മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: പുനരധിവാസ പട്ടികയില്‍ നിരവധി ആള്‍ക്കാരുടെ പേരുവെട്ടി; പേരുകളില്‍ നൂറോളം ഇരട്ടിപ്പ്; പിഴവുള്ള കരട് പട്ടിക അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിഷേധം; ആരെയും ഒഴിവാക്കില്ലെന്നും വീഴ്ച പരിഹരിക്കുമെന്നും ജില്ലാ ഭരണകൂടം
പുനരധിവാസ പട്ടികയില്‍ നിരവധി ആള്‍ക്കാരുടെ പേരുവെട്ടി
കല്‍പ്പറ്റ: മുണ്ടക്കൈ -ചൂരല്‍മല ഉരുപൊട്ടല്‍ പുനരധിവാസ ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്തൃ കരട് പട്ടികയില്‍ പിഴവ് എന്ന് ആക്ഷേപം. അര്‍ഹരായ നിരവധി പേരെ ഒഴിവാക്കിയെന്നും പേരുകളില്‍ ഇരട്ടിപ്പ് എന്നും ആരോപിച്ച് ദുരന്തബാധിതരുടെ സമര സമിതി പ്രതിഷേധിച്ചു. ഒരു വാര്‍ഡില്‍ മാത്രം നിരവധി പേരുകള്‍ ഇരട്ടിച്ചുവെന്നും ആരോപണമുണ്ട്.
പട്ടിക അംഗീകരിക്കില്ലെന്നാണ് ദുരന്തബാധിതരുടെ നിലപാട്. അപാകത പരിഹരിക്കണമെന്നറിയിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസില്‍ ദുരന്തബാധിതര്‍ പ്രതിഷേധിച്ചു. മേപ്പാടി പഞ്ചായത്തിനെയോ എം.എല്‍.എ അടക്കം ജനപ്രതിനിധികളെയോ വിശ്വാസത്തിലെടുക്കാതെയാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു.
നേരത്തെ മേപ്പാടി പഞ്ചായത്ത് തയാറാക്കിയ പട്ടികയിലെ ആളുകളെ പോലും ഉള്‍പ്പെടുത്താതെ ദുരന്തബാധിതരായ നിരവധി പേരെ ഒഴിവാക്കിയാണ് പട്ടികയെന്ന് ഇവര്‍ പറയുന്നു. പഞ്ചായത്തിലെ കെട്ടിട നമ്പര്‍ പ്രകാരം 520 വീടുകളെയാണ് ദുരന്തം ബാധിച്ചത്, എന്നാല്‍ കരട് പട്ടികയില്‍ 388 കുടുംബങ്ങളാണ് ഉള്‍പ്പെട്ടത്. മാത്രമല്ല പല പേരുകളും ആവര്‍ത്തിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത്തരത്തിലെ 388 കുടുംബങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
388 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചതില്‍ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല.
മാനന്തവാടി സബ് കളക്ടര്‍ക്കായിരുന്നു പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്വം. റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംഘത്തിലുണ്ടായിരുന്നു. എന്നിട്ടും പിഴവുകള്‍ കടന്നുകൂടി. 10,11,12 വാര്‍ഡുകളിലായി നൂറിലധികം ഇരട്ടിപ്പുണ്ടായി. എന്നാല്‍ പട്ടികയിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും 30 ദിവസത്തിനകം കുറ്റമറ്റ രീതിയില്‍ അന്തിമ പട്ടിക പുറത്തിറക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അര്‍ഹരായ ഒരാളും പുറത്താവില്ലെന്നും ജില്ലാ കലക്ടര്‍ ഉറപ്പു നല്കി.
നവംബര്‍ 26ലെ ദുരന്ത നിവാരണ വകുപ്പിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം ഡി.ഡി.എം.എയുടെ അംഗീകാരത്തോടെയാണ് ഇത് തയാറാക്കിയത്. കരട് ലിസ്റ്റ് കലക്ടറേറ്റ്, മാനന്തവാടി ആര്.ഡി.ഒ ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസ്, മേപ്പാടി പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലും എല്‍.എസ്.ജി.ഡിയുടെ lsgkerala.gov.in, ജില്ല ഭരണകൂടത്തിന്റെ wayanad.gov.in വെബ്സൈറ്റിലും പരിശോധനക്ക് ലഭിക്കും.
പൊതുവിതരണ വകുപ്പ് ലഭ്യമാക്കിയ റേഷന്‍ കാര്‍ഡ് ജിയോ റഫറന്‍സ് പ്രാഥമിക വിവരമായി കണക്കാക്കി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഹരിതമിത്രം ആപ്, കെ.എസ്.ഇ.ബി എന്നിവയുടെ ഗുണഭോക്തൃ ജിയോ റഫറന്‍സ് വിവരങ്ങള്‍, റാപ്പിഡ് വിഷ്വല്‍ സ്ക്രീനിങ് വിവരങ്ങള്‍, സര്‍ക്കാര്‍ അനുവദിച്ച വീട്ടുവാടക കൈപ്പറ്റിയവരുടെ വിവരങ്ങള്‍, സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവരുടെ വിവരങ്ങള്‍, പാടികളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ തുടങ്ങിയവ കൂടി ഉപയോഗപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്.
പ്രസിദ്ധീകരിച്ച പട്ടികയിലെ വിശദാംശങ്ങള്‍ പരിശോധിക്കാല്‍ വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമ പഞ്ചായത്ത് ഓഫിസുകളില്‍ ഹെല്പ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്. കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ 2025 ജനുവരി 10ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ആക്ഷേപങ്ങള്‍ വൈത്തിരി താലൂക്ക് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫിസുകളിലും subcollectormndy@gmail.com എന്ന ഇ-മെയിലിലും സ്വീകരിക്കും. അപകടമേഖലയിലെ വാസയോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളില്‍ താമസിക്കുന്നവരെ പുനരധിവാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും.