ചിനിയറിങ്ങ് അവസാന വര്‍ഷമെത്തുമ്പോള്‍ അസുഖബാധിതയായിട്ടും 90% ലധികം മാര്‍ക്ക് .
അവളെ പിടികൂടിയ അസുഖം ചെറുതല്ല ന്നറിഞ്ഞിട്ടും അവള്‍ പുഞ്ചിരിച്ചു.
ഗൂഗിളില്‍ കയറി മരുന്നുകളും, ചികിത്സകളും മനസിലാക്കി അപ്പനോട് പറഞ്ഞു വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ ..
ജോലി കിട്ടുമ്പോള്‍ ഞാന്‍ വീട്ടാം.
അങ്ങനെ മജ്ജ മാറ്റിവെച്ചു...
ശേഷം അവള്‍ സ്വപ്നം കണ്ട ചെറിയ ജോലിയില്‍ കയറി .
ചെറുചിരികളുമായി സന്തോഷം പങ്കിട്ടു പോന്നപ്പോള്‍
രണ്ടര വര്‍ഷത്തിനു ശേഷം അവളെ തേടി വീണ്ടുമതെ അസുഖമെത്തി...
ചില ക്യാന്‍സറങ്ങനെയാണ്.
രണ്ടാമതും മജ്ജ മാറ്റിവെച്ചു..
അവള്‍ക്കായി എല്ലാ ചികിത്സകളും ചെയ്തു
ഇന്നിപ്പോള്‍ എല്ലാം വിഫലം..
ഇനിയും കുറച്ച് ആഗ്രഹങ്ങള്‍ ബാക്കിയുണ്ട്.
പത്രത്തില്‍ കൊടുക്കേണ്ടതായ ഫോട്ടോ ഇതായിരിക്കണം..
ഫ്ലക്സ് വെക്കുകയാണങ്കില്‍ ഈ ഫോട്ടോ തന്നെ വേണം..
പുതിയ സെറ്റ് ഉടുപ്പിക്കണം..
ചുറ്റും റോസാ പൂക്കള്‍ വേണം..
ഇനി ഞങ്ങള്‍ക്ക് ചെയ്തു തീര്‍ക്കുവാന്‍ നിന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ മാത്രം..
ധാരാളം മെസേജുകളും, വിളികളും വരുന്നതിനാല്‍
വ്യക്തമായ ഒരു പോസ്റ്റിടുകയാണ്...
ഫോണെടുക്കുവാന്‍ പലപ്പോഴും കഴിയാറില്ല...
ക്ഷമിക്കുക.